'ഇന്ത്യയില്‍ കാല് കുത്തിക്കില്ലെന്ന് ഭീഷണിപ്പെടുത്തി'; 2021 ലോകകപ്പിന് ശേഷമുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് വരുണ്‍ ചക്രവര്‍ത്തി
''എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചിലരെന്നെ ബൈക്കിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു''
ഒരു പതിറ്റാണ്ടിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടമണിയുമ്പോൾ വിജയശിൽപികളുടെ കൂട്ടത്തിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട പേരായിരുന്നു സ്പിന്നർ വരുൺ ചക്രവർത്തിയുടേത്. ടൂർണമെന്റിൽ ആദ്യ രണ്ട് മത്സരങ്ങളിൽ പുറത്തിരുന്ന വരുൺ മൂന്നേ മൂന്ന് മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്.
സെമിയിലും ഫൈനലിലുമടക്കം നിർണായക വിക്കറ്റുകളുമായി താരം ഇന്ത്യയുടെ വിജയശിൽപിയായി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതായാണ് വരുൺ ടൂർണമെന്റ് അവസാനിപ്പിച്ചത്.
ഇപ്പോഴിതാ 2021 ടി20 ലോകകപ്പിന് ശേഷം ആരാധകരിൽ നിന്ന് താൻ നേരിട്ട ഭീഷണികളെ കുറിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വരുൺ. തന്നെ ഇന്ത്യയിൽ കാല് കുത്താൻ അനുവദിക്കില്ലെന്ന് വരെ ഭീഷണി സന്ദേശമുണ്ടായിരുന്നു എന്ന് താരം വെളിപ്പെടുത്തി.
''2021 ലോകകപ്പ് എനിക്കൊരു ഇരുണ്ട കാലമായിരുന്നു. ഒരു ഘട്ടത്തിൽ ഡിപ്രഷനിലേക്ക് വരെ ഞാൻ എടുത്തെറിയപ്പെട്ടു. വലിയ കൊട്ടിഘോഷങ്ങളോടെയാണ് ഞാൻ ടീമിലെത്തിയത്. എന്നാൽ ടൂർണമെന്റിൽ ഒരു വിക്കറ്റ് പോലും എനിക്ക് നേടാനായില്ല.
ലോകകപ്പിന് ശേഷം പല ഭീഷണി കോളുകളും സന്ദേശങ്ങളും എന്നെ തേടിയെത്തി. ഇന്ത്യയിൽ കാലു കുത്താൻ സമ്മതിക്കില്ലെന്ന് പലരും ഭീഷണിപ്പെടുത്തി. എന്റെ വീട് അവർ കണ്ടെത്തി. എയർപോർട്ടിൽ നിന്ന് വരുമ്പോൾ ചിലരെന്നെ ബൈക്കിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ആരാധകർ ഏറെ വികാരാധീനരായിരുന്നു. അതിന് ശേഷം മൂന്ന് വർഷം ഒരു സെലക്ഷനിലും എന്റെ പേര് പരിഗണിക്കപ്പെട്ടില്ല''- വരുണ്‍ പറഞ്ഞു.