കുട്ടനാട് വായ്പാ തട്ടിപ്പ് കേസ്; ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം

മൂന്നു കേസുകളിൽ കൂടി മുൻകൂർ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് റോജോ ജോസഫ് ഇന്ന് രാവിലെ വീണ്ടും സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

Update: 2018-06-22 13:26 GMT
Advertising

കുട്ടനാട് വായ്പാ തട്ടിപ്പ് കേസ് പ്രതിയായ റോജോ ജോസഫ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഇന്ന് നടന്ന ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ എൻ.സി.പി പ്രതിനിധിയായ റോജോ ജോസഫ് എത്തുമെന്ന് പ്രതീക്ഷിച്ചായിരുന്നു ഉപരോധം. എന്നാൽ റോജോ ജോസഫ് യോഗത്തിനെത്തിയില്ല.

11 വായ്പാത്തട്ടിപ്പ് കേസുകളിൽ 6 എണ്ണത്തിൽ റോജോ ജോസഫിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രണ്ടെണ്ണത്തിൽ കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യമനുവദിച്ചു. ജാമ്യം ലഭിക്കാത്ത കേസുകളിൽ റോജോയെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. റോജോ യോഗത്തിനെത്തിയാൽ അറസ്റ്റു ചെയ്യുമെന്ന് പൊലീസും അറിയിച്ചു.

ഭരണ സമിതി യോഗം അവസാനിക്കുന്നതുവരെ ഉപരോധം തുടർന്നു. എന്നാല്‍ റോജോ യോഗത്തിനെത്തിയില്ല. തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. റോജോ തുടർച്ചയായി മൂന്നു യോഗങ്ങളിൽ പങ്കെടുക്കാതിരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യും.

റോജോയെ അയോഗ്യനാക്കുന്നതടക്കമുള്ള നടപടികൾ കമ്മീഷന് കൈക്കൊള്ളാനാവും. അതിനിടെ മൂന്നു കേസുകളിൽ കൂടി മുൻകൂർ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് റോജോ ജോസഫ് ഇന്ന് രാവിലെ വീണ്ടും സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

Full View
Tags:    

Similar News

Money Back Episode 01