ആസ്പയര്‍ മൈതാനത്ത് പി എസ് ജി ഫുട്‌ബോള്‍ താരങ്ങള്‍ പരിശീലനത്തില്‍
ടീമിന്റെ അഞ്ചാമത് ശൈത്യകാല പരിശീലനത്തിനായാണ് താര നിര ദോഹയിലെത്തിയത്
ഖത്തറിലെ ആസ്പയര്‍ മൈതാനത്ത് പന്തു തട്ടി പരിശീലനത്തിലേര്‍പ്പെട്ടിരിക്കുകയാണ് നെയ്മര്‍ ഉള്‍പ്പെടെയുള്ള പി എസ് ജി ഫുട്‌ബോള്‍ താരങ്ങള്‍ . ടീമിന്റെ അഞ്ചാമത് ശൈത്യകാല പരിശീലനത്തിനായാണ് താര നിര ദോഹയിലെത്തിയത് . 2022 ലെ ഖത്തര്‍ ലോകകപ്പില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് നെയ്മര്‍ പറഞ്ഞു.
2022 ലെ ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഖത്തറിലെത്തിയ പി എസ് ജി യുടെ ബ്രസീല്‍ താരം നെയ്മര്‍ പങ്കുവെച്ചത് . സ്‌പോര്‍ട്‌സ് രംഗത്ത് ഖത്തറില്‍ മികച്ച സൗകര്യങ്ങളാണുള്ളതെന്നും നെയ്മര്‍ പറഞ്ഞു. പി എസ് ജിയുടെ അഞ്ചാമത് വിന്റര്‍ ടൂറിന്റെ ഭാഗമായാണ് നെയ്മര്‍ ,ഡി മരിയ , ഫ്രഞ്ച് താരം എംബാപ്പെ, ഉറുഗ്വ താരം എഡിസണ്‍ കവാനി എന്നിവര്‍ ഉള്‍പ്പെടെയുള്ള താരനിര ദോഹയിലെത്തിയത് . പി എസ് ജി കോച്ച് ഉനായി എമേരിയുടെ നേതൃത്വത്തിലെത്തിയ സംഘം ഖത്തറിലെ ആസ്പയര്‍ സോണിലാണ് പരിശീലനം നടത്തുന്നത് .
പാരിസ് സെയിന്റ് ജെര്‍മ്മന്റെ ഉടമസ്ഥരായ ഖത്തര്‍ സ്‌പോര്‍ട്സ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് താരങ്ങളെ ഖത്തറിലെത്തിച്ചത്.താരങ്ങളുടെ ഇഷ്ടകേന്ദ്രമായി ആസ്പയര്‍ സോണ്‍ മാറിക്കഴിഞ്ഞതായി പി എസ് ജി ചെയര്‍മാന്‍ നാസര്‍അല്‍ ഖുലൈഫി പറഞ്ഞു. ശൈത്യകാല പരിശീലനത്തിനെത്തിയ സംഘം ഖത്തറിലെ ആരാധകരുമായി ആശയവിനിമയം നടത്താന്‍ സമയം കണ്ടെത്തുന്നുണ്ട്. ആസ്പര്‍ സോണിലെ പരിശീലനം കാണാനും നിരവധി പേരാണ് എത്തുന്നത്.