ജമാല്‍ ഖശോഗി കൊലപാതക കേസില്‍ സി.ഐ.എയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ലഭിക്കും- ഡോണള്‍ഡ് ട്രംപ്
സൌദി കിരീടാവകാശി ഖശോഗിയെ വധിക്കാന്‍ ഉത്തരവിട്ടെന്ന് സി.ഐ.എ കണ്ടെത്തിയതായുള്ള വാര്‍ത്ത സൌദി അറേബ്യ നിഷേധിച്ചിരുന്നു
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊലപാതക കേസില്‍ സി.ഐ.എയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ലഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. സൌദി കിരീടാവകാശി ഖശോഗിയെ വധിക്കാന്‍ ഉത്തരവിട്ടെന്ന് സി.ഐ.എ കണ്ടെത്തിയതായുള്ള വാര്‍ത്ത സൌദി അറേബ്യ നിഷേധിച്ചിരുന്നു. മികച്ച സുഹൃത്തായ സൌദിക്കെതിരെ പ്രസിഡണ്ടെന്ന നിലക്ക് ഒറ്റയടിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ഉത്തരവിട്ടത് കിരീടാവകാശിയാണെന്നായിരുന്നു ഖശോഗി കോളമെഴുതിയിരുന്ന വാഷിങ്ടണ്‍ പോസ്റ്റിന്‍റെ വാര്‍ത്ത. സി.ഐ.എ റിപ്പോര്‍ട്ടിന്‍റെ കണ്ടെത്തലെന്ന പേരിലുള്ള വാര്‍ത്ത സൌദി അറേബ്യ നിഷേധിച്ചു. ക്രിമിനല്‍ കേസ് രാഷ്ട്രീയവല്‍ക്കരിച്ച് കിരീടാവകാശിയെ വലിച്ചിഴക്കരുതെന്ന് സൌദി വിദേശ കാര്യ മന്ത്രിയും പറഞ്ഞു. ഇതിന് പിന്നാലെയാണ് കേസില്‍ അന്തിമ തീര്‍പ്പിലെത്തിയില്ലെന്ന അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ പ്രതികരണം.
സൌദി മികച്ച സുഹൃത്താണെന്നും പ്രസിഡണ്ടെന്ന നിലക്ക് പലതും പരിഗണിക്കാനുണ്ടെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖശോഗിയെ കൊന്ന കേസില്‍ പ്രതികള്‍ 11 പേരാണ്. അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ് സൌദി പ്രോസിക്യൂഷന്‍ ആവശ്യം. പ്രതികളെ വിട്ടു നല്‍കണമെന്ന തുര്‍ക്കി ആവശ്യത്തോട് സൌദി പ്രതികരിച്ചിട്ടില്ല. പ്രാദേശിക ഏജന്റിന് കഷ്ണങ്ങളാക്കി നല്‍കിയ ഖശോഗിയുടെ മൃതദേഹവും ഇതുവരെ കണ്ടെത്താനായിട്ടില്ല.