വിമാനങ്ങള്‍ക്ക് ഇനി പുതിയ രൂപവും ഭാവവും; എയര്‍ അറേബ്യ 100 വിമാനങ്ങള്‍ വാങ്ങുന്നു
കൂടുതല്‍ ആകര്‍ഷകമായ ഉള്‍വശവും സൗകര്യവുമുള്ളതാണ് എയര്‍ അറേബ്യയുടെ പുതിയ വിമാനങ്ങള്‍.
ഗള്‍ഫിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ അറേബ്യ 100 വിമാനങ്ങള്‍ കൂടി വാങ്ങുന്നു. കമ്പനിയുടെ പതിനഞ്ചാം വാര്‍ഷികത്തിലാണ് എയര്‍ അറേബ്യ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. എയര്‍ അറേബ്യയുടെ പുതിയ ബ്രാന്‍ഡ് ഐഡന്റിയും പുതിയ വിമാനവും ചടങ്ങില്‍ പ്രഖ്യാപിച്ചു.
പതിനഞ്ചാം വാര്‍ഷികത്തില്‍ എയര്‍ അറേബ്യ അതിന്റെ രൂപവും ഭാവവും മാറുകയാണ്. വാര്‍ഷികകാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിയും പുതിയ വിമാനവും അധികൃതര്‍ പരിചയപ്പെടുത്തി. മോഡേണ്‍ നോമാഡ്, ആധുനിക നാടോടി എന്ന ആശയത്തിലാണ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ ആകര്‍ഷകമായ ഉള്‍വശവും സൗകര്യവുമുള്ളതാണ് എയര്‍ അറേബ്യയുടെ പുതിയ വിമാനങ്ങള്‍. ഇന്ത്യയിലേക്ക് അടക്കം പുതിയ റൂട്ടുകളുടെ പ്രഖ്യാപനവും താമസിയാതെയുണ്ടാകും. നിലവില്‍ 60 വിമാനങ്ങളുള്ള കമ്പനി ഒരു വര്‍ഷത്തിനകമാണ് നൂറ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുക. എയര്‍ബസ് A 320, A 321, ബോയിങ്, എമ്പയര്‍ എന്നീ കമ്പനികളുമായി ഇതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
പഴയ വിമാനങ്ങള്‍ക്ക് പകരം പുതിയവ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എയര്‍ അറേബ്യ ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ആല്‍ഥാനി പുതിയ ബ്രാന്‍ഡ് ഐഡന്റിയുടെ പ്രഖ്യാപനം നടത്തി. പുതിയ വിമാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.