സൗദിയില്‍ വീണ്ടും ഹൂത്തി മിസൈല്‍ ആക്രമണം
ദക്ഷിണ യമനിലെ ദഹ്‌റാന്‍ ഗ്രാമത്തില്‍ നിന്നാണ് മിസൈല്‍ വിക്ഷേപണം നടന്നത്
സൗദിക്ക് നേരെ യമനിലെ ഹൂത്തികള്‍ വിക്ഷേപിച്ച മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ പതിച്ച് പള്ളികളും വീടുകളും ഭാഗികമായി തകര്‍ന്നു. അസീര്‍ പ്രവിശ്യയിലാണ് മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ പതിച്ചത്. ജനവാസ മേഖല ലക്ഷ്യം വച്ചെത്തിയ മിസൈല്‍ സൈന്യം തകര്‍ക്കുകയായിരുന്നു..
ചൊവ്വാഴചയാണ് ഹൂത്തികള്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തിയത്. രാജ്യത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ അസീര്‍ പ്രവിശ്യയില്‍ മിസൈലെത്തി. ഇത് ആകാശത്ത് വെച്ച് സൈന്യം തകര്‍ത്തു. ആക്രമണ വിവരം അസീര്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സാണ് പുറത്ത് വിട്ടത്. ദക്ഷിണ യമനിലെ ദഹ്‌റാന്‍ ഗ്രാമത്തില്‍ നിന്നാണ് മിസൈല്‍ വിക്ഷേപണം നടന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ ഒരു പള്ളിക്കും സ്വദേശി പൗരന്‍റെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം അമേരിക്കന്‍ സേനയുമായി ചേര്‍ന്ന് സൗദി സഖ്യ സേന സൈനിക പരിശീലനത്തിന് തുടക്കം കുറിച്ചിരുന്നു. ഹൂത്തികള്‍ക്കെതിരായ നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സംയുക്ത സൈനിക പരിശീലനം.
ഹൂത്തികളുടെ മനുഷ്യാവകാശ ലംഘനങ്ങളെ ഐക്യരാഷ്ട്ര സഭ അപലപിക്കണമെന്നും സൗദി സഖ്യ സേന ആവശ്യപ്പെട്ടിരുന്നു. ഇതിനകം ഹൂത്തികള്‍ 198 റോക്കറ്റുകള്‍ സൗദിക്ക് നേരെ അയച്ചിട്ടുണ്ട്. ഇതിനെതിരെയും യു.എന്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നു.