ആർ.എസ്.എസ് നുണകളുടെ നിർമാണവും സാമൂഹിക-മാനസിക പ്രത്യാഘാതങ്ങളും
ആർ.എസ്.എസ് ഒരു ശതമാനം പോലും സത്യത്തിൽ താൽപ്പര്യപ്പെടുന്നില്ലെന്ന് മാത്രമല്ല, ഹിന്ദുക്കൾക്ക് വേണ്ടി നിർമ്മിക്കുന്ന നുണകൾ അവർ ഉൾകൊള്ളണമെന്നും ആർ.എസ്എ.സ് ആഗ്രഹിക്കുന്നു. നിരന്തരം നെയ്തെടുക്കുന്ന എല്ലാ നുണകളുടെയും അടിത്തറയായി പ്രവർത്തിക്കുന്ന ചില അടിസ്ഥാനപരമായ നുണകളുണ്ട്.
ശാസ്ത്ര മികവും ഐക്യവും സത്യത്തിന്റെ ഉൾകൊള്ളലുമുണ്ടെങ്കിൽ ഈ മഹാമാരി വിതച്ച പ്രതിസന്ധിയിൽ നിന്ന് നമുക്ക് മോചിതരാവാൻ കഴിയും. മെയ് 12ന് ആർ.എസ്.എസ് സംഘടിപ്പിച്ച ഓൺലൈൻ പോസിറ്റീവ് കോൺഫറൻസിന്റെ പ്രേക്ഷകരോട് വിപ്രോയുടെ സ്ഥാപകൻ അസിം പ്രേംജി പറഞ്ഞതാണിത്. സാധാരണ സാഹചര്യത്തിൽ ലഘുവായ പ്രസ്താവനയായി തോന്നാമെങ്കിലും, ഇപ്പോൾ ഈ വാക്കുകൾ ഗഹനമായി അനുഭവപ്പെടുന്നുണ്ട്. സത്യാന്വേഷണത്തിലും അതിന്റെ സ്വീകാര്യതയിലുമാണ് ശാസ്ത്രത്തിന്റെ നിലനിൽപ്പ്. ശാസ്ത്രം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ശാസ്ത്ര മികവു മാത്രമല്ല നമുക്കാശ്വാസം പകരുന്നത്, ജീവിതത്തോടും ഒപ്പം ലോകത്തോടും തന്നെയുള്ള ശാസ്ത്രീയ മനോഭാവവുമാണ്. മുൻകാലങ്ങളിൽ ഇത് 'ശാസ്ത്രീയ മനോവൃത്തി' എന്നറിയപ്പെട്ടിരുന്നു. ആരോഗ്യപരമായ കാര്യങ്ങളിൽ മാത്രമല്ല, സാമൂഹിക വ്യവഹാരങ്ങളിലും ശാസ്ത്രീയ മനോവൃത്തി സഹായകരമാണ്. ഉദാഹരണത്തിന്, ശാസ്ത്രീയ മനോവൃത്തി വംശീയമോ മതപരമോ ആയ ആധിപത്യത്തിന്റെയും, ദേശീയ മേധാവിത്വത്തിന്റെയും എല്ലാ സിദ്ധാന്തങ്ങളിൽ നിന്നും നമ്മെ അകറ്റിനിർത്തും.
യുവാവായ ഭഗത് സിംഗ് ഇന്ത്യയിലെ യുവജനങ്ങളുടെ നേതാവായി നെഹ്‌റുവിനെ തിരഞ്ഞെടുത്തതു തന്നെ ഈ കോൺഗ്രസ് നേതാവിന്റെ ശാസ്ത്രീയ മനോവൃത്തിയും, ലോകത്തിനു വാഗ്ദാനം ചെയ്യാൻ മാത്രം നമ്മുടെ രാജ്യത്തിന് അതുല്യവും ഉന്നതവുമായ എന്തെങ്കിലുമുണ്ടെന്നു സങ്കൽപ്പിക്കുന്നതിനെക്കാൾ വലിയ മണ്ടത്തരമില്ലെന്ന അദ്ദേഹത്തിന്റെ ഉറച്ച ബോധ്യവും കാരണമാണ്. താൻ വിവേകമുള്ള പ്രേക്ഷകരെയാണ് അഭിസംബോധന ചെയ്യുന്നതെന്നും, അവർ തന്നെ അദ്ദേഹത്തിന്റെ സംക്ഷിപ്തമായ ഈ സന്ദേശം വ്യാപിപ്പിക്കുമെന്നും വിശദീകരിക്കുമെന്നും അസീം പ്രേംജി അനുമാനിച്ചു. അതുതന്നെയാണ് വേണ്ടതും. നിങ്ങൾ ഏകപക്ഷീയമായി സംസാരിക്കുകയോ, ആളുകളെ ചെറുതായി കണ്ട് സംസാരിക്കുകയോ ചെയ്യരുത്. അവരോട് സംസാരിക്കുമ്പോൾ ആവശ്യമായ ബഹുമാനം നൽകേണ്ടതുണ്ട്. കുറഞ്ഞപക്ഷം, മാന്യരായ ആളുകൾ അതു ചെയ്യും.
സത്യവും ശാസ്ത്രവും തമ്മിലുള്ള ബന്ധം ഒരാൾക്ക് മനസ്സിലാക്കാൻ കഴിയും. എന്നാൽ സത്യവും ഐക്യവും തമ്മിൽ എങ്ങനെയാണ് ബന്ധപ്പെടുന്നത്? ഒരേ സ്വരത്തിലാണ് ശാസ്ത്ര മികവിനെക്കുറിച്ചും സത്യത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അസിം പ്രേംജി സംസാരിച്ചത്. പക്ഷേ, ഏറെ സാമാന്യവത്കൃതമായ രീതിലിയിലാണ് അദ്ദേഹം സംസാരിച്ചത്. കോൺഫറൻസിന്റെ സംഘാടകരുമായും പ്രേക്ഷകരുമായും, നമുക്കാവശ്യമായ, എന്നാൽ നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സത്യത്തെക്കുറിച്ച് വ്യക്തമായി പറയാൻ അദ്ദേഹത്തിനു സാധിക്കിക്കുന്നില്ലെന്ന് ആർക്കും മനസിലാവും. ഇത് അനൈക്യത്തിലേക്ക് വഴിതെളിക്കും. അദ്ദേഹം ഒരു പടി കൂടി കടക്കണമായിരുന്നുവെന്ന് ഏതോരാളും ആഗ്രഹിക്കുന്നുണ്ട്.
കൊറോണക്കെതിരായ നമ്മുടെ പോരാട്ടത്തെ നിർജീവമാക്കുന്നത്, സത്യമെന്തെന്ന് മനസ്സിലാക്കാനുള്ള കഴിവില്ലായ്മ മാത്രമല്ല, നമ്മളെ കൊല്ലുന്ന നുണകളുടെ സജീവമായ നിർമാണം കൂടിയാണെന്ന് അവരോട് തുറന്നു പറയാൻ അദ്ദേഹത്തിന് കഴിയുന്നില്ല.
ഒരു മാനസിക രോഗം
നമ്മുടെ വൈജ്ഞാനിക പരിമിതികളല്ല സത്യം മനസ്സിലാക്കുന്നതിൽ നിന്ന് നമ്മെ തടയുന്നത്. മറിച്ച് നമ്മുടെ അറിവിനെ നിരന്തരം നശിപ്പിച്ചു കൊണ്ടിരിക്കുന്നത് തലമുറകൾ പഴക്കമുള്ള, നിർബാധം പ്രചരിക്കുന്ന നുണകളാണ്, നുണകളുടെ വെർച്വൽ കാർപ്പറ്റ് ബോംബിങ്ങുകൾ! ഇതു നമ്മുടെ വൈജ്ഞാനിക മണ്ഡലത്തെ തകർക്കുന്നു. തദ്ഫലമായി നമ്മുടെ കഴിവുകൾ വികൃതമാക്കപ്പെടുന്നു. സത്യം മനസിലാക്കാനോ അത് ഉൾക്കൊള്ളനോ കഴിയാത്തത് മറികടക്കാൻ കഴിയുന്ന അവസ്ഥയാണെന്നും, അതേസമയം മനപൂർവ്വം നുണകൾ സൃഷ്ടിക്കുന്നതു വഴി, സത്യത്തിൽ ഒട്ടും താൽപ്പര്യമില്ലാത്തവരായി മാറുമെന്നും വളരെ വ്യക്തമായി പ്രേംജിക്ക് കാണികളോട് പറയാമായിരുന്നു. നിങ്ങൾ സമൂഹത്തിന് മാനസികമായ ഒരു ആഘാതമാണ് ഏൽപ്പിക്കുന്നതെന്നും.
ആർ.എസ്.എസിന്റെ ഒരു വേദിയിൽ നിന്ന് അസിം പ്രേംജി ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്. എന്നാൽ, പ്രേംജി പറഞ്ഞവസാനിപ്പിച്ചെടുത്ത് നിന്ന് തുടങ്ങാൻ/തുടരാൻ നമുക്കവസരമുണ്ട്. ഉദാഹരണത്തിന്, നുണകൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്നതിന്റെ ഉദാഹരണങ്ങൾ പ്രേംജിക്ക് പങ്കുവെക്കാമായിരുന്നു. ഭാവിയുടെ നഗരമാകാൻ കൊതിക്കുന്ന തന്റെ നഗരത്തിൽ നിന്നു തന്നെ അദ്ദേഹത്തിന് ആരംഭിക്കാമായിരുന്നു.
യഹൂദന്മാരെക്കുറിച്ച് താൻ പ്രചരിപ്പിച്ച നുണകൾ ജർമ്മൻ ഐക്യത്തിന് അപകടകരമാണെന്ന് ഐൻസ്റ്റൈൻ ഹിറ്റ്‌ലറോട് പറയുമെന്ന് പ്രതീക്ഷിക്കുന്നതിനു സമാനമാണ് അസിം പ്രേംജി ഇക്കാര്യം പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ വിധി എന്താകുമായിരുന്നുവെന്ന് നമുക്കൂഹിക്കാം. അതിനാൽ ആർ.എസ്.എസിന്റെ ഒരു വേദിയിൽ നിന്ന് അസിം പ്രേംജി ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്. എന്നാൽ, പ്രേംജി പറഞ്ഞവസാനിപ്പിച്ചെടുത്ത് നിന്ന് തുടങ്ങാൻ/തുടരാൻ നമുക്കവസരമുണ്ട്. ഉദാഹരണത്തിന്, നുണകൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്നതിന്റെ ഉദാഹരണങ്ങൾ പ്രേംജിക്ക് പങ്കുവെക്കാമായിരുന്നു. ഭാവിയുടെ നഗരമാകാൻ കൊതിക്കുന്ന തന്റെ നഗരത്തിൽ നിന്നു തന്നെ അദ്ദേഹത്തിന് ആരംഭിക്കാമായിരുന്നു. ഒരുമിച്ച് ശക്തമായി നിൽക്കേണ്ട സമയത്ത് നുണകളുടെ സ്വാധീനത്താൽ അവ എങ്ങനെ ചിതറപ്പെട്ടുവെന്നും, അവരതിനെ എങ്ങനെ തുടർത്തുന്നു എന്നും സൂചിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. ആർഎസ്‌എസിന്റെ യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോർച്ചയുടെ പ്രസിഡന്റും, ആ നഗരത്തിലെ തന്നെ എം.പിയുമായി നേതാവിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമായ 'ഒരു പുതിയ നുണ' പ്രേംജിക്ക് ഉദാഹരിക്കാമായിരുന്നു. ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക്കെയുടെ തെക്കൻ മേഖലയിലെ കോവിഡ് അത്യാഹിത മുറിയിലേക്ക് തള്ളിക്കയറിയ എംപി തേജസ്വി സൂര്യ, അവിടെ ജോലി ചെയ്യുന്ന മുസ്‌ലിംകളുടെ പേരുകൾ ഉറക്കെ വായിച്ചു. "ഇവിടെ എന്തുകൊണ്ടാണ് ഇത്രയധികം മുസ്‌ലിംകൾ ഉണ്ടായത്? ഇതൊരു മദ്രസയാണോ" എന്നതായിരുന്നു ചോദ്യം. അതിനു പിന്നാലെ 17 തൊഴിലാളികളെ സസ്പെൻഡ് ചെയ്യ്തു. മാത്രമല്ല, അവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവർക്കെതിരെ അന്വേഷണത്തിന് തുടക്കമിട്ടു. ഇതു വൻ വിവാദമായപ്പോൾ തന്ത്രപൂർവ്വം തന്റെ അതിക്രമത്തിന് ഒരു മതേതര കാരണം തയ്യാറാക്കി. അവരുടെ മതപരമായ സ്വത്വത്തിന്റെ പേരിലല്ല നിയമനത്തെ ചോദ്യം ചെയ്യ്തത്, മറിച്ച് ആശുപത്രി കിടക്ക അഴിമതി ആരോപണമായിരുന്നുവെന്ന അവകാശവാദം ഉയർത്തി. പക്ഷേ താൻ നുണക്കഥകൾ മെനയുകയാണെന്ന് അദ്ദേഹത്തിനും സഹപ്രവർത്തകർക്കും നല്ല ബോധ്യമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ നുണകളും, ആ നുണകളുടെ ചരിത്രവും മുസ്‌ലിംകൾക്കെതിരായ സംശയത്തിനും വിദ്വേഷത്തിനും വഴിയൊരുക്കി. നഗരത്തിൽ മാത്രമല്ല, സംസ്ഥാനത്തും രാജ്യത്തും വരെ അതു വളർന്നു. അതിന് കൃത്യമായ അനന്തരഫലങ്ങളുണ്ടായി. സംഭവശേഷം തൊഴിലുടമകളുടെ പെട്ടെന്നുള്ള അന്വേഷണത്തിന്റെ ഫലമായി BYJM പ്രസിഡന്റ ലക്ഷ്യം വച്ച ആളുകൾ നിരപരാധികളാണെന്ന് തെളിഞ്ഞെങ്കിലും, സംഭവം അവർക്ക് കളങ്കമേൽപ്പിച്ചു. അവർ അപമാനിതരായി. അതിൽ അഞ്ചുപേർ ജോലിയിലേക്ക് മടങ്ങാൻ വിസമ്മതിച്ചു. മറ്റുള്ളവരോട് ആവശ്യമുള്ളപ്പോഴെല്ലാം പോലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ നുണക്കഥ തങ്ങളുടെ നഗരത്തിലെ ജനങ്ങളെ സഹായിക്കാൻ രാവും പകലും അധ്വാനിക്കുന്ന ആളുകളുടെ ഐക്യത്തെ നശിപ്പിച്ചു. ഏതെങ്കിലും വിശാല ഐക്യ ശ്രമങ്ങൾ അവിടെ അവശേഷിച്ചിരുന്നെങ്കിൽ, അതും തകർക്കപ്പെട്ടു.
കൃത്യതയും വിശ്വാസവും
ഇന്ത്യയെയും ലോകമെമ്പാടുമുള്ള പ്രവാസികളെയും വലയം ചെയ്ത നുണകളാൽ പൊതിഞ്ഞ ആവാസവ്യവസ്ഥയുടെ ഒരു ഉൽപ്പന്നം മാത്രമാണ് തേജസ്വി സൂര്യ. ആർ.എസ്.എസ് ശൃംഖലയാണ് ഇത്തരം നുണകളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നത്. പശ്ചിമ ബംഗാളിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. ബി.ജെ.പി 77 സീറ്റുകൾ മാത്രം നേടിയ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിന് ശേഷം 15ലധികം പേർ നീചമായ രാഷ്ട്രീയ അതിക്രമത്തിൽ കൊല്ലപ്പെട്ടു . ഈ രാഷ്ട്രീയ സംഘർഷം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നുവെന്ന് സ്ഥാപിക്കാൻ തെളിവുകളൊന്നുമില്ല. എന്നാൽ അക്രമങ്ങൾക്ക് വർഗീയ സ്വഭാവമാവമുണ്ടെന്ന് ബി.ജെ.പി നിരന്തരം വാദിക്കുന്നു.
നമ്മൾക്ക് നുണയായിട്ടുള്ളത് ആർ.എസ്.എസും ബി.ജെ.പിയും അവരുടെ വിശ്വാസമായിട്ടാണ് അവതരിപ്പിക്കുന്നത്. അവരുടെ വിശ്വാസമായതിനാൽ തന്നെ അവർക്കതിന് തെളിവുകൾ ആവശ്യമില്ല. നിങ്ങൾ അത് നുണകളാണെന്ന് വെളിപ്പെടുത്തിയാൽ, അതിനർഥം നിങ്ങൾ അവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ്. എന്നാൽ ഈ 'വിശ്വാസങ്ങൾക്ക്' മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ ശേഷിയുണ്ട്.
ഇത്തവണ മുസ്‌ലിം വിരുദ്ധ നുണകളുടെ നിർമാണത്തിന്റെ വ്യാപ്തിയും വ്യാപനവും വളരെ ഭീമാകാരമാണ്. ഇന്ത്യയുടെ ചെറുകിട സ്വതന്ത്ര മാധ്യമങ്ങളുടെ വസ്തുതാധിഷ്ടിതമായ പ്രത്യാഖ്യാനനങ്ങൾക്കു പോലും ഇവിടെ നിർമ്മിച്ചെടുത്ത വിദ്വേഷം ലഘൂകരിക്കാനാവില്ല. മാത്രമല്ല, അടിയന്തര പ്രതികാരത്തിനും മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാനുമുള്ള നേരിട്ടുള്ള ആഹ്വാനങ്ങളും വന്നു കഴിഞ്ഞു. ബിജെപിയുടെ വിപുലമായ ഐടി സെല്ലിന് പുറമെ, അപകടകരമായ ഈ നുണകളെ വസ്തുതകളായി മനപൂർവ്വം അവതരിപ്പിക്കുവാൻ ഇന്ത്യയുടെ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറായി. വ്യാജ 'ഹിന്ദു വംശഹത്യ'ക്കെതിരെ പല വിദേശ രാജ്യങ്ങളിൽ നിന്നുപോലും ബി.ജെ.പി അനുകൂല പ്രവാസികൾ നടത്തിയ പ്രതിഷേധത്തിന്റെ റിപ്പോർട്ടുകളുണ്ട്. ടി.എം.സി നേതാവ് മമത ബാനർജിയുടെ രക്ഷാകർതൃത്വത്തിൽ 'ജിഹാദി' പുരുഷന്മാർ ഹിന്ദു സ്ത്രീകളെ കൂട്ടമായി ബലാത്സംഗം ചെയ്തുവെന്നതാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്ന മറ്റൊരു നുണ. തങ്ങളുടെ എല്ലാ സാമൂഹ്യ മാധ്യമ സന്ദേശങ്ങളിലും 'നിരവധി ബലാത്സംഗ റിപ്പോർട്ടുകൾ' പരാമർശിക്കുന്നുണ്ടെന്ന് ബി.ജെ.പി മുൻനിര നേതാക്കൾ ഉറപ്പുവരുത്തി. 'ഹിന്ദു സഹോദരിമാരുടെ' അന്തസ്സിനെ ആക്രമിക്കുന്നതിനെതിരെയുള്ള ഇത്തരം ബാലാൽക്കാരത്തിന് 'ജിഹാദികളെ' കുറ്റപ്പെടുത്തിയ വി.എച്ച്.പി 'സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കാൻ' ഹിന്ദുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. ടി.എം.സി ഗുണ്ടകൾ മുസ്‌ലിംകളെയും ആക്രമിച്ചു എന്നത് ഇവിടെ ശ്രദ്ധേയമാണ്. യദൃശ്ചികമാമെന്നോണം, ബി.ജെ.പി അനുകൂലികൾ കൊന്ന അഞ്ച് ടി.എം.സി പ്രവർത്തകരിൽ നാലുപേരും ഹിന്ദുക്കളാണ്.
എല്ലാം വർഗീയവത്കരിക്കുമ്പോൾ
അക്രമങ്ങളെ വർഗീയവത്കരിക്കാനുള്ള അവസരം ആർ.എസ്.എസ് ശൃംഖലകൾ ഒരിക്കലും നഷ്‌ടപ്പെടുത്തില്ല. യഥാർത്ഥമോ വ്യാജമോ ആയ ലൈംഗിക അതിക്രമങ്ങളെ വർഗീയവത്കരിക്കുന്നത് ഹിന്ദുക്കൾക്കിടയിൽ ബഹുജന ധ്രുവീകരണം എളുപ്പത്തിൽ സാധ്യക്കുന്നു. കുറച്ച് കാലങ്ങളായി പശ്ചിമ ബംഗാളിൽ മാത്രം ഹിന്ദു സ്ത്രീകളെ ജിഹാദി പുരുഷന്മാർ ആക്രമിക്കുന്നതായി നൂറുകണക്കിന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ഉദാഹരണത്തിന്, ബംഗാളിൽ 2017 ലെ ബദൂറിയ കലാപത്തിനുശേഷം മുസ്‌ലിംകൾ പ്രതിയുടെ അമ്മയെ ആക്രമിച്ചതായി ബി.ജെ.പി അനുഭാവികൾ വാദിച്ചിരുന്നു. എന്നാൽ പ്രതിയുടെ അമ്മ വർഷങ്ങൾക്ക് മുമ്പ് മരിച്ചതായി പിന്നീട് കണ്ടെത്തി. 'മുസ്‌ലിം ഗുണ്ടകൾ ഹിന്ദു സ്ത്രീകളെ ആക്രമിക്കുന്നു' എന്ന തെറ്റിദ്ധാരണ പരത്തുന്ന വീഡിയോ അടുത്തിടെ പങ്കുവെച്ച ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ 2017ൽ, ബംഗ്ലാദേശിൽ നിർമിച്ച ഒരു ഭോജ്പുരി സിനിമയിൽ നിന്നുള്ള സ്ക്രീൻഷോട്ട് 'ഹിന്ദു പെൺമക്കൾ ബലാത്സംഗത്തിന് ഇരയാകുന്നു' എന്ന അടിക്കുറിപ്പോടെ പങ്കിട്ടിരുന്നു. കത്വവയിൽ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായപ്പോൾ, പിന്നീട് കൊലപാതകികൾക്കുമുള്ള പിന്തുണ ഓർത്തു നോക്കുക. ആദ്യം, അവർ തങ്ങളുടെ എല്ലാ ശക്തിയും സമാഹരിച്ചു കൊണ്ട് സംഭവം വ്യാജമാണെന്ന് തെളിയിക്കാൻ ശ്രമിച്ചു. സീ ന്യൂസും ഡൈനിക് ജാഗ്രനും ഇതിനെക്കുറിച്ച് വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചു. ശേഷം ജമ്മുവിലെ ബി.ജെ.പിയുടെ മുതിർന്ന മന്ത്രിമാർ ബലാത്സംഗക്കാരെ പിന്തുണച്ച് തിറംഗ (ത്രിവർണ്ണ) റാലികൾ സംഘടിപ്പിച്ചു. 'ഹിന്ദുക്കൾക്ക് ബലാത്സംഗം ചെയ്യാൻ കഴിയില്ല' എന്നതായിരുന്നു അവരുടെ യുക്തി.
ഹൈദരാബാദിൽ ഒരു സ്ത്രീയെ ക്രൂരമായി കൂട്ടക്കൊല ചെയ്ത നാല് ആളുകളിൽനിന്ന് ഒരാൾ മുസ്‌ലിമായതിന്റെ പേരിൽ എങ്ങനെയാണ് വർഗീയവൽക്കരിക്കപ്പെട്ടതന്ന് ഓർത്തു നോക്കുക. അലിഗഡിലെ തപ്പൽ പട്ടണത്തിൽ ഒരു യുവതിയെ കൊലപ്പെടുത്തിയ സംഭവത്തെ കലാപത്തോളമെത്തിക്കാനുള്ള പ്രചരണ തന്ത്രവും ഓർമിക്കപ്പെടേണ്ടതാണ്.
മുസ്‌ലിം പുരുഷന്മാരെ ഹിന്ദു സ്ത്രീകളെ അക്രമാസക്തമായി നോക്കുന്ന ക്രൂരന്മാരായി അവതരിപ്പിച്ച് ഇന്ത്യയിലെ ഏത് തരത്തിലുള്ള സാമൂഹിക ജീവിതത്തിൽ നിന്നും അവരെ ശുദ്ധികലശം നടത്താനുള്ള അജണ്ടയ്ക്ക് അനുസൃതമാണ് ഈ പ്രവർത്തനങ്ങളൊക്കെയും. തിരിച്ചടിക്കാൻ സാധിക്കാത്ത ദുർബലരായ മുസ്‌ലിം പുരുഷന്മാർക്കെതിരെ ആൾകൂട്ട കൊലപാതകങ്ങളുടെയും പതിവായ പീഡനനങ്ങളുടെയും രൂപത്തിൽ അക്രമാസക്തമായ ഹിന്ദുത്വ പൗരുഷം പ്രദർശിപ്പിക്കുന്നതിനെ ന്യായീകരിക്കാനും കൂടിയാണിത്. ശേഷം ഈ ഭീരുത്വം സ്വാഭാവിക പ്രതികാരമായി മഹത്വത്ക്കരിക്കുന്നു.
ഒരു മുസ്ലീം കൗമാരക്കാരൻ അമ്പലത്തിൽ പ്രവേശിച്ചതിന് മൃഗീയമായി ആക്രമിക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്. അയാളുടെ കുറ്റവാളിയെ മുൻകാലാടിസ്ഥാനത്തിൽ ആക്രമിച്ചയാൾ ന്യായീകരിച്ചു. ശംഭു ലാൽ റൈഗർ എന്നയാൾ അഫ്രാസുൽ എന്ന മുസ്ലീം തൊഴിലാളിയുടെ മൃതദേഹം വെട്ടിക്കൊലപ്പെടുത്തി കത്തിച്ചു കളഞ്ഞു. "അഫ്രാസുൽ ലവ് ജിഹാദ് നടത്തി" എന്നതായിരുന്നു ന്യായം. റൈഗറിന് ധീര യോദ്ധാവിന്നെന്ന പോലുള്ള പിന്തുണ ലഭിച്ചത് നമ്മൾ കണ്ടതാണ്. പക്ഷേ അയാൾ കള്ളം പറയുകയായിരുന്നു. അദ്ദേഹം കള്ളം പറയുകയാണെന്ന് അദ്ദേഹത്തിന്റെ കൂട്ടാളികൾക്കും അറിയാമായിരുന്നു.
അടുത്ത കാലം വരെ, 'ലവ് ജിഹാദുമായി' ബന്ധപ്പെട്ട നുണകൾ വാട്‌സ്ആപ്പ് സംഭാഷണങ്ങളിലും വലതുപക്ഷ ഗ്രൂപ്പുകളുടെ ലഘുലേഖകളിലും ഒതുങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങൾ ഈ നുണയെ ആശ്രയിച്ച് കുപ്രസിദ്ധമായ ' ലവ് ജിഹാദ് ' നിയമങ്ങളുടെ അടിത്തറ പാകിയിരിക്കുന്നു. ഈ നിയമത്തിന്റെ പേരിൽ അനവധി നിസ്സഹായരായ മുസ്‌ലിം യുവാക്കളെ തടവിലാക്കി. ദുഖകരമെന്നു പറയട്ടെ, ആത്യന്തികമായി മുസ്‌ലിം പുരുഷന്മാർക്കെതിരെ ആയുധധാരികളായ ഈ നഗ്നമായ നുണകളോട് ഹിന്ദുക്കൾക്കിടയിൽ വലിയ രീതിയിലുള്ള വിരോധം കാണാനില്ല.
മുസ്‌ലിം പുരുഷന്മാരെ പൈശാചികവൽക്കരിച്ചും 'ദുർബലരായ ഹിന്ദു സ്ത്രീകൾ' എന്ന നുണ ഉപയോഗിച്ചും വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് ഇന്ത്യയിൽ പുത്തരിയല്ല. 2002 ഫെബ്രുവരി 28 ന് ഗുജറാത്ത് സമാചറിന്റെ ഒന്നാം പേജിലെ പ്രധാന വാർത്ത 3-4 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി' എന്നായിരുന്നു. വാർത്തയ്ക്ക് ഉറവിടമില്ലായിരുന്നു. ആ പതിപ്പിന്റെ പത്താം പേജിൽ 10 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന വി.എച്ച്.പി നേതാവ് കൗശിക് പട്ടേലിന്റെ വാദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൊലീസുനോട് അന്വേഷിച്ച് പരിശോധിക്കാൻ പത്രം മെനക്കെട്ടില്ല. തട്ടിക്കൊണ്ടുപോയ പെൺകുട്ടികളുടെ ആരുടെയും പേരുകൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. അതിന്റെ സത്വരമായ എതിരാളിയായ 'സന്ദേഷ്' അക്രമത്തെ പ്രകോപിപ്പിക്കുന്നതിൽ ഒട്ടും പിന്നിലല്ല. "ഗോത്ര സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന ഒരു മതഭ്രാന്തൻ" (മുസ്‌ലിമെന്നു തിരുത്തി വായിക്കുക) ആൾക്കൂട്ടത്തിന്റെ രോഷം നേരിടേണ്ടിവന്നു, "എന്നിങ്ങനെയുള്ള വാർത്തകളാണ് മിക്കതും.
വസ്തുതാ പരിശോദന സമിതി സന്ദേഷിന്റെ ചെയർമാനോടും മാനേജിംഗ് ഡയറക്ടറോടും ചീഫ് De-Facto editor in cheif നോടും ഗോധ്രയിലെ ഒരു അപരാധി രണ്ട് ഹിന്ദു സ്ത്രീകളുടെ മുലകൾ പിഴുത് മുറിച്ചുകളഞ്ഞെന്ന ബാനർ തലക്കെട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ, പഞ്ചമഹൽസ് എന്ന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൽ നിന്ന് ലഭിച്ചതാണെന്നാണ് മറുപടി പറഞ്ഞത്. ഇത് കൃതമായും വൈരുദ്ധ്യമായിരുന്നു. ഗുജറാത്ത് സമാചറിലാണ് അതിലെ വൈരുദ്ധ്യം പ്രത്യക്ഷപ്പെട്ടത്. രണ്ട് ശത്രുക്കളായ പേപ്പറുകൾ തമ്മിലുള്ള മത്സരത്തിൽ നിന്നുള്ള വീഴ്ചയാണെന്ന് ഇത് എന്നാണ് ഞങ്ങൾക്ക് മനസിലാവുന്നത്. "തിരുത്തലുകളും വ്യക്തതകളും പാലിക്കരുത്" എന്നതായിരുന്നു സന്ദേഷിന്റെ നയം തന്നെ.
നുണകൾ മനപൂർവ്വം പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും മുസ്‌ലിങ്ങൾക്കേൽക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് എഡിറ്റർ ഒട്ടും ഖേദിക്കുന്നില്ലെന്നും ഇത് വളരെ വ്യക്തമാക്കുന്നു. 2002 ലായിരുന്നു അത്. ഇത് 2021ലാണ്. 2002 ൽ ഗുജറാത്ത് ഭരിച്ച മനുഷ്യനാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. വിപുലമായ ഐടി സെൽ അവരുടെ ഭാഗത്ത് ഉള്ളതിനാൽ, യഥാർത്ഥമോ വ്യാജമോ ആയ ഏത് സന്ദേശവും വൈറലാകാനുള്ള കഴിവിൽ അവർ അഭിമാനിക്കുന്നു. അവരുടെ അനുയായികൾക്ക് ഒരൊറ്റ ആവശ്യമേയുള്ളൂ: "2002 ആവർത്തിക്കുക".
മനോരോഗികളുടെ സമൂഹം
ബംഗാളിനുപുറമെ, പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലേക്ക് വോട്ട് ചെയ്താൽ തങ്ങളുടെ ശത്രുക്കൾ (മുസ്‌ലിംകൾ) തങ്ങളെ നശിപ്പിക്കുമെന്ന് ഇന്ത്യയിലെ എല്ലാ ഹിന്ദുക്കളും വിശ്വസിക്കണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നു. ബി.ജെ.പിക്ക് വോട്ടുചെയ്യാൻ ഹിന്ദു വോട്ടർമാരെ പ്രേരിപ്പിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്.
ന്യൂഡൽഹിയിലെ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി നേതാക്കൾ സമാനമായ പേടിപ്പിക്കുന്ന തന്ത്രങ്ങൾ ഉപയോഗിച്ചതെങ്ങനെയെന്ന് ഓർത്തെടുക്കാം. "നിങ്ങൾ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ആരും വരില്ലെന്ന് " ബി.ജെ.പിയുടെ മുതിർന്ന നേതാവും എംപിയുമായ പർവേഷ് വർമ്മ ദില്ലിയിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പറഞ്ഞിരുന്നു. "അവിടെ [ഷഹീൻ ബാഗ്] ധർണയിൽ ഇരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ നിങ്ങളുടെ വീടുകളിൽ പ്രവേശിച്ച് നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുമെന്നും " വർമ കൂട്ടിചേർത്തു.
പശ്ചിമ ബംഗാൾ, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ നഷ്ടം മോദിയുടെ അജയ്യതയ്ക്കേറ്റ രണ്ട് വലിയ ആഘാതങ്ങളാണ്. വിചിത്രമല്ലെന്ന് പറയട്ടെ, ഈ രണ്ട് കൈപ്പേറിയ തോൽവികളും പൊതുബോധത്തിൽ ശ്രദ്ധാപൂർവ്വം ഹിന്ദു വിരുദ്ധ സംഭവങ്ങളാക്കി ചിത്രീകരിച്ചിട്ടുണ്ട്.
ആർ.എസ്.എസ് ഒരു ശതമാനം പോലും സത്യത്തിൽ താൽപ്പര്യപ്പെടുന്നില്ലെന്ന് മാത്രമല്ല, ഹിന്ദുക്കൾക്ക് വേണ്ടി നിർമ്മിക്കുന്ന നുണകൾ അവർ ഉൾകൊള്ളണമെന്നും ആർ.എസ്എ.സ് ആഗ്രഹിക്കുന്നു. നിരന്തരം നെയ്തെടുക്കുന്ന എല്ലാ നുണകളുടെയും അടിത്തറയായി പ്രവർത്തിക്കുന്ന ചില അടിസ്ഥാനപരമായ നുണകളുണ്ട്. ഇന്ത്യയിലെ പ്രാഥമിക പൗരന്മാർ ഹിന്ദുക്കളാണെന്നതാണ് അടിസ്ഥാനപരമായ നുണ. മുസ്‌ലിംകളും ക്രിസ്ത്യാനികളും നുഴഞ്ഞുകയറ്റക്കാരാണെന്നും അതിനാൽ അവർ ഇന്ത്യൻ സംസ്കാരത്തിന്റെ കാതൽ ഉൾക്കൊള്ളുന്നില്ലെന്നും. നമുക്ക് ഒരു സമയത്ത് ലോകത്തെക്കുറിച്ചുള്ള എല്ലാ അറിവും ഉണ്ടായിരുന്നെന്നും എല്ലാ ഇന്ത്യൻ ഭാഷകളുടെയും മാതാവാണ് സംസ്കൃതമെന്നും നിത്യത മുതൽ നാം ആധുനികരാണെന്നുമിങ്ങനെ തുടരുന്ന നുണ.
ഈ നുണകൾ നമ്മുടെ മനസ്സിനെ മയപ്പെടുത്തിയിരിക്കുന്നു. അവ ആർ.എസ്.എസിന്റെ സജീവ അനുയായികളെ കുറ്റവാളികളാക്കി മാറ്റി. അവരിൽ പലരും സഹജീവികളെക്കുറിച്ച് അതിക്രൂരമായ ചിന്തകൾ പുലർത്തുന്നു. അവരെ മനോരോഗികളാക്കി മാറ്റിയിരിക്കുന്നു. ദീനമായ ഹൃദയങ്ങളും ദുർബല മനസ്സുകളുമുള്ള ജനക്കൂട്ടത്തിനു ഒരു മഹത്തായ രാഷ്ട്രമുണ്ടാക്കാൻ സാധിക്കില്ല. സമൂഹത്തിലെ നുണകളെ മനപൂർവ്വം നട്ട്വളർത്തുന്നതിൽ നിന്ന് ശുഭകരമായ ഒന്നും മുളക്കില്ല.
തങ്ങൾ ഏതുതരം ആളുകളാകണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കേണ്ടതുണ്ട്. എന്നാൽ മറ്റുള്ളവർക്ക് ഈ നുണകളുടെ ഇരകളാകാൻ സ്വയം അനുവദിക്കാനാവില്ല. അത് ഇന്ത്യൻ സമൂഹത്തെ 'സത്യത്തിന്റെ' പ്രത്യേക ലോകങ്ങളായി വിഭജിക്കും. ആർ.എസ്.എസ് കെട്ടിച്ചമച്ച 'സത്യം' മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ദലിതരെയും അന്യവൽക്കരിക്കുന്നതിനും പിന്നീട് അവരെ ഇല്ലാതാക്കുന്നതിനും കാരണമാകും. ഇതാണ് നുണകൾ അല്ലെങ്കിൽ 'സത്യനിർമ്മാണം' തെളിയിക്കുന്നത്. ഇത് നിർത്തേണ്ടതുണ്ട്. ഈ മഹാമാരിയുടെ നേരത്ത് മാത്രമല്ല, വരാനിരിക്കുന്ന എല്ലാ കാലത്തേക്കും.
ദ വയറില്‍ അലിഷാന്‍ ജാഫ്‍രിയും അപൂര്‍വാനന്ദും എഴുതിയ ലേഖനം
വിവര്‍ത്തനം: സിബ്ഗത്തുല്ല സാക്കിബ്