വിക്ഷേപണത്തിനു പിന്നാലെ ചൈനീസ് റോക്കറ്റ് ജനവാസമേഖലയില്‍ തകര്‍ന്നുവീണു-ദൃശ്യങ്ങള്‍ പുറത്ത്

പ്രപഞ്ചത്തില്‍ നടക്കുന്ന ഏറ്റവും ശക്തമായ പ്രകാശവിസ്‌ഫോടനത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ കണ്ടെത്താനായി ചൈനയും ഫ്രാന്‍സും ചേര്‍ന്നു വികസിപ്പിച്ച ബഹിരാകാശ പേടകം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗങ്ങളാണു തകര്‍ന്നുവീണത്

Update: 2024-06-23 09:20 GMT
Editor : Shaheer | By : Web Desk
Advertising

ബെയ്ജിങ്: ചൈന-ഫ്രാന്‍സ് സംയുക്ത ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച റോക്കറ്റ് ജനവാസമേഖലയില്‍ തകര്‍ന്നുവീണു. വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകള്‍ക്കകമാണ് അപകടം. റോക്കറ്റ് തകര്‍ന്നുവീഴുന്നത് കണ്ടു പരിഭ്രാന്തരായി ജനങ്ങള്‍ ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രപഞ്ചത്തില്‍ നടക്കുന്ന ഏറ്റവും ശക്തമായ പ്രകാശവിസ്‌ഫോടനത്തെക്കുറിച്ചു പര്യവേക്ഷണം നടത്താനായി വികസിപ്പിച്ച സ്‌പേസ് വേര്യബിള്‍ ഒബ്ജക്ട്‌സ് മോണിറ്ററിന്‍റെ(എസ്.വി.ഒ.എം) റോക്കറ്റാണ് അപകടം സൃഷ്ടിച്ചത്. എസ്.വി.ഒ.എം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് മൂന്നിനാണ് തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലുള്ള ഷിചാങ് വിക്ഷേപണത്തറയില്‍നിന്ന് ബഹിരാകാശ പേടകം ഉയര്‍ന്നുപൊങ്ങിയത്. ലോങ് മാര്‍ച്ച് 2-സി റോക്കറ്റായിരുന്നു 930 കി.ഗ്രാം ഭാരമുള്ള പേടകം വഹിച്ചു ബഹിരാകാശത്തേക്കു പറന്നത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ചൈനീസ് നാഷനല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചിരുന്നു.

എന്നാല്‍, വിക്ഷേപണം കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പേടകത്തിലുണ്ടായ പൊട്ടിത്തെറിയിലാണ് റോക്കറ്റിന്റെ ഭാഗങ്ങള്‍ അടര്‍ന്നതെന്നാണു വിവരം. നിയന്ത്രണംവിട്ട റോക്കറ്റ് ചിന്നിച്ചിതറി ചൈനയുടെ ഭാഗത്തുതന്നെ ജനവാസമേഖലയില്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അസിമ്മെട്രിക്കല്‍ ഡൈമെഥൈല്‍ ഹൈഡ്രാസൈന്റെയും നൈട്രജന്‍ ടെട്രോക്‌സൈഡിന്റെയും സംയുക്തമാണ് റോക്കറ്റിന്റെ പ്രോപലന്റുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഇത് മാനുഷികാരോഗ്യത്തിന് അപകടകരമാണ്. റോക്കറ്റ് ഭൂമിയില്‍ പതിച്ചതിനു പിന്നാലെയുണ്ടാകുന്ന വിഷവാതകം ശ്വസിക്കുന്നത് ആളുകളുടെ ജീവനു ഭീഷണിയാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.

ഇതാദ്യമായാണ് ചൈനയും ഫ്രാന്‍സും ഒന്നിച്ച് ഒരു ബഹിരാകാശ ദൗത്യത്തിനിറങ്ങുന്നത്. ചൈനയുടെയും ഫ്രാന്‍സിന്റെയും എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ് എസ്.വി.ഒ.എം വികസിപ്പിച്ചത്. ഇരുരാജ്യങ്ങളുടെയും രണ്ടുവീതം ഉപകരണങ്ങളാണ് പേടകത്തില്‍ ഘടിപ്പിച്ചിരുന്നത്. ശതകോടി പ്രകാശ വര്‍ഷങ്ങളെടുത്ത് ഭൂമിയിലെത്തുന്ന വെളിച്ച വിസ്‌ഫോടനത്തിനിടയാക്കുന്ന ഗാമാ റേ പൊട്ടിത്തെറിയെ കുറിച്ചു പഠിക്കുകയാണു ദൗത്യത്തിന്റെ ലക്ഷ്യം. ഏറ്റവും ദൂരെയുള്ള നക്ഷത്ര വിസ്‌ഫോടനങ്ങളായിരിക്കും ഉപഗ്രഹം നിരീക്ഷിക്കുക. ആകാശത്തു നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ക്ക് ഇതു വഴി തുറയ്ക്കുമെന്നാണ് ചൈനീസ് ബഹിരാകാശ ഏജന്‍സി പ്രതീക്ഷ പ്രകടിപ്പിച്ചത്.

ക്ഷീരപഥത്തില്‍ ഭീമന്‍ നക്ഷത്രങ്ങള്‍ കൂട്ടിയിടിച്ചാണ് ഗാമാ റേ സ്‌ഫോടനങ്ങളുണ്ടാകുന്നത്. സൂര്യനിലും 20 ഇരട്ടി വലിപ്പമുള്ളതാകും ഈ നക്ഷത്രങ്ങള്‍. നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്നും ഇത്തരത്തിലുള്ള വിസ്‌ഫോടനങ്ങളുണ്ടാകാം. ഇതുവഴിയുണ്ടാകുന്ന അതിതീവ്ര വെളിച്ചമുള്ള കാന്തികതരംഗങ്ങള്‍ക്കു പരശ്ശതം കോടി സൂര്യനിലുമേറെ പ്രകാശോര്‍ജം പ്രസരിപ്പിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. വാതകപാളികളുടെയും ബഹിരാകാശത്ത് കടന്നുപോകുന്ന സൗരയൂഥത്തിന്റെയും അടയാളങ്ങള്‍ വഹിച്ചാകും ഗാമാ റേ എത്തുക.

പ്രപഞ്ചത്തിന്റെ പരിണാമവും ചരിത്രവും കൂടുതല്‍ തെളിച്ചത്തോടെ മനസിലാക്കാന്‍ സഹായിക്കുന്ന വിലപ്പെട്ട വിവരങ്ങളാകും ഇതെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം. ഈ മേഖലയിലെ നിരവധി നിഗൂഢതകളും രഹസ്യങ്ങളും പുറത്തുകൊണ്ടവരാന്‍ ചൈനീസ്-ഫ്രഞ്ച് ബഹിരാകാശ ദൗത്യത്തിനാകുമെന്നാണ് ന്യൂയോര്‍ക്കിലെ ഫ്‌ളാറ്റിറോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ഒറേ ഗോട്ട്‌ലീബ് പറയുന്നത്.

കഴിഞ്ഞ മേയില്‍ ചൈന വിക്ഷേപിച്ച ചാങ്ഇ-6 പേടകം ചന്ദ്രന്റെ അങ്ങേയറ്റത്തുനിന്നുള്ള സാംപിളുകള്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ബഹിരാകാശ പേടകത്തിലേക്ക് വിജയകരമായി കൈമാറ്റം ചെയ്തതായി ഈ മാസം ആദ്യത്തില്‍ ചൈന അവകാശപ്പെട്ടിരുന്നു. 2024 മേയ് മൂന്നിനാണ് ചൈനയിലെ ഹൈനാന്‍ ദ്വീപില്‍നിന്ന് പേടകം വിക്ഷേപിച്ചത്. ജൂണ്‍ 25ഓടെ ഇതു ഭൂമിയിലേക്കു തിരികെയെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നാണ് ചൈന അറിയിച്ചത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ചന്ദ്രന്റെ വിദൂരദേശത്തെ സാംപിളുകള്‍ വിജയകരമായി വീണ്ടെടുക്കുന്ന ആദ്യത്തെ രാജ്യമാകും ചൈന.

Summary: Part of rocket carrying China-France satellite crashes near residential area

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News