ഉയര്‍ന്ന തസ്തികകളും സൗദിവല്‍ക്കരിക്കും; പരിശീലനം ആരംഭിച്ചു കഴിഞ്ഞു
സൗദിയില്‍ കൂടുതല്‍ ഉയര്‍ന്ന തസ്ഥികകളും സ്വദേശിവല്‍ക്കരിക്കുമെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം. ഐ.ടി, എക്കൗണ്ടന്‍റ്, ധനകാര്യം, അഭിഭാഷകവൃത്തി തുടങ്ങിയ മേഖലകളേയും സൗദിവല്‍ക്കരിക്കാനാണ് നീക്കം. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ പ്രാപ്തരാണെന്ന് മന്ത്രാലയം അറിയിച്ചു.
ഉയര്‍ന്ന തസ്തികകളായ ഐ.ടി, എക്കൗണ്ടന്‍റ്, ധനകാര്യ ജോലികള്‍, അഭിഭാഷകവൃത്തി തുടങ്ങിയ മേഖലകളിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാനാണ് നീക്കം. ഇത്തരം ജോലികള്‍ ചെയ്യാന്‍ സൗദി പൗരന്‍മാര്‍ പ്രാപ്തരാണെന്ന് വനിതാ സ്വദേശിവല്‍ക്കരണ പദ്ധതി ഡയരക്ടര്‍ നൂറാ അല്‍ റദീനി അറിയിച്ചു. സ്വകാര്യ മേഖലകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണിത്. ബഹുരാഷ്ട്ര കമ്പനികളുമായും വിവിധ സര്‍ക്കാര്‍ അതോറിറ്റികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. സ്വദേശികളിലെ യോഗ്യരായവരുടെ വിവര ശേഖരണം ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഇക്കാര്യത്തില്‍ എഞ്ചിനീയറിംഗ് കൗണ്‍സില്‍, സൗദി ബാര്‍ അസോസ്സിയേഷന്‍, സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ട് തുടങ്ങിയ വകുപ്പുകളുമായും ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഐ.ബി.എം, ഹുവാവെ, ആമസോണ്‍ തുടങ്ങിയ മള്‍ട്ടിനാഷണല്‍ കമ്പനികളുമായി സഹകരിച്ചാണ് ഐ.ടി മേഖലയിലെ സൗദിവല്‍ക്കരണം നടപ്പിലാക്കുക. മെഡിക്കല്‍, ഇന്‍ഡസ്ട്രിയല്‍, എഞ്ചിനീയറിംഗ് ആന്‍റ് ട്രേഡിംഗ് കണ്‍സള്‍ട്ടന്‍സി, ടൂറിസം തുടങ്ങി മേഖലകളിലേക്കും സൗദി വല്‍ക്കരണം വ്യാപിപ്പിക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.