യൂറോകപ്പിന് വിസ്മയമാകാന്‍ അഞ്ച് കന്നിയങ്കക്കാര്‍
ഇത്തവണത്തെ യൂറോകപ്പിന് വിസ്മയമാകുന്നത് അഞ്ച് കന്നിയങ്കക്കാരാണ്. ഫുട്ബോളിലെ അതികായന്‍മാരോട് പൊരുതിയാണ് കുഞ്ഞന്‍ ടീമുകള്‍ യൂറോ കപ്പിന് ടിക്കെറ്റെടുത്തത്
യൂറോകപ്പിന്‍റെ അവസാന 24 ടീമുകള്‍ അണിനിരക്കുമ്പോള്‍ എല്ലാവരെയും വിസ്മയിപ്പിച്ച് ആ അഞ്ച് ടീമുകള്‍. വെയ്‌ല്‍സ്, ഐസ്‌ലാന്റ്, വടക്കന്‍ അയര്‍ലാന്റ്, സ്ലൊവാക്യ, അല്‍ബേനിയ. യൂറോ കപ്പിലെ കന്നിയങ്കക്കാരാണ് ഇവയഞ്ചും. നെതര്‍ലാന്‍റ്സ്, ചെക് റിപ്പബ്ലിക്, തുര്‍ക്കി എന്നീ ലോകകപ്പ് പാരമ്പര്യം വരെയുള്ളവരടങ്ങുന്ന ഗ്രൂപ്പ് എയിലായിരുന്നു ക്വാളിഫയിംഗ് റൌണ്ടില്‍ ഐസ്‌ലാന്‍റിന്‍റെ ഇടം. പത്ത് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മാത്രമാണ് പരാജിതരായി ഐസ്‌ലന്‍റ് മടങ്ങിയത്.
ഒരു കാലത്ത് വെയ്‌ല്‍സ് എന്നാല്‍ റയാന്‍ ഗിഗ്സായിരുന്നു. എന്നാല്‍ ഇപ്പോള് വെയ‌്‌ല്‍സെന്നാല്‍ ബെയ്‌ലാണ്. ലോകത്തെ ഏറ്റവും വിലയേറിയ ഫുട്ബോളറാണ് ആദ്യമായി വെയ്‌ല്‍സിന് യൂറോ വാതില്‍ തുറന്ന് കൊടുത്തത്. പത്ത് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം തോറ്റ കോള്‍മാന്റെ സംഘം ഇതിനിടെ 4 ഗോള്‍ മാത്രമാണ് വഴങ്ങിയത്. 1958ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് ഒരു വലിയ ടൂര്‍ണമെന്‍റിലേക്ക് വെയ്ല്‍സിന് യോഗ്യത ലഭിക്കുന്നത്.
സ്പെയിനും യുക്രൈനുമടങ്ങുന്ന ഗ്രൂപ്പില്‍ നിന്നാണ് സ്ലൊവാക്യയുടെ വരവ്. മുന്‍ ചെകോസ്ലൊവാക്യന്‍ താരം ജോണ്‍ കൊസാക്കിന്റെ പരീശീലനമാണ് സ്ലൊവാക്യക്ക് തുണയായത്. ഒപ്പം നാപ്പോളി സ്ട്രൈക്കര്‍ ഹാംസിക്കിന്റെ സ്കോറിംഗ് മിടുക്കും. പത്ത് മത്സരങ്ങളില്‍ രണ്ടില്‍ മാത്രമാണ് സ്ലൊവാക്യ പരാജയപ്പെട്ടത്. വടക്കന്‍ അയര്‍ലന്‍റ് ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഭാഗമായിട്ട് മുപ്പത് വര്‍ഷങ്ങളായി. ഹംഗറിയും ഗ്രീസും റുമാനിയയുമുള്ള ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരയാണ് വരവ്. യൂറോ യാത്രയില്‍ പരാജയപ്പെട്ടത് ഒരു തവണ മാത്രം.
പോര്‍ച്ചുഗലിനൊപ്പം മത്സരിച്ചാണ് അല്‍ബേനിയയുമെത്തുന്നത്. 2004 യൂറോയില്‍ ഗ്രീസ്, 2002 ലോകകപ്പില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച സെനഗല്‍, ഓരോ ടൂര്‍ണമെന്‍റിലും ഓരോ സംഘശക്തികളുണ്ടാകും. ടൂര്‍ണമെന്‍റിനെയും കാണികളെയും ത്രസിപ്പിക്കുന്നവര്‍. ഇത്തവണത്തെ നിയോഗം ഈ ടീമുകളില്‍ ആര്‍ക്കെങ്കിലുമാകാം.