സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരും
മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കാനാണ് പ്രത്യേക നിര്‍ദേശം.
Update: 2018-11-16 02:22 GMT
സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്‌വരകളിലും മലയോരങ്ങളിലും തമ്പടിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. മഴക്ക് മുന്നോടിയായി റിയാദില്‍ വീണ്ടും പൊടിക്കാറ്റ് തുടങ്ങി.
മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കാനാണ് പ്രത്യേക നിര്‍ദേശം. വെള്ളക്കെട്ടുകള്‍ സാഹസികമായി മുറിച്ചു കടക്കാന്‍ ശ്രമിക്കരുത്. വ്യാഴാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ പലഭാഗത്തും മഴയുണ്ട്. ഇടിമിന്നലിന്‍റെയും ശക്തമായ കാറ്റിന്‍റെയും അകമ്പടിയോടെയാണ് ചില സ്ഥലങ്ങളില്‍ കനത്ത മഴ.
അല്‍ഖസീം, ഹഫര്‍ അല്‍ ബാത്തിന്‍ വിദ്യഭ്യാസ വകുപ്പുകള്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. റിയാദില്‍ കനത്ത മഴക്ക് മുന്നോടിയായി പൊടിക്കാറ്റ് വീശുന്നുണ്ട്. മലയോര പ്രവിശ്യകളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി.