ആകാശത്ത് അത്ഭുതക്കാഴ്ച; പെർസീഡ് ഉൽക്കമഴ നമുക്കും കാണാം, ചെയ്യേണ്ടത് ഇത്രമാത്രം

മണിക്കൂറിൽ 100 ഉൽക്കകൾ വരെ കാണാൻ സാധിക്കും

Update: 2023-08-12 09:32 GMT
Advertising

ഏറ്റവും തിളക്കമുള്ള പെർസീഡ്‌സ് ഉൽക്കമഴ കാണാൻ കാത്തിരിക്കുകയാണ് ലോകം. തെളിഞ്ഞ ആകാശമാണെങ്കില്‍ തീര്‍ച്ചയായും ഇന്ന് അർധരാത്രി മുതൽ ഇന്ത്യക്കാര്‍ക്ക് ഉല്‍ക്കമഴ കാണാനാകും. വർഷംതോറും പെയ്തിറങ്ങുന്ന പെർസീഡ് ഉൽക്കമഴ നാളെ പുലർച്ചവരെ ദൃശ്യമാകും. മണിക്കൂറിൽ 100 ഉൽക്കകൾ വരെ ദൃശ്യമാകുമെന്നാണ് വാന നിരീക്ഷകർ അറിയിക്കുന്നത്. 

ഉൽക്കമഴ സംഭവിക്കുന്നത് എങ്ങനെ? എങ്ങനെ കാണാനാകും?

വാല്‍നക്ഷത്രത്തില്‍ നിന്ന് ചിതറിത്തെറിക്കുന്ന ഭാഗങ്ങളും ഛിന്നഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുമാറുന്നതുമായ ഭാഗമാണ് ഉല്‍ക്കകള്‍. വാല്‍ നക്ഷത്രങ്ങള്‍ ഭൂമിയെ കടന്ന് പോവുമ്പോള്‍ അവയ്‌ക്കൊപ്പം പൊടിപടലങ്ങള്‍ നിറഞ്ഞ ധൂമം പിന്നാലെ വാല്‍ പോലെ ഉണ്ടാകാറുണ്ട്.  ഓരോ വര്‍ഷവും അത് കടന്ന് പോവുമ്പോള്‍ പോയ വഴിയെ അവശിഷ്ടങ്ങളും ബാക്കിയാവുന്നു. ഇവ ഭൗമാന്തരീക്ഷത്തില്‍ പതിക്കുന്നു. അന്തരീക്ഷത്തില്‍ ഇവ കത്തിയെരിയുമ്പോളാണ് അത് വര്‍ണക്കാഴ്ചയായി മാറുന്നത്.

പെർസീഡ്‌സ് ഉൽക്കമഴ ജൂലൈ 17നാണ് ആരംഭിച്ചത്. ആഗസ്റ്റ് 24ന് അവസാനിക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഇത് ഭൂമിയില്‍ നിന്നും ഏറ്റവും തെളിച്ചത്തില്‍ ദൃശ്യമാവുക. കോമെറ്റ് 109പി/സ്വിറ്റ്-ടട്ടിള്‍ എന്ന വാല്‍ നക്ഷത്രത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങളാണ് പെർസീഡ്‌സ് ഉല്‍ക്കകള്‍. പെർസ്യൂസ് നക്ഷത്ര സമൂഹ മേഖലയുടെ ഭാഗത്ത് നിന്നാണ് പെർസീഡ്‌സ് ഉല്‍ക്കകള്‍ വരുന്നത്. അതിനാലാണ് ഈ പേര് വന്നത്.  

ഇന്ത്യ ഉള്‍പ്പടെ ഉത്തരാര്‍ധഗോള മേഖലയിലുള്ള സ്ഥലങ്ങളില്‍ നിന്ന് പെർസീഡ്‌സ് ഉൽക്കമഴ കാണാം. ഇതിനായി പ്രകാശ മലിനീകരണം ഉള്ള ഇടങ്ങളില്‍ നിന്ന് മാറി തെളിഞ്ഞ വിസ്തൃതിയുള്ള ആകാശം കാണുന്നയിടം കണ്ടെത്തണം. ആകാശത്ത് വടക്ക് കിഴക്കന്‍ ദിശയിലേക്കാണ് നോക്കേണ്ടത്. ഒരു മണിക്കൂറിൽ 60 മുതൽ 100 വരെ ഉൽക്കകൾ അതിന്റെ ഉച്ഛസ്ഥായിയിൽ കാണാൻ കഴിയും. ഇവകാണാൻ സാധിച്ചില്ലെങ്കിൽ വെർച്വൽ ടെലിസ്‌കോപ്പ് പ്രൊജക്ട് ഹോസ്റ്റു ചെയ്ത തത്സമയ സ്ട്രീമിലൂടെ നിങ്ങൾക്ക് ഉൽക്കാവർഷം കാണാനാകും.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News