സ്വദേശികളെ നിയമിച്ചാല്‍ ധനസഹായം; സൗദിയുടെ പുതിയ പദ്ധതിക്ക് തുടക്കമായി
സൗദികളെ ജോലിക്ക് നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. 36 മാസത്തേക്ക് വേതനത്തിനും തൊഴില്‍ പരിശീലനത്തിനും വരുന്ന ചെലവുകളുടെ നിശ്ചിത ശതമാനമാണ് ലഭിക്കുക. പുതിയതായി സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം. സ്വദേശിവത്കരണം ശക്തമാക്കലാണ് ലക്ഷ്യം.
സ്വകാര്യമേഖലിയില്‍ പുതിയതായി സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ധനസഹായം. വേതനത്തിന്റേയും തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള ചെലവിന്റേയും നിശ്ചിത ശതമാനം തുക മാനവശേഷി വികസന നിധിയില്‍ നിന്നാണ് ലഭിക്കുക. മൂന്ന് വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം. തൊഴില്‍ കമ്പോളത്തില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കലും സൗദികളെ നിയമിക്കാന്‍ പ്രേരിപ്പിക്കലുമാണ് ലക്ഷ്യം. തൊഴില്‍ സാമൂഹ്യ വികസനമന്ത്രി അഹമ്മദ് അല്‍ രാജ്ഹിയാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശി തൊഴിലാളികളുടെ കഴിവുകള്‍ പരിപോഷിപ്പിച്ച്, രാജ്യത്തിന്റെ പുരോഗതിക്കുതകും വിധം വളര്‍ത്തികൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് 11.6 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി കുറക്കാനുള്ള ശ്രമത്തിലാണ് സൗദി. വനിതാ തൊഴിലാളികളുടെ പങ്കാളിത്തം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്താനും പദ്ധതിയുണ്ട്.