ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവിനെ ഇടിച്ചിട്ട് ഇന്ത്യന്‍ പുലിക്കുട്ടി രചിച്ച പുതുചരിത്രം
എന്നാല്‍ ഇന്ന് ഈ 22 കാരനായ മിസോറാംകാരന്‍ ഒരു മധുരപ്രതികാരം വീട്ടി.
എന്‍ടി ലാല്‍ബിയാക്കിമ, ഓര്‍മയുണ്ടോ ഈ പേര് ? പലര്‍ക്കും ഓര്‍മ കാണില്ല. എന്നാല്‍ ഇന്ന് ഈ 22 കാരനായ മിസോറാംകാരന്‍ ഒരു മധുരപ്രതികാരം വീട്ടി. അതും തന്റെ സ്വപ്നമായിരുന്ന ഇന്ത്യന്‍ ജേഴ്‍സിയണിഞ്ഞ്.
കാര്യത്തിലേക്ക് കടക്കും മുമ്പ് ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്താം. ഏതാനും മാസങ്ങള്‍ മുമ്പ് വരെ ഇന്ത്യന്‍ ബോക്സിങ് സെലക്ടര്‍മാര്‍ക്ക് ലാല്‍ബിയാക്കിമ അത്ര വലിയ പോരാളിയൊന്നുമായിരുന്നില്ല. അതുകൊണ്ട് തന്നെ അവനെ അവര്‍ക്ക് അവഗണിക്കാനും എളുപ്പമായിരുന്നു. ഈ വര്‍ഷം ആദ്യം ദേശീയ ബോക്സിങ് ടീമിലേക്ക് സെലക്ഷന്‍ നടന്നപ്പോള്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ലാല്‍ബിയാക്കിമക്ക് ഗ്ലൌസ് നല്‍കാന്‍ സെലക്ടര്‍മാര്‍ തയാറായില്ല. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‍സിയില്‍ ഇടിക്കൂട്ടിലിറങ്ങാന്‍ ലാല്‍ബിയാക്കിമക്ക് അവസരം ലഭിച്ചു. കിട്ടിയ അവസരം പാഴാക്കാന്‍ ലാല്‍ബിയാക്കിമയും ഒരുക്കമായിരുന്നില്ല. കസാഖ്സ്ഥാന്‍ പ്രസിഡന്റ്സ് കപ്പിന്റെ ഇടിക്കൂട്ടില്‍ ഇറങ്ങിയ ലാല്‍ബിയാക്കിമക്ക് മുന്നിലേക്ക് അപകടത്തിന്റെ നിറവുമായി എത്തിയത് നിസാരക്കാരനായിരുന്നില്ല. ബോക്സിങില്‍ ലോക ഒന്നാം നമ്പര്‍ താരവും ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവുമായ ഹസന്‍ബോയ് ഡസ്മറ്റോവ്. ആദ്യമൊന്ന് പകച്ചുപോയെങ്കിലും തന്റെ മാര്‍ഗദര്‍ശിയും കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവുമായ സുരന്‍ജോയ് സിങിനെ ലാല്‍ബിയാക്കിമ സമീപിച്ചു. പേടിക്കാനൊന്നുമില്ലെന്ന് ആശ്വസിപ്പിച്ച അദ്ദേഹം, ലാല്‍ബിയാക്കിമക്ക് ചില ഉപദേശങ്ങളും നല്‍കി. ഇത് അതേപടി അസ്താനയിലെ ഇടിക്കൂട്ടില്‍ ലാല്‍ബിയാക്കിമ നടപ്പാക്കി. ഫലം, ലോക ജേതാവിനെ ലാല്‍ബിയാക്കിമ ഇടിച്ചിട്ടു. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ നിലവിലെ ഒളിമ്പിക് ജേതാവിനെ പരാജയപ്പെടുത്തുന്നത്. ഏതായാലും അവഗണിച്ചവരൊക്കെ ഇപ്പോള്‍ അത്ഭുതത്തോടെയാണ് കിമയെ നോക്കുന്നത്. കാത്തിരിക്കുന്നത്, ഇനിയും ഇടിക്കൂട്ടില്‍ കിമ തീര്‍ക്കുന്ന പ്രകമ്പനങ്ങളും.