ഓണ്‍ലൈന്‍ ഇടപെടലുകളില്‍ സൂക്ഷിക്കുക; കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ സൗദി
പൊതുജനങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാം
സമൂഹമാധ്യമങ്ങള്‍ വഴിയുളള തെറ്റായ ഇടപെടലുകള്‍ക്ക് സൗദി അറേബ്യ കടുത്ത ശിക്ഷ പ്രഖ്യാപിച്ചു. പൊതുജനങ്ങളെ പ്രയാസപ്പെടുത്തും വിധം പ്രവര്‍ത്തിക്കുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവും 3 മില്ല്യണ്‍ റിയാല്‍ വരെ പിഴയും ചുമത്തും. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
സൗദിയില്‍ സമുഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ ഇനി സൂക്ഷിച്ചുവേണം. ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നുവേണ്ട, പൊതുജനങ്ങള്‍ക്ക് പ്രയാസകരമാകുന്ന എല്ലാവിധ ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്കും കടുത്ത ശിക്ഷയാണുണ്ടാവുക. പരിഹാസ്യമായതും പ്രകോപനപരമായതും ശല്ല്യപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ക്കും ശിക്ഷയുണ്ടാകും. അത്തരം പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്യുന്നതും മറ്റുള്ളവര്‍ക്ക് അയച്ച് കൊടുക്കുന്നതിനും അനുവാദമില്ല. മത മൂല്ല്യങ്ങളെ ഇകഴ്ത്തുന്നതും പൊതു ധാര്‍മ്മികതക്ക് നിരക്കാത്തതുമായ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങളും ഈ ഗണത്തിലുള്‍പ്പെടും. ഇക്കാര്യങ്ങളെല്ലാം സൈബര്‍ ക്രൈം ആയാണ് പരിഗണിക്കപ്പെടുക. ഇത്തരം ഇടപെലുകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ തന്നെ ഇത് പ്രാബല്ല്യത്തിലുണ്ട്. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതും പിന്തുണക്കുന്നതുമായ ഇടപെടലുകള്‍ക്കും കടുത്ത ശിക്ഷയുണ്ട്. അത്തരം ഇടപെടലുകള്‍ "ഭീകരവാദ" കുറ്റകൃത്യങ്ങളുടെ നിർവചനത്തിലാണ് ഇതുള്‍പ്പെടുത്തിയിട്ടുള്ളതെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.