സന്തോഷ് ട്രോഫി: കിരീടം സ്വന്തമാക്കാന്‍ കേരളം ഇന്നിറങ്ങും
ആറാം കിരീടമാണ് കേരളത്തിന്‍റെ ലക്ഷ്യമെങ്കില്‍ മുപ്പത്തിമൂന്നാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്.
സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ഇന്ന് ബംഗാളിനെ നേരിടും. ആറാം കിരീടമാണ് കേരളത്തിന്‍റെ ലക്ഷ്യമെങ്കില്‍ മുപ്പത്തിമൂന്നാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. ഉച്ചക്ക് 2.30നാണ് മത്സരം.
വംഗനാട്ടില്‍ നിന്നുള്ള സന്തോഷവാര്‍ത്തക്കായി കാതുംകൂര്‍പ്പിച്ചിരിക്കുകയാണ് കേരളത്തിന്റെ കായികമനസ്സ്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ മക്കയില്‍ സതീവന്‍ ബാലനും സംഘവും അവസാന അങ്കത്തിനായി അരമുറുക്കുകയാണ്. കയ്യെത്തും ദൂരെ ഇന്ത്യന്‍ ഫുട്ബോളിന്റെ രാജകിരീടമാണ്. എതിരാളികള്‍ ചിരവൈരികളായ ബംഗാളാണ്. സന്തോഷ് ട്രോഫിയുടെ രാജസിംഹാസനത്തില്‍ 32 കൊല്ലം കാലുംനീട്ടിയിരുന്നവര്‍.
കേരളത്തിന്റെ ചുണക്കുട്ടികള്‍ക്ക് പക്ഷെ അതൊരു വലിപ്പമായി തോന്നിയിട്ടില്ലെന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം തെളിയിച്ചതാണ്. ഒടുക്കത്തെ ആത്മവിശ്വാസമാണ് രാഹുല്‍ വി രാജ് നയിക്കുന്ന യുവസംഘത്തിന്‍റെ കൈമുതല്‍. അഞ്ച് മത്സരങ്ങളില്‍ നിന്നായി 15 ഗോളുകളാണ് എതിര്‍ പോസ്റ്റുകളില്‍ അടിച്ചുകൂട്ടിയത്. വഴങ്ങിയത് ഒരേ ഒരെണ്ണവും. മുന്നേറ്റ നിരയില്‍ അഫ്ദലും മധ്യനിരയില്‍ ജിതിന്‍ ദ്വയവും കെ പി രാഹുലും ഏത് പ്രതിരോധക്കോട്ടകളും പൊളിക്കാന്‍ കെല്‍പ്പുള്ളവരാണ്.
രാഹുല്‍ വി രാജ് നയിക്കുന്ന പ്രതിരോധം അല്‍പമെങ്കിലും പതറിപ്പോയത് മിസോറാമിനോട് മാത്രം. ബാലാരിഷ്ടതകള്‍ മറികടക്കാന്‍ കഴിഞ്ഞാല്‍ ഇന്ന് ബംഗാള്‍ വിയര്‍ക്കും. 14 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കുന്ന സുവര്‍ണ തലമുറയായി ഈ കളിസംഘം മാറും. മറിച്ചെന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ നാല് വര്‍ഷം മുന്‍പ് സര്‍വ്വീസസിനോട് തോറ്റത് പോലെ പടിക്കല്‍ കലമുടക്കേണ്ടി വന്നവരെന്ന അപഖ്യാതിക്ക് അര്‍ഹരാകും. എന്തായാലും സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടര മുതലുള്ള ഒന്നര മണിക്കൂരില്‍ കേരളത്തിന്‍റെ വരതെളിയും. അതൊരു ഭാഗ്യവരയാവണേയെന്ന പ്രാര്‍ഥനയിലാണ് കേരളം.