ഫെഡറേഷന്‍ കപ്പ് അത്‍ലറ്റിക് മീറ്റ്: ടിന്റുവിനും ജിതിനും മീറ്റ് റെക്കോഡോടെ സ്വര്‍ണം

Update: 2017-04-28 14:49 GMT
Editor : admin
ഫെഡറേഷന്‍ കപ്പ് അത്‍ലറ്റിക് മീറ്റ്: ടിന്റുവിനും ജിതിനും മീറ്റ് റെക്കോഡോടെ സ്വര്‍ണം
Advertising

ഫെഡറേഷന്‍ ദേശീയ സീനിയര്‍ അത്‍ലറ്റിക് മീറ്റില്‍ ടിന്റു ലൂക്കയ്ക്കും ജിതിന്‍ പോളിനും മീറ്റ് റെക്കോഡോടെ സ്വര്‍ണം. വനിതകളുടെ 800 മീറ്ററില്‍ 2. 018 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ടിന്റു സ്വര്‍ണം നേടിയത്

ഇരുപതാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‍ലറ്റിക് മീറ്റിന് ഡല്‍ഹിയില്‍ സമാപനം. അവസാന ദിവസം നടന്ന മത്സരങ്ങളില്‍ മലയാളികളായ ടിന്റു ലൂക്ക വനിതകളുടെ 800 മീറ്ററിലും ജിതിന്‍ പോള്‍ പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹഡില്‍സിലും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. ട്രിപ്പിള്‍ ജംബില്‍ രഞ്ജിത് മഹേശ്വരിയും പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും സ്വര്‍ണ്ണം നേടി. വനിത ട്രിപ്പിള്‍ ജംബില്‍ ഒളിമ്പിക്സ് യോഗ്യത ലക്ഷ്യമിട്ടെത്തിയ മയൂഖ ജോണി പരിക്കേറ്റ് പിന്മാറി.

പരിക്കുകളുടെ മോശം കാലം പിന്നിട്ട് ഫെബ്രുവരിയില്‍ നടന്ന സാഫ് ഗെയിംസിലാണ് മയൂഖ ജോണി ജമ്പിംഗ് പിറ്റില്‍ പൂര്‍ണ്ണ മികവിലേക്കെത്തിയത്. റിയോ ഒളിമ്പിക്സിന് മൂന്ന് മാസം മാത്രം അവശേഷിക്കെ, ഒളിമ്പിക് യോഗ്യതയെന്ന സ്വപ്നവുമായി ഫെഡറേഷന്‍ കപ്പിനെത്തിയ മയൂഖ ജോണിക്ക് പക്ഷെ കണ്ണീരോടെ മടക്കം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ട്രിപ്പിള്‍ ജംബിലെ ആദ്യ ചാട്ടത്തില്‍ തന്നെ കണങ്കാലിനേറ്റ പരിക്കുമായി മയൂഖ കളം വിട്ടു. പരിക്ക് ഗുരുതരമല്ലെന്നും മൂന്നാഴ്ചത്തെ വിശ്രമം വേണ്ടി വരുമെന്നുമാണ് പരിശീലകര്‍ നല്‍കുന്ന വിവരം. മയാളികളായ ഷീന എന്‍വിയും ശില്‍പ ചാക്കോയും ഈ ഇനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും നേടി.

ഒളിമ്പിക്സിന് നേരത്തെ യോഗ്യത നേടിയ ടിന്റു ലൂക്ക 800 മീറ്ററില്‍ അനായാസമാണ് സ്വര്‍ണ്ണം കുറിച്ചത്. 2.0184 മിനുട്ടിലായിരുന്നു ഫിനിഷ്. സീസണിലെ ആദ്യ മത്സരം എന്ന നിലയിലും പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ടിന്റു നടത്തിയതെന്ന് പരിശീലക പി ടി ഉഷ പ്രതികരിച്ചു.

പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ നിലവിലെ മീറ്റ് റെക്കോര്‍ഡ് ജേതാവ് സജീഷ് ജോസഫിന് വെങ്കലമേ നേടാനായുള്ളൂ. ജിതിന്‍ പോള്‍ 400 മീറ്റര്‍ ഹഡില്‍സില്‍ 49.94 സെക്കന്‍റില്‍ ഫിനിഷ് ചെയ്താണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്. പുരുഷ ട്രിപ്പിള്‍ ജംബില്‍ സ്വര്‍ണ്ണം നേടിയെങ്കിലും ഒളിമ്പിക്സ് യോഗ്യതയെന്ന ലക്ഷ്യം നേടാതെ രഞ്ജിത് മഹേശ്വരി മടങ്ങി. വനിത പോള്‍വാള്‍ട്ടില്‍ ദിജ കെ സി വെള്ളിയും സിഞ്ജു പ്രകാശ് വെങ്കലവും നേടി. വനിതകളുടെ 200 മീറ്ററില്‍ ദ്യൂതി ചന്ദിനെ വെള്ളിയിലേക്ക് പിന്തള്ളി ഒഡീഷയുടെ തന്നെ ഷ്രബാനി നന്ദ സ്വര്‍ണ്ണം നേടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News