മൊഹാലിയില്‍ റെക്കോര്‍ഡുകളുടെ പെരുമഴയുമായി ധോണി

Update: 2017-06-08 01:58 GMT
Editor : Alwyn K Jose
മൊഹാലിയില്‍ റെക്കോര്‍ഡുകളുടെ പെരുമഴയുമായി ധോണി
Advertising

മൊഹാലി ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ റെക്കോര്‍ഡുകളുടെ പെരുമഴയാണ് ധോണിയില്‍ നിന്നുണ്ടായത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്‍ ആരെന്ന ചോദ്യത്തിന് പലര്‍ക്കും പല അഭിപ്രായങ്ങളുമുണ്ടാകും. എന്നാല്‍ ടീം ഇന്ത്യയുടെ നായകന്‍ എന്ന നിലയില്‍ മഹേന്ദ്ര സിങ് ധോണി സ്വന്തം അക്കൌണ്ടില്‍ എഴുതിചേര്‍ത്ത റെക്കോര്‍ഡുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഉത്തരം മഹിയില്‍ ഒതുങ്ങാം. മൊഹാലി ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ റെക്കോര്‍ഡുകളുടെ പെരുമഴയാണ് ധോണിയില്‍ നിന്നുണ്ടായത്.

ഏകദിന ക്രിക്കറ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നാഴികക്കല്ല് പിന്നിട്ട ശേഷമാണ് 91 പന്തില്‍ നിന്നു 80 റണ്‍സുമായി ധോണി, ഹെന്‍റിക്ക് കീഴടങ്ങിയത്. മിച്ചല്‍ സാന്റനറുടെ ഓവറില്‍ ഗാലറിയിലേക്ക് സിക്സര്‍ പറത്തിയാണ് ധോണി ഈ നേട്ടം ആഘോഷിച്ചത്. ഇതോടെ ഈ റെക്കോര്‍ഡ് നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ധോണിക്കൊപ്പമായി. മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് ശേഷം 9000 റണ്‍സ് പിന്നിടുന്ന താരമാണ് ധോണി. ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 150 സ്റ്റംപിങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിക്കറ്റ്കീപ്പര്‍ എന്ന റെക്കോര്‍ഡും ധോണി സ്വന്തം ഗ്ലൌസില്‍ എഴുതിച്ചേര്‍ത്തു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തിയ നായകന്‍ എന്ന നേട്ടവും മൊഹാലിയില്‍ ധോണി സ്വന്തമാക്കി. 194 സിക്സറുകള്‍ എന്ന മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങിന്റെ റെക്കോര്‍ഡാണ് ധോണി പഴങ്കഥയാക്കിയത്. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന റെക്കോര്‍ഡും ഇനി മുതല്‍ സച്ചിന്റെ പേരിലായിരിക്കില്ല.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News