സ്ലിപ്പില്‍ ചോരുന്ന കൊഹ്‍‍ലിയുടെ കൈകള്‍

Update: 2018-06-01 05:03 GMT
Editor : admin
സ്ലിപ്പില്‍ ചോരുന്ന കൊഹ്‍‍ലിയുടെ കൈകള്‍
Advertising

തന്‍റെ ജോലി അശ്വിന്‍ ഭംഗിയായി നിര്‍വ്വഹിച്ചെന്നത് നിസംശയം പറയുകയും ചെയ്യാം. എന്നാല്‍ ടീമിന്‍റെ സ്പിന്‍ രാജാവിനെ പരിക്കുകളുടെ സാധ്യതകളിലേക്ക് തള്ളിവിടേണ്ടതില്ലെന്ന മാനേജ്മെന്‍റ് തീരുമാനത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കുന്നതാകില്ല. ...

ഗോള്‍ ടെസ്റ്റില്‍ ആധികാരക ജയത്തോടെ കൊളംബോയില്‍ വിജയ തുടര്‍ച്ച ആഗ്രഹിച്ച ടീം ഇന്ത്യയെ ഏറ്റവുമധികം വേട്ടയാടുന്നത് സ്ലിപ്പുകളിലെ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പ്രകടനമാണ് - പ്രത്യേകിച്ചും നായകന്‍ വിരാട് കൊഹ്‍ലിയുടെ. ഉപുല്‍ തരംഹയെ രണ്ടാം സ്ലിപ്പില്‍ കൈവിട്ട ശേഷം നിലത്ത് ആഞ്ഞടിച്ച് രോഷം തീര്‍ത്ത കൊഹ്‍ലി യഥാര്‍ഥത്തില്‍ വിളിച്ചോതിയത് പ്രശ്നത്തിന്‍റെ സങ്കീര്‍ണതയായിരുന്നു. ആ രോഷ പ്രകടനം കണ്ട് താളം നഷ്ടപ്പെട്ട തരംഗ രണ്ട് പന്തുകള്‍ക്ക് ശേഷം ക്ലീന്‍ ബൌള്‍ഡായി മടങ്ങിയത് ഇന്ത്യക്ക് അനുഗ്രഹമായി. എന്നാല്‍ ഇത്തരത്തില്‍ ഭാഗ്യത്തിന്‍റെ അകമ്പടിയില്ലാതെ പോയ സ്ലിപ്പിലെ വന്‍ ചോര്‍ച്ചകളെ കുറിച്ച് മറ്റാരും ചിന്തിച്ചില്ലെങ്കിലും കൊഹ്‍ലി ഒരു നിമിഷമെങ്കിലും ആലോചിച്ച് കാണുമെന്ന് ഉറപ്പ് - കാരണം ആ വലിയ വീഴ്ചകളുടെ ഒരറ്റത്ത് സാക്ഷാല്‍ ഇന്ത്യന്‍ നായകന്‍ തന്നെയായിരുന്നു. 2014ല്‍ ന്യൂസിലാന്‍ഡിന്‍റെ ബ്രണ്ടന്‍ മക്കല്ലം ഇന്ത്യക്കെതിരെ മിന്നും ട്രിപ്പിള്‍ ശതകവുമായി ബ്രണ്ടന്‍ മക്കല്ലം കത്തിക്കയറിയപ്പോള്‍ ഇന്ത്യയെ ഏറെ വേദനിപ്പിച്ചത് ഇന്നിങ്സിന്‍റെ ആദ്യ ഘട്ടത്തില്‍ മക്കല്ലം സമ്മാനിച്ച അവസരം നഷ്ടപ്പെടുത്തിയതായിരുന്നു. സ്ലിപ്പില്‍ കൊഹ്‍ലിയുടെ കൈകളുടെ ചോര്‍ച്ചയുടെ കരുത്തിലായിരുന്നു കിവി നായകന്‍ തന്‍റെ മുന്നൂറിലേക്ക് നീങ്ങിയത്. മാസങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിനായി അലിസ്റ്റര്‍ കുക്ക് പൊരുതി നേടിയ 95 റണ്‍ ഒരു ടെസ്റ്റ് പരമ്പരയുടെ തന്നെ ഭാവി വിധിച്ചപ്പോള്‍ അന്നും ദുഖം കടിച്ചമര്‍ത്തി കൊഹ്‍ലി ഇന്ത്യയുടെ ദുരന്ത നായകനായി മാറിയിരുന്നു. ഇത്തവണയും സ്ലിപ്പിലെ വന്‍ വീഴ്ചയാണ് ഇന്ത്യയെ പാകപ്പെടുത്താന്‍ കുക്കിന് തുണയായത്. അഞ്ച് മത്സരങ്ങളുടെ പരമ്പര നഷ്ടമാകില്ലെന്ന് ഇംഗ്ലണ്ട് ഉറപ്പിച്ചത് കൊഹ്‍ലിയുടെ ചോര്‍ന്ന കൈകളിലൂടെയായിരുന്നു എന്ന് വിശേഷിപ്പിച്ചാല്‍ അതിനെ തിരുത്തുക അത്ര എളുപ്പമാകില്ല.

ദ്രാവിഡിനു ശേഷം സ്ലിപ്പില്‍ വിശ്വസ്ത കരങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ യാത്ര ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നതിന് കണക്കുകള്‍ തന്നെയാണ് വലിയ തെളിവ്. നായകനായ കൊഹ്‍ലി തന്നെയാണ് ഇവിടെ വില്ലനായി മാറുന്നതെന്നത് മറ്റൊരു വേദനിപ്പിക്കുന്ന വസ്തുതയാണ്. നായകനായ ശേഷം ആറ് ക്യാച്ചുകള്‍ ആണ് പേസര്‍മാര്‍ പന്തെറിയുമ്പോള്‍ സ്ലിപ്പില്‍ നിലകൊണ്ട കൊഹ്‍ലി കൈപ്പിടിയിലൊതുക്കിയത്. അത്ര തന്നെ ക്യാച്ചുകള്‍ കൈവിടുകയും ചെയ്തു. ഇതില്‍ രണ്ട് അവസരങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്നതും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എങ്കിലും ഈ കൈവിടലുകളില്‍ ശ്രദ്ധേയമായ രണ്ട് വസ്തുതകളുണ്ട്. പന്ത് അടുത്തെത്താന്‍ കാത്ത് നില്‍ക്കാതെ അതിവേഗമാണ് കൊഹ്‍ലിയുടെ ചലനമെന്നതാണ് പ്രധാന കാര്യം. വലത്തോട്ട് താഴ്ന്നുള്ള അവസരങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ കൊഹ്‍ലി വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്നത് രണ്ടാമത്തേതും. സ്ലിപ്പര്‍മാര്‍ക്കായാണ് സ്ലിപ്പ് കാക്കുന്നതെങ്കില്‍ കൊഹ്‍ലിയുടെ പ്രകടനം അല്‍പ്പം കൂടി മെച്ചപ്പെട്ടതാണെങ്കിലും ആശങ്ക ഒഴിയുന്ന ഒന്നല്ല. മൂന്ന് ക്യാച്ചുകള്‍ എടുത്തപ്പോള്‍ രണ്ടെണ്ണം കൈവിട്ട ചരിത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ നായകനുള്ളത്.

2008-16 കാലയളവില്‍ 29 ശതമാനം ക്യാച്ചുകളാണ് സ്ലിപ്പില്‍ ഇന്ത്യന്‍ ഫീല്‍‌ഡര്‍മാരുടെ കൈകളില്‍ നിന്നും തെന്നിയകന്ന് പോയത്. നായകെന്ന നിലയില്‍ കൊഹ്‍ലി സ്ലിപ്പില്‍ നിലകൊണ്ടപ്പോഴുള്ള ശരാശരി 47 ശതമാനമാണ്. വസ്തുത ഇതായിരിക്കെ കൊഹ്‍ലിയെ സ്ലിപ്പില്‍ നിയോഗിക്കേണ്ടതുണ്ടോ എന്നത് വലിയ ചോദ്യമാണ്. ധോണി യുഗത്തില്‍ സ്ലിപ്പില്‍ കൊഹ്‍ലിക്ക് വലിയ പങ്കില്ലായിരുന്നെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. അശ്വിനായിരുന്നു ധോണി യുഗത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ലിപ്പിലെ വിശ്വസ്ത കരങ്ങളുടെ ഉടമ, തന്‍റെ ജോലി അശ്വിന്‍ ഭംഗിയായി നിര്‍വ്വഹിച്ചെന്നത് നിസംശയം പറയുകയും ചെയ്യാം. എന്നാല്‍ ടീമിന്‍റെ സ്പിന്‍ രാജാവിനെ പരിക്കുകളുടെ സാധ്യതകളിലേക്ക് തള്ളിവിടേണ്ടതില്ലെന്ന മാനേജ്മെന്‍റ് തീരുമാനത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കുന്നതാകില്ല. ഒന്നാം സ്ലിപ്പില്‍ വിജയ്, രണ്ടാം സ്ലിപ്പില്‍ കരുണ്‍ നായര്‍, മൂന്നാം സ്ലിപ്പില്‍ കൊഹ്‍ലി എന്നതാണ് ഫീല്‍ഡിങ് പരിശീലകന്‍ ശ്രീധറിന്‍റെ ഇഷ്ട രീതി. വിജയും കരുണും ടീമിലില്ലാത്തപ്പോള്‍ ഈ താളം തെറ്റുന്നത് സ്വാഭാവികം. പകരക്കാരെ കണ്ടെത്തേണ്ടതിന്‍റെ പ്രാധാന്യം ഇവിടെയാണ് കൂടുതല്‍ കരുത്തോടെ തെളിയുന്നത്.

(Courtesy: EspnCricinfo)

Tags:    

Writer - admin

contributor

Editor - admin

contributor

Similar News