ധോണിയെ വിരമക്കലിലേക്ക് തള്ളരുതെന്ന് ഡീന്‍ ജോണ്‍സ്
എബി ഡിവില്ലിയേഴ്സിനെ മറികടക്കാന്‍ കൊഹ്‍ലിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കൊഹ്‍ലി ബാറ്റ് ചെയ്യുന്നത് കാണുന്നതു തന്നെ ഒരു ബഹുമതിയാണെന്നും.....
ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയെ വിരമിക്കലിലേക്ക് തള്ളിവിടരുതെന്ന് മുന്‍ ഓസീസ് താരം ഡീന്‍ ജോണ്‍സ്. വിരമിച്ചതിനു ശേഷം ധോണിയുടെ അഭാവം ഏറെ പ്രകടമായിരിക്കുമെന്നും ജോണ്‍സ് അഭിപ്രായപ്പെട്ടു.
''നമ്മുടെ മികച്ച താരങ്ങളെ വിരമിക്കലിലേക്ക് തള്ളിവിടാന്‍ നമുക്ക് ധൃതിയാണ്. ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവന കണക്കിലെടുത്ത് വിരമിക്കലിനുള്ള സമയം സ്വയം തീരുമാനിക്കാനുള്ള അവസരം അദ്ദേഹത്തിന് നല്‍കുകയാണ് വേണ്ടത്. ക്രിക്കറ്റിന്‍റെ എല്ലാ മേഖലകളിലും നായക സ്ഥാനം ഏറ്റെടുക്കാന്‍ കൊഹ്‍ലിക്ക് ധൃതിയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതിനുള്ള സമയം വന്നു ചേരും. എന്നെ വിശ്വസിക്കൂ വിരമിച്ച ശേഷമാകും ധോണിയുടെ അഭാവം ഏറ്റവും കൂടുതല്‍ പ്രകടമാകുക, പ്രത്യേകിച്ച് ഏഷ്യന്‍ പിച്ചുകളില്‍." -ജോണ്‍സ് പറഞ്ഞു.
ക്രിക്കറ്റ് രംഗത്ത് ഇന്നുള്ളതില്‍ ഏറ്റവും മികച്ച താരമാണ് വിരാട് കൊഹ്‍ലിയെന്ന് ജോണ്‍സ് അഭിപ്രായപ്പെട്ടു. അയാള്‍ ബാറ്റിങിനായി നടന്നടുക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. വളരെ ശാന്തനായാണ് അയാള്‍ കാര്യങ്ങളെ സമീപിക്കുന്നത്. അജയ്യനായി നിലകൊണ്ട് ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന രീതി ഇത്രത്തോളം അറിയാവുന്ന ഒരു താരം ഇന്ന് ക്രിക്കറ്റ് ലോകത്തില്ല. എബി ഡിവില്ലിയേഴ്സിനെ മറികടക്കാന്‍ കൊഹ്‍ലിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കൊഹ്‍ലി ബാറ്റ് ചെയ്യുന്നത് കാണുന്നതു തന്നെ ഒരു ബഹുമതിയാണെന്നും ജോണ്‍സ് പറഞ്ഞു.