'അവന്‍ ധോണിയെ പോലെയാണ്'; ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ച് മനസ്സു തുറന്ന് ഹര്‍ഭജന്‍
'അവന്‍ ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കൊരു ശാന്തത കാണാനാവും. നിങ്ങളുടെ കഴിവുകളില്‍ ഉറച്ച വിശ്വാസമുള്ളപ്പോഴാണ് നിങ്ങള്‍ക്ക് സമ്മര്‍ദമില്ലാതെ കളിക്കാനാവുക'
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഏഷ്യാ കപ്പ് ടി 20 യില്‍ ടീം ഇന്ത്യ തങ്ങളുടെ പടയോട്ടമാരംഭിച്ച് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനോട് അവസാന ഓവറില്‍ നേടിയ ആവേശ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാവും ഇന്ന് ഇന്ത്യ ഹോങ്കോങ്ങിനെതിരെ കളത്തിലിറങ്ങുക. ഇന്ന് ജയിച്ചാല്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കും.
ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയും രവീന്ദര്‍ ജഡേജയും വിരാട് കോഹ്‍ലിയുമാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. അവസാന ഓവറില്‍ സിക്സര്‍ പറത്തി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്.
മത്സരത്തിന് ശേഷം ഹര്‍ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങ്. ഹര്‍ദിക് പാണ്ഡ്യ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പോലെയാണെന്നും ഭാവിയില്‍ അദ്ദേഹം ഇന്ത്യന്‍ നായകനാവുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
"എം.എസ് ധോണിയെ പോലെയാണവന്‍. അവന്‍ ബാറ്റ് ചെയ്യാനായി ക്രീസിലെത്തുന്നത് തന്നെ വ്യത്യസ്തമായൊരു ശൈലിയിലാണ്. അവന്‍ ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കൊരു ശാന്തത കാണാനാവും. നിങ്ങളുടെ കഴിവുകളില്‍ ഉറച്ച വിശ്വാസമുള്ളപ്പോഴാണ് നിങ്ങള്‍ക്ക് സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാനാവുക. രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കാന്‍ കഠിനാധ്വാനം ചെയ്യാറുണ്ട് അവന്‍. ഭാവിയില്‍ അവന്‍ ഉറപ്പായും ഇന്ത്യന്‍ ക്യാപ്റ്റനാവും. ഐ.പി എല്ലില്‍ അവന്‍ അത് തെളിയിച്ചു കഴിഞ്ഞതാണ്"-ഹര്‍ഭജന്‍ പറഞ്ഞു.
മുമ്പ് അയര്‍ലന്‍റിനെതിരായ ടി20 പരമ്പരയിലാണ് ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ദേശീയ ടീമിനെ നയിച്ചത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.