ചന്ദ്രയാന്റെ ചാന്ദ്രവലയ പ്രവേശം ഇന്ന്; നിർണായക ഘട്ടം, പ്രതീക്ഷയോടെ രാജ്യം
വൈകിട്ട് 7 മണിയോടെ പേടകം ചന്ദ്രന് 60,000 കിലോമീറ്റർ അരികെ എത്തും
ചന്ദ്രയാൻ മൂന്നിന്റെ നിർണായകമായ ചാന്ദ്ര വലയ പ്രവേശം ഇന്ന്. വൈകിട്ട് 7 മണിയോടെ പേടകം ചന്ദ്രന് 60,000 കിലോമീറ്റർ അരികെ എത്തും. വിപരീത ദിശയിൽ എൻജിൻ ജ്വലിപ്പിച്ച് 172 മുതൽ, 18,058 കിലോമീറ്റർ വരെയുള്ള ചാന്ദ്ര ഭ്രമണപാതയിലേക്ക് പേടകം എത്തും. പേടകത്തിലെ 266 കിലോ ഇന്ധനം ഇതിനായി ഉപയോഗപ്പെടുത്തും. പേടകം 7.43 ഓടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുമെന്നാണ് നിഗമനം.
ജൂലൈ 14നായിരുന്നു ചന്ദ്രയാൻ 3ന്റെ വിക്ഷേപണം. ആഗസ്റ്റ് 1ന് ഭൂമിയുടെ ഭ്രമണപഥം വിട്ട പേടകം നിലവിൽ ചന്ദ്രന്റെ ഏറ്റവും പുറത്തുള്ള ട്രാൻസ് ലൂണാർ പദത്തിലാണ്. ഇന്ന് വൈകിട്ട് 7ന് സഞ്ചാരപഥം താഴ്ത്തിയാണ് ചന്ദ്രനുമായി അടുപ്പിക്കുക. ഇതോടെ പേടകം ചന്ദ്രന്റെ ആകർഷണവലയത്തിലാകും. പിന്നീട് അതിന്റെ ബലത്തിലാകും പേടകം ചന്ദ്രനെ ഭ്രമണം ചെയ്യുക.
ലൂണാർ പോളാർ ഇൻജക്ഷൻ എന്ന പ്രക്രിയ ആണ് ഇന്ന് നടക്കുന്നത്. ചന്ദ്രന്റെ ഗുരുത്വ മണ്ഡലത്തിൽ പ്രവേശിക്കുന്ന ചന്ദ്രയാന്റെ വേഗതയും സ്ഥാനവും ഒക്കെ നിയന്ത്രിച്ചാണ് ഈ പ്രക്രിയ പൂർത്തിയാക്കുക. പേടകത്തിന്റെ സഞ്ചാരപയതത്തിന് എതിർ ദിശയിൽ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് വേഗത കുറയ്ക്കുകയാണ് ചെയ്യുന്നത്. വേഗത കൃത്യമല്ലെങ്കിൽ ചന്ദ്രനിൽ ഇടിച്ചിറങ്ങാനോ ചന്ദ്രനെ കടന്നു പോകാനോ സാധ്യതയുണ്ട് എന്നത് കൊണ്ടു തന്നെ അതിസങ്കീർണമായ ഘട്ടമാണിത്.
ആഗസ്റ്റ് 23 ആണ് ലാൻഡിംഗിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനായാൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ പേടകമിറക്കുന്ന രാജ്യമായി ഇന്ത്യ മാറും.