ഇന്ത്യക്ക് കളിക്കാനുള്ള യോഗ്യത സഞ്ജുവിനില്ല എന്ന് നിശ്ചയിച്ചത് ആരാണ്?

കളിക്കളത്തിൽ എതിരാളികളോടും കളിക്കളത്തിന് പുറമെ പുറമെ മേലാളന്മാരുടെ കളികളോടും പൊരുതി കൊണ്ട് സഞ്ജു ഇവിടെത്തന്നെ കാണും.

Update: 2023-09-21 06:04 GMT
Advertising

ഏകദിനത്തിൽ 55 ശരാശരിയുള്ള തനിക്ക് മീതെ കൂടെ 24 മാത്രം ശരാശരിയുള്ള സൂര്യകുമാർ യാദവ് ആദ്യം ഏഷ്യാ കപ്പ് ടീമിലെക്കും പിന്നെ ലോകകപ്പ് ടീമിലേക്കും കയറിപ്പോകുന്നത് കണ്ടുനിന്ന സഞ്ജു സാംസണ് ഇപ്പോഴിതാ ഓസീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ കേവലം 13 ശരാശരിയുള്ള ഋതുരാജ് ഗെയ്ക്ക് വാദും(കേവലം രണ്ടു കളിയെ കളിച്ചിട്ടുള്ളൂ) തനിക്ക് മുകളിലൂടെ ഇന്ത്യൻ ടീമിലേക്ക് കയറിപോകുന്നത് കണ്ടു നിൽക്കേണ്ട അവസ്ഥയാണ്. അറ്റ് ലീസ്റ്റ് ഏഷ്യൻ ഗെയിംസ് സ്ക്വാഡിലെങ്കിലും ഇടം പിടിക്കാനുള്ള യോഗ്യത സഞ്ജുവിനില്ല എന്ന് നിശ്ചയിച്ചത് ആരാണെന്നാണ് ചോദ്യം?

കൃത്യമായും പ്ലാൻ ചെയ്ത ഒഴിവാക്കലുകളാണ് നടന്നതെന്നതിൽ തർക്കമില്ല.ജൂലൈയിൽ അനൗൺസ്‌ ചെയ്ത ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ നിന്നും മാറ്റി നിർത്തുമ്പോൾ സഞ്ജു ഇന്ത്യയുടെ ഏഷ്യാ കപ്പ്, ലോകകപ്പ് പ്ലാനുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന രീതിയിലൊരു അവ്യക്തമായ പ്രതീക്ഷയാണ് അയാൾക്കും ആരാധകർക്കും കിട്ടുന്നത്. ബട്ട്‌ ഏഷ്യാ കപ്പ് ടീമിൽ ഇടം കൊടുക്കാതെ ട്രാവലിങ് റിസർവ് ആയി കൊണ്ട് പോകുന്നു, കളിപ്പിക്കില്ല എന്നത് വ്യക്തമാണ് കാരണം പരിക്കെറ്റ കെ. എൽ രാഹുലിനെ വരെ ടീമിൽ എടുത്തിട്ടുണ്ട് . തുടർന്ന് ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോൾ അതിൽ നിന്നും ഒഴിവാക്കുന്നു. കൃത്യമായ കാൽക്കുലേഷനുകളാണ് സെലക്ടർമാർ നടത്തിയത്. 




ഇനിയൊരു പക്ഷേ,  സഞ്ജു ഏഷ്യൻ ഗെയിംസ് കളിച്ചു അവിടെ മികച്ച പ്രകടനങ്ങൾ നടത്തിയാൽ എന്ത് കൊണ്ടയാളെ ഏഷ്യാ കപ്പിലും ലോകകപ്പിലും എടുത്തില്ല എന്ന ചോദ്യത്തിന് ശക്തി കൂടും. ഇതേ കാരണം കൊണ്ട് തന്നെയാണ് ഓസീസിനെതിരെയുള്ള പരമ്പരയിലും സഞ്ജുവിനെ പരിഗണിക്കാതിരുന്നത് എന്നത് വ്യക്തമാണ്.മുന്നേയും ഇത്തരം കളികൾ നടന്നിട്ടുണ്ട്. ടി ട്വന്റി ലോകകപ്പ് അടുക്കുമ്പോൾ സഞ്ജുവിന് ഏകദിന ടീമിൽ അവസരം നൽകുന്നു, ഏകദിന ലോകകപ്പ് അടുക്കുമ്പോൾ ഐ പി എല്ലിൽ ഒരു ഔട്ട്‌ സ്റ്റാൻഡിങ് സീസൺ ഇല്ലാതെ പോലും നേരെ ടി ട്വന്റി ടീമിൽ കളിപ്പിക്കുന്നു.കൃത്യമായ റെക്കോർഡ് ഉള്ള ഫോർമാറ്റിൽ നിന്നും ദൂരെ നിർത്തുന്നു. ആർക്കും മനസ്സിലാകുന്നില്ല എന്നാണ് ഇവരുടെ ധാരണ.

ഓസീസിനെതിരെ ഏഷ്യൻ ഗെയിംസ് ടീമിന്റെ നായകൻ റുതുരാജ് ഇടം പിടിക്കുന്നു, കൂടെ തിലക് വർമയും. അതായത് ലോകകപ്പ് സ്ക്വാഡിന്റെ ഭാഗമല്ലാത്ത രണ്ടു ഇൻ എക്സ്പീരിയൻസ്ഡ് കളിക്കാർ ഈ പരമ്പരയിൽ ഇടം പിടിക്കുമ്പോൾ ഈ ഫോർമാറ്റിൽ അവരെക്കാൾ പരിചയ സമ്പന്നനായ സഞ്ജു മാറ്റി നിർത്തപ്പെടുന്നത് കൃത്യമായ അജണ്ടകളുടെ പുറത്താണ് എന്നതിൽ സംശയിക്കേണ്ട കാര്യമില്ല.

ടി ട്വന്റിയിൽ സൂര്യകുമാറിനെ വെല്ലുന്ന ഒരു ഇന്ത്യൻ ബാറ്റ്‌സ്മാനെ അയാൾക്ക് മുന്നേയും ശേഷവും കണ്ടിട്ടില്ല എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ബട്ട്‌ ഏകദിനം എന്ന ഫോർമാറ്റിൽ സൂര്യ ഒരു പരാജയം തന്നെയാണ്. എത്ര അവസരങ്ങൾ കൊടുത്തിട്ടും ഏകദിനത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാനോ ടീമിൽ ഉള്ളവർക്ക് ഒരു വെല്ലുവിളിയാകാനോ സൂര്യക്ക് സാധിച്ചിട്ടില്ല എന്നിരിക്കെ സൂര്യക്കും പന്തിനും ഒക്കെ കിട്ടിയ അവസരങ്ങളിൽ പകുതിയെങ്കിലും സഞ്ജു സാംസനെ പോലൊരു കളിക്കാരനു കിട്ടിയിരുന്നെങ്കിൽ അയാൾ എവിടെ എത്തുമായിരുന്നു എന്നതാണ് ചോദ്യം.വ്യക്തമായ ഉത്തരങ്ങളില്ല.സഞ്ജു ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിച്ചത് കൊണ്ട് മാത്രം ലോകകപ്പ് കളിക്കുമെന്നൊന്നും ആരും കരുതുന്നില്ല.ബട്ട്‌ ഹി ഡിസർവ്സ് ടു ബി ദേയർ.

ലോകകപ്പ്, ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ഓസീസ് പരമ്പര എന്നിങ്ങനെ വന്ന ഏകദിന ടീമുകളിൽ ഒന്നിന്റെയെങ്കിലും ഭാഗമായി രാജ്യത്തെ ഏറ്റവും മികച്ച 30/40 ഏകദിന കളിക്കാരിൽ ഉൾപ്പെടാനുള്ള അർഹത 55 ശരാശരിയും 104 സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജുവിനുണ്ട് എന്നതാണ് പ്രശ്നം. അങ്ങനെയല്ലെന്നു തീരുമാനിക്കാനുള്ള അവകാശം ഒരു ലോബിക്കുമില്ല.

അവഗണിക്കപ്പെടുന്നവന്റെ വേദന അവഗണിക്കപ്പെട്ടിട്ടുള്ളവർക്കേ മനസ്സിലാകൂ എന്നതെത്ര സത്യം.ഒരു കളിക്കാരന്റെ പീക് ടൈമിൽ അയാളുടെ കരിയറിനോട് ചെയ്യാവുന്നതിൽ വച്ചേറ്റവും ക്രൂരമായ അനീതിയും നേരിട്ട ശേഷവും it is what it is എന്ന് അംഗീകരിച്ചു കൊണ്ട് സഞ്ജു മുന്നോട്ട് പോകാൻ തീരുമാനിക്കുന്നത് വേദനയോടെ തന്നെയാണ്.കാരണം ഇത് ഇന്ത്യൻ ക്രിക്കറ്റാണ്, വേറെ മാർഗങ്ങളില്ല.നമ്മളെന്തായാലും സഞ്ജു സാംസണ് ഒപ്പമാണ്, കളിക്കളത്തിൽ എതിരാളികളോടും കളിക്കളത്തിന് പുറമെ പുറമെ മേലാളന്മാരുടെ കളികളോടും പൊരുതി കൊണ്ട് സഞ്ജു ഇവിടെത്തന്നെ കാണും.  

Tags:    

Writer - abs

contributor

Editor - abs

contributor

By - സംഗീത് ശേഖർ

സ്പോർട്സ് എഴുത്തുകാരൻ

സമൂഹമാധ്യമങ്ങളിൽ സ്പോർട്സ് കുറിപ്പുകൾ കൊണ്ട് ശ്രദ്ധേയനാണ് സംഗീത് ശേഖർ. എറണാകുളം സ്വദേശി

Similar News