ഗൌതി, തന്ത്രങ്ങളുടെ രാജകുമാരന്‍
അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും തോറ്റ കൊല്‍ക്കൊത്ത നാല് മാറ്റങ്ങളോടെയാണ് കളം പിടിച്ചത്. ഇതില്‍ രണ്ട് പേര്‍ കോള്‍ട്ടര്‍ നൈലും പീയുഷ് ചൌളയും മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ....
ഐപിഎല്ലിലെ നിര്‍ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ മലര്‍ത്തിയടിച്ച് കലാശപ്പോരിനുള്ള അര്‍ഹതക്കായി മുംബൈയുമായുള്ള ഏറ്റുമുട്ടലിനുള്ള ടിക്കറ്റ് കൊല്‍ക്കത്ത സ്വന്തമാക്കുമ്പോള്‍ നിറഞ്ഞു നിന്നത് ഗൌതം ഗംഭീറെന്ന നായകനായിരുന്നു. കുഞ്ഞു സ്കോറിന് മുന്നില്‍ പതറാതെ ടീമിനെ വിജയപാതയിലേക്ക് നയിക്കുന്നതില്‍ ബാറ്റ് കൊണ്ട് നിര്‍ണായക പ്രകടനം പുറത്തെടുത്ത ഗൌതി തന്‍റെ ആവനാഴിയിലെ സമസ്ത അസ്ത്രങ്ങളും മത്സരത്തിനായി കരുതി വച്ചിരുന്നു. കണക്കുകൂട്ടിയായിരുന്നു ഓരോ ചുവടുവയ്പ്പും. വാര്‍ണറെയും സംഘത്തെയും കെട്ടുകെട്ടിക്കാനുള്ള തന്ത്രങ്ങള്‍ക്ക് മത്സരത്തിന് മുന്നേ തന്നെ ഗൌതി രൂപം നല്‍കിരുന്നു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും തോറ്റ കൊല്‍ക്കൊത്ത നാല് മാറ്റങ്ങളോടെയാണ് കളം പിടിച്ചത്. ഇതില്‍ രണ്ട് പേര്‍ കോള്‍ട്ടര്‍ നൈലും പീയുഷ് ചൌളയും മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ തന്നെ നായകന്‍റെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുത്തിരുന്നു. വാര്‍ണറെ പുറത്താക്കിയ ചൌളയുടെ തലയില്‍ മുത്തമിട്ട ഗൌതി തന്‍റെ സന്തോഷം പരസ്യമാക്കുകയും ചെയ്തു.
ഓപ്പണര്‍മാരായ വാര്‍ണറിന്‍റെയും ധവാന്‍റെയും വെടിക്കെട്ടിന്‍റെ തോളിലേറിയായിരുന്നു ഹൈദരാബാദിന്‍റെ പ്രയാണത്തില്‍ മിക്കതും. പവര്‍പ്ലേയില്‍ അഞ്ചും ആറും ബൌളര്‍മാരൊണ് പല നായകരും ഇവര്‍ക്കെതിരെ പ്രയോഗിച്ചത്. എന്നാല്‍ പേസര്‍മാരായ ഉമേഷ് യാദവിനും ബോള്‍ട്ടിനും കൂടുതല്‍ ഓവറുകള്‍ തുടക്കത്തില്‍ തന്നെ നല്‍കാനായിരുന്നു ഗംഭീറിന്‍റെ തീരുമാനം.
ആദ്യ നാല് ഓവറുകള്‍ കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും ഉമേഷ് യാദവിന് തുടര്‍ച്ചയായ മൂന്നാം ഓവര്‍ നല്‍കി ഗംഭീര്‍ തന്‍റെ വിശ്വാസം പ്രകടമാക്കി. വിക്കറ്റിന് പിന്നില്‍ ഉത്തപ്പക്ക് പിടികൊടുത്ത് ധവാന്‍ ആ ഓവറില്‍ മടങ്ങി, യാദവിനെ തുടര്‍ച്ചയായ സ്പെല്ലിന് നിയോഗിക്കുമ്പോള്‍ ഗംഭീറിന് മുന്നിലുള്ള വലിയ വെല്ലുവിളി അവസാന ഓവറുകളില്‍ മികച്ച പേസര്‍ക്ക് കൂടുതല്‍ പങ്കുണ്ടാകില്ലെന്നതായിരുന്നു. യുവരാജ് സിങും വിജയ് ശങ്കറും ക്രീസിലുള്ളപ്പോള്‍ പതിനാറാമത്തെ ഓവറില്‍ ഉമേഷിന് അവസാന ഓവര്‍ നല്‍കി ഗൌതി തന്നിലെ നായകന്‍റെ കാര്യക്ഷമത വീണ്ടും പ്രകടമാക്കി. മൂന്നാം പന്തില്‍ യുവി മടങ്ങിയപ്പോള്‍ ഹൈദരാബാദിന് നഷ്ടമായത് അവസാന അംഗീകൃത ബാറ്റിങ് ജോഡിയുടെ ക്രീസിലെ സേവനമായിരുന്നു.
വിജയ് ശങ്കര്‍ ഏകനായി പൊരുതുമ്പോള്‍ ഹൈദരാബാദിന്‍റെ വാലറ്റത്തെ തകര്‍ക്കാനായി നൈലിനെ നിയോഗിക്കാനുള്ള ഗൌതം ഗംഭീറിന്‍റെ തീരുമാനവും പിഴച്ചില്ല. രണ്ട് തവണ കൊല്‍ക്കത്തയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ഗൌതി തന്നിലെ പോരാളിയായ നായകന്‍ മരിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു.