സൗദി ദേശീയദിനത്തോടനുബന്ധിച്ച് ജിദ്ദയിൽ നടന്നുവരുന്ന ചരിത്ര പ്രദർശനം ശ്രദ്ധേയമാവുന്നു
കൂറ്റൻ തമ്പിനകത്ത് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു ഒരുക്കിയ ജിദ്ദയുടെ ചരിത്രം വിശദീകരിക്കുന്ന ഹൃസ്വ വീഡിയോ പ്രദർശനമാണ് മേളയിലെ മുഖ്യാകർഷണം
സാംസ്കാരിക-വൈജ്ഞാനിക-വിനോദ പരിപാടികൾ ഉൾകൊള്ളുന്ന ഇരുപത്തി രണ്ടു സ്റ്റാളുകളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. കൂറ്റൻ തമ്പിനകത്ത് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു ഒരുക്കിയ ജിദ്ദയുടെ ചരിത്രം വിശദീകരിക്കുന്ന ഹൃസ്വ വീഡിയോ പ്രദർശനമാണ് മേളയിലെ മുഖ്യാകർഷണം.
'നമ്മുടെ ചരിത്രം കസ്തൂരിയാണ്' എന്നർത്ഥം വരുന്ന 'താരീഖുനാ മിസ്‌ക്' എന്ന പേരിലാണ് പ്രദർശനം. അമീർ മുഹമ്മദ് ബ്നു സൽമാന് കീഴിലെ മിസ്‌ക് ഇനീഷ്യേറ്റീവ്സ് ആണ് സംഘാടകർ. ഹിജാസി നാടോടി ഗായകൻ യൂസുഫ് അൽ സുബൈരിയുടെ നേതൃത്വത്തിലുള്ള സംഘം പരമ്പരാഗത നാടോടി ഗാനങ്ങളോടെയാണ് സന്ദർശകരെ വരവേൽക്കുന്നത്. അറേബ്യൻ പാരമ്പര്യത്തിന്‍റെ തനത് രൂപങ്ങളാണ് ഓരോ സ്റ്റാളുകളും. നാടന്‍ ചന്തകള്‍, തൊഴിലുകള്‍, ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി പുരാതന കാലത്തെ തെരുവോരങ്ങളും പൗരാണിക ജീവിതവും നാടന്‍ സാംസ്കാരിക പൈതൃക ചിഹ്നങ്ങളുമെല്ലാം പ്രദർശനത്തിൽ ഉണ്ട്.
പരമ്പരാഗത നൃത്തങ്ങള്‍, നാടന്‍ കലാപ്രകടനങ്ങള്‍ തുടങ്ങിയവയുമായി സൗദി കലാകാരന്മാരും മേളയെ കൊഴുപ്പിച്ചു. അനേകം സ്ത്രീ - പുരുഷ ചിത്രകാരന്മാരും തങ്ങളുടെ സൃഷ്ടികളുമായി മേളയിലുണ്ട്. കൂറ്റൻ തമ്പ് ഒരുക്കി മേൽക്കൂര സ്‌ക്രീനാക്കി നടത്തുന്ന ഹൃസ്വ വീഡിയോ പ്രദർശനമാണ് മേളയുടെ മുഖ്യാകർഷണം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജിദ്ദയുടെ 1200 വർഷത്തെ ചരിത്രം വിശദമാക്കുന്നതാണ് പ്രദർശനം. നഗരത്തിന്‍റെ വിവിധ ഘട്ടങ്ങളിലൂടെയുള്ള വളർച്ചയും വികസനവും വിശദീകരിച്ചു സൗദിയുടെ സ്വപ്ന പദ്ധതിയായ വിഷൻ 2030ലേക്കെത്തിക്കുന്ന പ്രദർശനം നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. വൈകുന്നേരം 6 മുതൽ രാത്രി 12 മണിവരെ നടക്കുന്ന മേളയിലേക്ക് സ്വദേശി-വിദേശി സന്ദർശകരുടെ ഒഴുക്കാണ്. വ്യാഴാഴ്ച ആരംഭിച്ച ചരിത്ര പ്രദർശനം ഞായറാഴ്ച സമാപിക്കും.