2019 ലോകകപ്പ് ധോണിയുടെ മനസിലുണ്ട്
ശാരീരിക ക്ഷമതയും ഫോമും ബാധിക്കുകയില്ലെങ്കില്‍ അടുത്ത ലോകകപ്പില്‍ കൊഹ്‍ലിക്ക് കീഴില്‍ അണിനിരക്കുന്നത് ധോണിയുടെ മനസിലുണ്ടെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന ...
ഏകദിന, ട്വന്‍റി20 നായക സ്ഥാനം ഒഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി തുടരാനാഗ്രഹിക്കുന്നതായി വ്യക്തമാക്കിയ മഹേന്ദ്രസിങ് ധോണി ഉന്നമിടുന്നത് 2019 ലോകകപ്പെന്ന് സൂചന. ശാരീരിക ക്ഷമതയും ഫോമും ബാധിക്കുകയില്ലെങ്കില്‍ അടുത്ത ലോകകപ്പില്‍ കൊഹ്‍ലിക്ക് കീഴില്‍ അണിനിരക്കുന്നത് ധോണിയുടെ മനസിലുണ്ടെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യന്‍ നിരയില്‍ ഒരു മികച്ച ഫിനിഷറുടെ അഭാവവും അനുഭവ സമ്പത്തും ധോണിയെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകങ്ങളാണ്. ലോകകപ്പില്‍ പാഡണിയുക എന്ന ആഗ്രഹം മനസിലുണ്ടെങ്കിലും ഓരോ മത്സരത്തിലെയും പ്രകടനങ്ങള്‍ക്കനുസരിച്ച് സ്വയം വിലയിരുത്തലിന് ശേഷമാകും ധോണി തീരുമാനം കൈകൊള്ളുക.
മികച്ച കായികക്ഷമത നിലനിര്‍ത്തുകയെന്നതാണ് ധോണി ഉന്നംവയ്ക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. നിലവിലുള്ള ഏകദിന ട്വന്‍റി20 ടീമില്‍ വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തില്‍ തന്നെ കവച്ചുവയ്ക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്ന മറ്റൊരാളില്ലെന്നാണ് മഹിയുടെ തന്നെ വിലയിരുത്തല്‍.
കായികക്ഷമത നിലനിര്‍ത്താനായി കഠിന പ്രയത്നമാണ് ധോണി നടത്തുന്നത്. സൌരവ് ഗാംഗുലി നായകനായിരിക്കെയാണ് ഇന്ത്യന്‍ ടീമിലേക്ക് ധോണി കടന്നുവന്നത്. തന്‍റെ ആദ്യ നായകനുള്‍ക്കൊള്ളുന്ന ടീമിന്‍റെ നായകനാകാനുള്ള ഭാഗ്യവും പിന്നീട് താരത്തെ തേടിയെത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ നായക കാലത്ത് ഇന്ത്യന്‍ ടീമിലെത്തിയ കൊഹ്‍ലിക്ക് കീഴില്‍ തന്നിലെ പഴയ ഫിനിഷറെ പൊടിതട്ടിയുണര്‍ത്താന്‍ ധോണി ശ്രമിക്കുമ്പോള്‍ ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ നേട്ടമാണ്.