ടെസ്റ്റ് ടീമിന്‍റെ തലപ്പത്ത് രോഹിത് തുടരും; ബി.സി.സി.ഐ യുടെ പൂര്‍ണ പിന്തുണ
ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അമ്പേ നിറംമങ്ങിയതിനെ തുടർന്ന് താരത്തിന്റെ ഭാവിയെ കുറിച്ച ചോദ്യം പല കോണുങ്ങളിൽ നിന്നും ഉയർന്നിരുന്നു
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിത് ശർമ ഇന്ത്യൻ നായക പദവിയിൽ തുടരുമെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടമാണ് രോഹിതിന് തുണയായത് എന്നാണ് സൂചന. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അമ്പേ നിറം മങ്ങിയതിനെ തുടർന്ന് താരത്തിന്റെ ഭാവിയെ കുറിച്ച ചോദ്യം പല കോണുങ്ങളിൽ നിന്നും ഉയർന്നിരുന്നു.
മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ 31 റൺസായിരുന്നു ഓസീസ് മണ്ണില്‍ രോഹിതിന്റെ സമ്പാദ്യം. അവസാന മത്സരത്തിൽ താരം പുറത്തിരിക്കുകയും ചെയ്തു. സിഡ്‌നിയിൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിച്ചത്.
എന്നാൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കിയതോടെ രോഹിതിനെ നിലവിൽ ഇരു ഫോർമാറ്റിലും ക്യാപ്റ്റൻ പദവിയിൽ നിന്ന് മാറ്റേണ്ട എന്ന നിലപാടിലാണ് ബി.സി.സി.ഐ.
''മൈതാനത്ത് ഒരു നായകനെന്ന നിലയിൽ തനിക്ക് എന്താണ് ചെയ്യാൻ കഴിയുക എന്ന് രോഹിത് കാണിച്ച് തന്നു.ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നയിക്കാൻ രോഹിത് തന്നെയണ് മികച്ചവനെന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കടക്കം തര്‍ക്കമൊന്നുമില്ല. റെഡ്-ബോൾ ക്രിക്കറ്റ് കളിക്കുന്നത് തുടരാനുള്ള ആഗ്രഹം രോഹിത്തും പ്രകടിപ്പിച്ചിട്ടുണ്ട്," ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.