വരുന്നു, ചന്ദ്രനിലും ട്രെയിൻ; സ്വപ്ന പദ്ധതിയുമായി നാസ
2030ഓടെ ചന്ദ്രോപരിതലത്തില്‍ പേലോഡ് ഗതാഗതം സാധ്യമാക്കുകയാണ് നാസ ലക്ഷ്യമിടുന്നത്
വാഷിങ്ടൺ: ചന്ദ്രനിൽ ചൂളംവിളിച്ചു പായുന്ന ട്രെയിൻ! എന്തു നല്ല നടക്കാത്ത സ്വപ്‌നം എന്നാണോ.. എന്നാൽ, അങ്ങനെ കരുതേണ്ട. ചന്ദ്രോപരിതലത്തിൽ ട്രെയിൻ സർവീസും റെയിൽവേ സ്റ്റേഷനുമെല്ലാം തുടങ്ങാനുള്ള ആലോചനയിലാണിപ്പോൾ നാസ. പദ്ധതിയുടെ സാധ്യതാ പഠനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായാണു പുറത്തുവരുന്ന വിവരം.
ഫ്‌ളെക്‌സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക്(ഫ്‌ളോട്ട്) എന്ന പേരിലാണ് നാസ പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നതെന്ന് ശാസ്ത്ര വെബ് പോർട്ടലായ 'സയൻസ് ലൈവ്' റിപ്പോർട്ട് ചെയ്തു. ചന്ദ്രനിലേക്കു വിക്ഷേപിക്കുന്ന പേടകങ്ങളിലുള്ള പേലോഡിന് സുഗമമായി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കുകയാണ് നാസ ലക്ഷ്യമിടുന്നത്. റോബോട്ട് നിയന്ത്രിത ട്രെയിനായിരിക്കുമിത്.
ബഹിരാകാശത്തെ പുത്തൻ പര്യവേക്ഷണങ്ങളുടെ ഭാഗമായി സയൻസ് ഫിക്ഷൻ സ്വഭാവത്തിലുള്ള പദ്ധതികൾ വികസിപ്പിക്കാനായി ആരംഭിച്ച നാസാസ് ഇനൊവേറ്റിവ് അഡ്വാൻസ്ഡ് കൺസെപ്റ്റ്‌സ് പ്രോഗ്രാം(നിയാക്) ആണ് ചന്ദ്രനിലെ റെയിൽവേ പദ്ധതിയെ കുറിച്ചുള്ള ഗവേഷണങ്ങൾക്കു മേൽനോട്ടം വഹിക്കുക. 2030ഓടെ ചന്ദ്രോപരിതലത്തിലൂടെ ചരക്കുഗതാഗതം സാധ്യമാക്കുകയാണ് നാസ ലക്ഷ്യമിടുന്നത്. ചന്ദ്രനിൽ പേലോഡ് ഗതാഗതത്തിനായി ആശ്രയിക്കാൻ കൊള്ളാവുന്ന സ്വയംനിയന്ത്രിതവും കാര്യക്ഷമവുമായ ആദ്യത്തെ റെയിൽവേ സംവിധാനമൊരുക്കുകയാണ് നാസ ലക്ഷ്യമിടുന്നതെന്നാണ് പ്രോജക്ട് തലവൻ എഥാൻ സ്‌കാലർ വെളിപ്പെടുത്തിയത്. നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിലെ റോബോട്ടിക്‌സ് എൻജിനീയറാണ് എഥാൻ. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് വിസ്മയിപ്പിക്കാൻ പോകുന്ന നാസയുടെ പുതിയ പദ്ധതിയെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
മാഗ്നെറ്റിക് റോബോട്ടുകളായിരിക്കും ട്രെയിനുകൾ നിയന്ത്രിക്കുകയെന്ന് ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ചക്രങ്ങളോ കാലുകളോ ട്രാക്കുകളോ ഒക്കെയുള്ള പതിവ് ചാന്ദ്ര റോബോട്ടുകളിൽനിന്ന് വ്യത്യസ്തമായിരിക്കും ഇവ. ഇവയ്ക്ക് ചലിക്കുന്ന അവയവങ്ങളും ഉണ്ടാകില്ല. ചന്ദ്രനിലെ പൊടിപടലമുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ട്രാക്കിനു മുകളിലൂടെ ഒഴുകിനടക്കുകയാകും ഇവ ചെയ്യുകയെന്നും എഥാൻ പറഞ്ഞു.
റെയിൽവേ ട്രാക്കുകളും നമ്മൾ കണ്ടുപരിചയിച്ചതിൽനിന്ന് ഏറെ വ്യത്യസ്തമായിരിക്കും. പരമ്പരാഗത റോഡ്, റെയിൽവേ, കേബിൾവേ സംവിധാനങ്ങളെപ്പോലെ ചന്ദ്രോപരിതലത്തിൽ ട്രാക്കുകൾ നേരത്തെ നിർമിച്ചുവയ്ക്കില്ല. റോബോട്ട് ഉപരിതലത്തിലൂടെ മുന്നോട്ടു സഞ്ചരിക്കുന്നതിനനുസരിച്ചു പായ പോലെ ചുരുൾനിവരുന്ന പോലെയായിരിക്കും ട്രാക്കുകൾ സജ്ജമാക്കുക. ഏതുതരത്തിലുള്ള പേലോഡ് സാധനസാമഗ്രികളും ആവശ്യമായ വേഗത്തിൽ കൊണ്ടുപോകാൻ ഫ്‌ളോട്ട് റോബോട്ടുകൾക്കാകും. വൻ സജ്ജീകരണങ്ങളുള്ള ട്രെയിനിൽ 10 ലക്ഷം കിലോ ഗ്രാം ഭാരമുള്ള സാധനങ്ങൾ വരെ ഒരു ദിവസം കിലോ മീറ്ററുകൾ ദൂരം കൊണ്ടുപോകാനാകും.
അടുത്ത ഘട്ടത്തിൽ ചന്ദ്രനിലൂടെ മനുഷ്യരെ വഹിച്ചുകൊണ്ടുപോകാവുന്ന തരത്തിൽ ഫ്‌ളോട്ട് ട്രെയിനുകൾ വികസിപ്പിക്കുമെന്നും ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്. ചന്ദ്രോപരിതലത്തിലെ മനുഷ്യ പര്യവേക്ഷണങ്ങൾക്കു വേണ്ട സജ്ജീകരണങ്ങളുമായായിരിക്കും റോബോട്ടുകളെ വികസിപ്പിക്കുക. മനുഷ്യന്റെ ചാന്ദ്രപര്യവേക്ഷണവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന വെല്ലുവിളികൾക്കെല്ലാം ഇതുവഴി വലിയ അളവിൽ പരിഹാരം കാണാനാകുമെന്ന് നാസ പ്രതീക്ഷിക്കുന്നുണ്ട്.
Summary: NASA plans to build a levitating robot train on the moon