ബഹിരാകാശ പേടകത്തിന് സാ​ങ്കേതിക തകരാർ: സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കം നീളുന്നു

സാങ്കേതിക പ്രശ്നങ്ങൾ അവലോകനം ചെയ്തു വരികയാണെന്ന് നാസ വ്യക്തമാക്കി

Update: 2024-06-26 04:47 GMT
Advertising

ന്യൂയോർക്ക്: ബഹിരാകാശ പേടകമായ  ബോയിംഗ് സ്റ്റാർലൈനറിന് സാ​ങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് ഇന്ത്യൻ വംശജയായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവർ ബഹിരാകാശത്ത് കുടുങ്ങി.  ബഹിരാകാശയാത്രികരായ ഇരുവരും ഭൂമിയിലേക്ക് മടങ്ങിവരുന്നത് നീളുമെന്ന് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു.

ജൂലൈ 2 ന് ശേഷമേ പേടകത്തിന്റെ തിരിച്ചുവരവ് സാധ്യമാകൂവെന്നാണ് നാസ പറയുന്നത്. സാങ്കേതിക പ്രശ്നങ്ങൾ അവലോകനം ചെയ്തു വരികയാണെന്നും നാസ വ്യക്തമാക്കി. ജൂൺ 5 നാണ് ഇരുവരും ബഹിരാകാ​ശത്തേക്ക് പുറപ്പെട്ടത്. ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് ശേഷം 14ന് തിരിച്ചെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

പിന്നീട് അത് 22 ലേക്കും തുടർന്ന് 26 ലേക്കും മാറ്റി. എന്നാൽ തകരാർ പൂർണമായും ഇനിയും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ജൂലൈ 2 ന് ശേഷമെ തിരികെയെത്തുള്ളുവെന്നാണ് അവസാനമായി നാസ അറിയിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകമായ ബോയിംഗ് സ്റ്റാർലൈനറിൽ ഹീലിയം വാകതചോർച്ചയുണ്ടായതായി ക​ണ്ടെത്തി. ഇതോടെ പേടകത്തിന്റെ ചില യന്ത്രഭാഗങ്ങളുടെ പ്രവർത്തനം ഭാഗികമായി നിലച്ചു. ഇതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും നാസ അറിയിച്ചു.

വാണിജ്യാടിസ്ഥാനത്തിൽ സഞ്ചാരികളെ എത്തിച്ച് ബഹിരാകാശ നിലയത്തിൽ പാർപ്പിച്ച് തിരികെ കൊണ്ടുവരുന്ന നാസയുടെ ദൗത്യത്തിന്റെ ഭാഗമായാണ്

ഇരുവരും ബഹിരാകാശ യാത്രനടത്തിയത്. 58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര 2006 ഡിസംബറിലായിരുന്നു. 2012-ൽ വീണ്ടും ബഹിരാകാശയാത്ര നടത്തിയ സുനിതാ വില്യംസിന്റെ പേരിലാണ് നിലവിൽ ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന റെക്കോർഡ് ഉള്ളത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News