ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിന് സൗദിയുടെ ക്ഷണം
ഉപരോധം നിലനില്‍ക്കുന്നതിനിടെ റിയാദില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിന് സൗദി അറേബ്യയുടെ ക്ഷണം. സൗദി ഭരണാധികാരിയുടെ ക്ഷണക്കത്ത് ജി.സി.സി സെക്രട്ടറി മുഖേന ഖത്തര്‍ വിദേശകാര്യമന്ത്രിക്ക് കൈമാറി. ഒപെകില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഖത്തര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സൗദിയുടെ നടപടി.
സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഈദാണ് ജി.സി.സി യോഗത്തില്‍ പങ്കെടുക്കാന്‍ ഖത്തറിനെ നേരിട്ട് ക്ഷണിച്ചത്. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വഴി കൈമാറിയ കത്ത് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സ്വീകരിച്ചു. റിയാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്ന് നേരത്തെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഉപരോധത്തിന് ശേഷമുള്ള രണ്ടാമത്തെ ഉച്ചകോടിയാണ് ഈ മാസം ഒമ്പതിന് നടക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ കുവൈത്തിൽ നടന്ന ഉച്ചകോടിയില്‍ ഖത്തര്‍, കുവൈത്ത് അമീറുമാര്‍ പങ്കെടുത്തെങ്കിലും ബാക്കി രാജ്യങ്ങള്‍ പ്രതിനിധികളെ അയക്കുക മാത്രമാണ് ചെയ്തത്. ഒപെകില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഖത്തര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സൗദിയുടെ നടപടി.