10 വര്‍ഷം കൂടി കഴിഞ്ഞാല്‍ എങ്ങിനെയിരിക്കും ഹജ്ജ്..?; വൈറലായി ഹൈടെക് ഹജ്ജ് വീഡിയോ
2029ല്‍ രണ്ട് പേര്‍ ഹജ്ജിനെക്കുറിച്ച് സംസാരിക്കുന്നതോടെ തുടങ്ങുന്നതാണ് ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ട വീഡിയോ. വിസ്മയകരമായ പദ്ധതികളാണ് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.
ഒരോ വര്‍ഷവും അത്യാധുനിക സൌകര്യങ്ങളോടെയാണ് ഹജ്ജിനെത്തുന്നവരെ സൌദി അറേബ്യ സ്വീകരിക്കാറ്. ഇനിയൊരു പത്ത് വര്‍ഷം കൂടി കഴിയുമ്പോള്‍ എങ്ങിനെയായിരിക്കും ഹജ്ജ്. ആ സംശയം തീര്‍ത്തു കൊടുക്കുകയാണ് ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ വീഡിയോ.
2029ല്‍ രണ്ട് പേര്‍ ഹജ്ജിനെക്കുറിച്ച് സംസാരിക്കുന്നതോടെ തുടങ്ങുന്നതാണ് ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ട വീഡിയോ. വിസ്മയകരമായ പദ്ധതികളാണ് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. തീര്‍ഥാടനം ആയാസകരവും എല്ലാവര്‍ക്കും പ്രാപ്യവുമാക്കുക. അതാണ് ലക്ഷ്യം. ഹജ്ജിനെത്തും മുമ്പേ തീര്‍ഥാടകര്‍ക്ക് മന്ത്രാലയത്തിന്റെ പാക്കേജ് അയച്ചു കൊടുക്കും. അവ കൈപറ്റിയാല്‍ എല്ലാ ഹാജിമാരും ഹൈടെക്കാകും.
ഇലക്ട്രോണിക് വാച്ച്, ഇലക്ട്രോണിക് ബാഡ്ജ്, ഇയർപീസ് എന്നിവയാകും പാക്കേജില്‍. വിമാനത്താവളത്തിൽ കസ്റ്റംസ്, ഇമിഗ്രേഷൻ പരിശോധനകളും എളുപ്പത്തിലാക്കുന്നതിനാണ്
ഇലക്ട്രോണിക്സ് ബാഡ്ജ്. വിമാനത്താവളത്തിലെ ഇലക്ര്ടേണിക്സ് മെഷീനില്‍ ബാഡ്ജ് കാണിച്ചാല്‍ മതി. ഞൊടിയിടയില്‍ അനായാസം എമിഗ്രേഷന്‍ ക്ലിയറന്‍സായി നമ്മുടെ പേര് സ്ക്രീനില്‍ തെളിഞ്ഞ് സ്വാഗതമോതും. അവിടെ നിന്ന് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ട്രെയിനിൽ ഇഷ്ടമുള്ള തീര്‍ഥാടന മേഖലയിലേക്ക് പോകാം. മുൻകൂട്ടി അനുവദിച്ച ഹോട്ടൽ മുറികളിലേക്ക് പ്രവേശിക്കാനും ഈ ബാഡ്ജ് മതി.
തീർഥാടനത്തിനിടെയിലെ സകല നിർദേശങ്ങളും ഇയർപീസ്, ഇ വാച്ച് എന്നിവ വഴി സ്വന്തം ഭാഷയില്‍ ലഭിക്കും. ഹജ്ജിന്റെ ഓരോ ചടങ്ങും അപ്പപ്പോള്‍ വിശദീകരിക്കും. ഓരോ ഘട്ടത്തിലും ഉരുവിടേണ്ട പ്രാർഥനകളും. തിരക്കിനിടയിൽ തീർഥാടകനെ കാണാതാകുന്ന സംഭവം ഇനിയുണ്ടാകില്ല. ആളെ ഈ ഉപകരണങ്ങള്‍ വച്ച് തന്നെ കണ്ടെത്താം. ഗൈഡുമായി സംസാരിക്കുകയും ചെയ്യാം. ഒപ്പം ഹജ്ജ് സമയത്ത് അനധികൃതമായി കയറുന്നവരെ എളുപ്പം പിടികൂടുയും ചെയ്യാം. ഹൈടെക്കാകുന്ന ഹജ്ജിന്റെ സംവിധാനം വിശദീകരിക്കുന്ന വീഡിയോ വൈറലാവുകയാണ് ഇപ്പോള്‍.