രോഹിതിനും ജഡേജക്കും സെഞ്ചുറി; രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്‌കോർ
അരങ്ങേറ്റ ടെസ്റ്റ് കളിച്ച യുവതാരം സർഫറാസ് ഖാൻ അർധ സെഞ്ചുറിയുമായി തിളങ്ങി
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ആദ്യദിനം അവസാനിച്ചപ്പോൾ ആതിഥേയർ 326-5 എന്ന നിലയിലാണ്. രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും സെഞ്ചുറിയുമായി തിളങ്ങി. അരങ്ങേറ്റ ടെസ്റ്റ് കളിച്ച യുവതാരം സർഫറാസ് ഖാൻ 62 റൺസുമായി ശ്രദ്ധേയ പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരിഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. വിശാഖപട്ടണം ടെസ്റ്റിൽ സെഞ്ചുറി നേടിയ യശ്വസി ജെയ്‌സ്വാൾ 10 റൺസെടുത്ത് പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ശുഭ്മാൻ ഗിൽ വന്നതും പോയതും ഒരുമിച്ചായിരുന്നു. പൂജ്യത്തിനാണ് താരം മടങ്ങിയത്. നാലാമതായി ഇറങ്ങിയ രജത് പടിദാർ(5) കൂടി ഔട്ടായതോടെ ഇന്ത്യ 33-3 എന്നനിലയിൽ വൻതകർച്ച നേരിട്ടു. എന്നാൽ നാലാം വിക്കറ്റിൽ കൂട്ടുചേർന്ന രോഹിത്-ജഡേജ കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇതിനിടെ കരിയറിലെ പതിനൊന്നാം ടെസ്റ്റ് സെഞ്ചുറിയും ഇന്ത്യൻ ക്യാപ്റ്റൻ കുറിച്ചു.
14 ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതമാണ് മൂന്നക്കം കണ്ടത്. 131ൽ നിൽക്കെ രോഹിത് ശർമ്മയെ മാർക്ക് വുഡ് പുറത്താക്കി. തുടർന്ന് അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന സർഫറാസ് ഖാൻ ഇറങ്ങി. ആദ്യ ടെസ്റ്റിന്റെ സമ്മർദ്ദമില്ലാതെ ഏകദിന ശൈലിയിലാണ് മുംബൈ താരം ബാറ്റ് വീശിയത്. ആദ്യ ടെസ്റ്റിൽ തന്നെ അർധ സെഞ്ചുറി കുറിച്ച സർഫറാസ് അനാവശ്യ റണ്ണൗട്ടിൽ പുറത്താകുകായിരുന്നു. 66 പന്തിൽ ഒൻപത് ഫോറും ഒരു സിക്‌സറും സഹിതമാണ് യുവതാരം 62 റൺസ് നേടിയത്.
അവസാന സെഷനിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും സെഞ്ചുറി നേടിയതോടെ ഇന്ത്യൻ സ്‌കോർ 300 കടന്നു. 212 പന്ത് നേരിട്ടാണ് 110 റൺസ് നേടിയത്. ആദ്യ ദിനം സ്റ്റമ്പ് എടുക്കുമ്പോൾ ഇന്ത്യ 326 -5 എന്നനിലയിലാണ്. ജഡേജക്കൊപ്പം നൈറ്റ് വാച്ച്മാനായി എത്തിയ കുൽദീപ് യാദവാണ് ക്രീസിൽ. രണ്ടാം ടെസ്റ്റിൽ നിന്ന് നാല് മാറ്റവുമായാണ് ഇന്ത്യ രാജ്‌കോട്ട് ടെസ്റ്റിൽ ഇറങ്ങിയത്. കെഎസ് ഭരതിന് പകരം ധ്രുവ് ജുറേൽ ഇലവനിൽ സ്ഥാനം പിടിച്ചു. രണ്ടാംടെസ്റ്റിൽ വിശ്രമമെടുത്ത പേസർ മുഹമ്മദ് സിറാജും പരിക്ക്മാറി രവീന്ദ്ര ജഡേജയും മടങ്ങിയെത്തി.