ധോണിക്ക് മിഡാസ് ടച്ച് നഷ്ടമാകുന്നുവോ?
നായകന്‍ സ്കോര്‍ ചെയ്യാതെ നഷ്ടമാക്കിയ പന്തുകള്‍ അന്തിമ ഓവറുകളില്‍ ചെറുതായൊന്നുമല്ല ഇന്ത്യയെ വേട്ടയാടിയത്. അതുതന്നെയാണ് കലാശ ഓവറുകളിലെ ....
ഏകദിനങ്ങളില്‍ ഇന്ത്യ ഓരോ പരാജയം ഏറ്റുവാങ്ങുന്പോഴും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ് അവസാന ഓവറുകളില്‍ മിന്നലായി എതിരാളികളുമേല്‍ പെയ്തിറങ്ങിയിരുന്ന മഹേന്ദ്ര സിങ് ധോണിയുടെ ഫോം. കുറച്ചു നാളുകളായി പഴയ പ്രതാപത്തിന്‍റെ നിഴലാണ് ധോണിയെന്നത് ഇന്ത്യന്‍ ഏകദിന നായകന്‍റെ ആരാധകര്‍ പോലും ഉള്‍കിടിലത്തോടെ ജപങ്കിടുന്ന ഒരു ആശങ്കയാണ്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലെ പരാജയത്തോടെ ധോണിയുടെ മിഡാസ് ടച്ച് വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയാണ്. പതിവിനു വിപരീതമായി നേരത്തെ ക്രീസിലെത്തിയ ധോണിക്ക് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ മികച്ച അവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ സൌത്തിയുടെ മനോഹരമായ ഒരു ക്യാച്ച് ആ ഇന്നിങ്സിന് വിരാമം കുറിച്ചു. സ്വന്തം ബൌളിംഗില്‍ അസാമാന്യമായ ക്യാച്ചാണ് സൌത്തി എടുത്തതെന്ന് ആശ്വസിക്കാമെങ്കിലും നായകന്‍ സ്കോര്‍ ചെയ്യാതെ നഷ്ടമാക്കിയ പന്തുകള്‍ അന്തിമ ഓവറുകളില്‍ ചെറുതായൊന്നുമല്ല ഇന്ത്യയെ വേട്ടയാടിയത്. അതുതന്നെയാണ് കലാശ ഓവറുകളിലെ രാജകുമാരനായ ധോണിക്ക് ആ കഴിവ് നഷ്ടമാകുന്നുവോ എന്ന ആശങ്കകള്‍ക്ക് വഴിമരുന്നിടുന്നതും.
അവസാന ഓവറുകളില്‍ ധോണി മാജിക് ഇന്ത്യക്ക് അന്യമാകുന്നത് ഈ അടുത്തകാലത്ത് ഇത് രണ്ടാം തവണയാണ്. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്‍റി20 പരന്പരയിലെ രണ്ടാം മത്സരത്തില്‍ അവസാന ഓവറില്‍ കേവലം എട്ടു റണ്‍സ് മാത്രം ആവശ്യമായിരിക്കെ ക്രീസിലെ ധോണിയുടെ സാന്നിധ്യം ഇന്ത്യക്ക് ജയം ഉറപ്പിക്കുന്ന ഘടകമായിട്ടായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഡ്വെയിന്‍ ബ്രാവോ കീഴടങ്ങാന്‍ തയാറായിരുന്നില്ല. ധോണിക്ക് കൂച്ചുവിലങ്ങിട്ട ബ്രാവോ അവസാന പന്തില്‍ ആ വിക്കറ്റും സ്വന്തമാക്കി ഇന്ത്യക്ക് ജയം നിഷേധിച്ചു. ബ്രാവോയ്ക്കെതിരെ മനസിലുണ്ടായിരുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ പരാജയപ്പെട്ടതായി ധോണി തന്നെ പിന്നീട് സമ്മതിക്കുകയും ചെയ്തു.
സിംബാബ്‍വേക്കെതിരെ ഈ വര്‍ഷം ആദ്യം നടന്ന ട്വന്‍റി20 മത്സരത്തിലും ഇതേ രംഗങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. എട്ട് റണ്‍ വിജയലക്ഷ്യവുമായി അവസാന ഓവറില്‍ ഇന്ത്യയുടെ പ്രതീക്ഷയായി നിലകൊണ്ട ധോണിക്ക് പക്ഷേ അവസാന പന്ത് ബൌണ്ടറി കടത്താനായില്ല - ഇന്ത്യ രണ്ട് റണ്‍സിന് പരാജയപ്പെടുകയും ചെയ്തു. അവസാന ഓവറുകളില്‍ ഒരുപാട് ചിന്തിക്കുന്നതാണ് ധോണിയെ ഇപ്പോള്‍ അലട്ടുന്നതെന്നാണ് വിലയിരുത്തല്‍. പ്രായം ഏറുന്നതിനാല്‍ ഫിനിഷറുടെ റോളില്‍ നിന്നും മാറാന്‍ ധോണി ആഗ്രഹിക്കുന്നുണ്ടെന്നും മറ്റൊരു സത്യമാണ്.