സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂത്തി വിമതരുടെ മിസൈല്‍ ആക്രമണം
സൗദി യമന്‍ അതിര്‍ത്തി പട്ടണമായ നജ്റാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം മിസൈല്‍ ആക്രമണം നടന്നത്
സൗദിയെ ലക്ഷ്യം വെച്ച് വീണ്ടും യമനിലെ ഹൂത്തി വിമതരുടെ മിസൈല്‍ ആക്രമണം. സൗദി യമന്‍ അതിര്‍ത്തി പട്ടണമായ നജ്റാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം മിസൈല്‍ ആക്രമണം നടന്നത്. ആക്രമണം സൗദി സുരക്ഷാ സേന പരാജയപ്പെടുത്തി. മിസൈല്‍ ആക്രമണ വിവരം അറബ് സഖ്യ സേന മേധാവി കേണല്‍ തുര്‍ക്കി അല്‍ മാലിക്കി സ്ഥിരീകരിച്ചു. നജ്റാനിലെ ജനവാസ മേഖല ലക്ഷ്യമിട്ടാണ് ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സേനയുടെ നേതൃത്വത്തിൽ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് തന്നെ നശിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല.
ഹൂത്തികള്‍ക്ക് ഇറാനില്‍ നിന്നും നിരന്തര സഹായങ്ങള്‍ ലഭിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ മിസൈല്‍ ആക്രമണം. ഐക്യരാഷ്ട്രസഭ പാസ്സാക്കിയ പ്രമേയങ്ങളുടെ ലംഘനമാണ് ഇറാന്‍ നടത്തുന്നത് എന്നും കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന നഗരങ്ങളും ഗ്രാമങ്ങളും ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതോടെ അറബ് സഖ്യസേന യമനില്‍ ആക്രമണം ആരംഭിച്ചതു മുതല്‍ സൗദിക്കെതിരെ ഹൂത്തികള്‍ നടത്തുന്ന 181മത്തെ മിസൈല്‍ ആക്രമണമാണ് കഴിഞ്ഞ ദിവസത്തേത്.