നോഹ് ബാക്ക്... ബ്ലാസ്റ്റേഴ്സ് ബാക്ക്

അടിമുടി മാറിയൊരു ബ്ലാസ്‌റ്റേഴ്‌സിനെയാണ് ഇന്നലെ കലൂരിൽ കണ്ടത്. ആദ്യ വിസിൽ മുതൽ അവസാന വിസിൽ വരെ മനോഹരമായി കളിച്ച് കളംപിടിച്ച മഞ്ഞപ്പട സീസണിൽ ആദ്യമായി ആരാധകരുടെ മനം നിറച്ചു

Update: 2024-11-25 11:21 GMT
Advertising

കയ്യിലുണ്ടായിരുന്ന കളികളെ കളഞ്ഞു കുളിച്ചതടക്കം മൂന്ന് തുടർ തോൽവികൾ. കലൂർ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകർ ഗാലറി വിടുമ്പോൾ പലപ്പോഴും അവരുടെ നിരാശ പരസ്യമാക്കുന്നത് കാണാമായിരുന്നു. കിലോമീറ്ററുകൾ താണ്ടി കളികാണാനെത്തുന്നത് നിറകണ്ണുമായി മടങ്ങാനല്ലെന്നവർ തുറന്നടിച്ചു. കിരീടമില്ലാക്കാലമിങ്ങനെ നീണ്ടു നീണ്ടു പോവുകയാണെന്ന് ഒരിക്കൽ കൂടി അവരുടെ മനസ്സ് പറഞ്ഞ് തുടങ്ങിയിട്ടുണ്ടാവണം.

കലൂർ ഗാലറിയിൽ ഇന്നലെ ഒഴിഞ്ഞു കിടന്ന ഇരിപ്പിടങ്ങൾ ആരാധകരുടെ സ്റ്റേറ്റ്‌മെന്റുകളാണ്. മടുപ്പിക്കുന്ന വിരസത. മഞ്ഞപ്പടയെ ഒരു പതിറ്റാണ്ടു കാലമായി ഭ്രാന്തമായി പ്രണയിച്ചിട്ടും ഒഴിഞ്ഞു കിടക്കുന്ന ഷെൽഫാണെക്കാലവും പകരം കിട്ടിയത്. കുന്നോളം മോഹങ്ങൾ നൽകിയ പരിശീലകരൊക്കെ പരാജയപ്പെട്ട് പടിയിറങ്ങി.

മിക്കേൽ സ്റ്റാറേയേക്കാൾ മികച്ചവനായിരുന്നു ഇവാൻ. അത് കൊണ്ട് തന്നെ സ്റ്റാറെയെ അധികമാരും കൊട്ടിഘോഷിച്ചില്ല. ഇന്നലെ വരെ ഒരു ക്ലീൻ ഷീറ്റ് പോലുമില്ലാതെ അവസാനിച്ച മത്സരങ്ങൾ. വഴങ്ങിയ പല ഗോളുകളും പരമാബദ്ധങ്ങളിൽ നിന്ന് പിറവിയെടുത്തവ. എതിർ ടീമിന്റെ കളിപഠിക്കാൻ അവരുടെ ഗാലറിയിൽ വരെയെത്തിയ സ്റ്റാറേയെ ക്യാമറകളൊപ്പിയെടുത്തു. പക്ഷെ പഠിച്ച കളിയടവുകളൊന്നും സ്റ്റാറേക്ക് മൈതാനത്ത് നടപ്പിലാക്കാനായില്ല.

ഈ സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച ചെന്നൈയിനെതിരെ കൊച്ചിയിൽ കളിക്കാനിറങ്ങുമ്പോൾ അമിത പ്രതീക്ഷകളൊന്നും ആരാധകർക്കില്ലായിരുന്നു. ഗാലറി പകുതി ഒഴിഞ്ഞു കിടന്നതും അത് കൊണ്ടാവും. പക്ഷെ അടിമുടി മാറിയൊരു ബ്ലാസ്‌റ്റേഴ്‌സിനെയാണ് ഇന്നലെ കലൂരിൽ ആരാധകർ കണ്ടത്. ആദ്യ വിസിൽ മുതൽ അവസാന വിസിൽ വരെ മനോഹരമായി കളിച്ച് കളംപിടിച്ച മഞ്ഞപ്പട സീസണിൽ ആദ്യമായി ആരാധകരുടെ മനം നിറച്ചു.

ഗോൾരഹിതമായിരുന്നു ഒന്നാം പകുതി. എന്നാൽ അങ്ങനെയവസാനിക്കേണ്ടതായിരുന്നില്ല ആ പകുതി. എണ്ണം പറഞ്ഞ മുന്നേറ്റങ്ങളുമായി ചെന്നൈ ഗോൾമുഖത്തേക്ക് നോഹും ജീസസും ലൂണയും പറന്നെത്തി. പലപ്പോഴും ഗോൾമുഖം വിറപ്പിച്ച് പന്ത് പാഞ്ഞു.

കളിയുടെ 13ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മുന്നേറ്റം കണ്ടത്. വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച് കയറി ലൂണ നൽകിയ ക്രോസിനെ നോഹ് സദോയി ഗോൾവലയിലേക്ക് തിരിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക്..

16ാം മിനിറ്റിൽ സന്ദീപ് നീട്ടിയ നൽകിയ ക്രോസിന് ജീസസ് തലവച്ചു. ഗോൾവലയിലേക്ക് പാഞ്ഞ പന്ത് കീപ്പർക്ക് തടഞ്ഞിടാനാവും വേഗത്തിലാണ് സഞ്ചരിച്ചത്. എന്നാൽ നിർഭാഗ്യത്തിന്റെ അകമ്പടിയിൽ അത് പോസ്റ്റിലിടിച്ച് വഴിമാറി. സീസണിൽ ഇത് അഞ്ചാം തവണയാണ് ജീസസിന്റെ ഗോൾശ്രമങ്ങൾക്ക് മുന്നില്‍ പോസ്റ്റ് വില്ലന്‍ വേഷത്തില്‍ അവതരിക്കുന്നത്. 

20ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ കിട്ടിയ സുവർണാവസരം ചെന്നൈ താരം വിൽമർ ഗിൽ പാഴാക്കി. 26ാം മിനിറ്റിൽ വിപിന്റെ കയ്യിൽ നിന്ന് പാസ് സ്വീകരിച്ച നോഹ് പെനാൽട്ടി ബോക്‌സിന് അകത്ത് നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മിപ്പോയി.

29ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടുമൊരു സുവർണാവസരം. ഇടതുവിങ്ങിലൂടെ പന്തുമായി നോഹിന്റെ കുതിപ്പ്. പെനാൽട്ടി ബോക്‌സിനകത്ത് അപ്പോൾ ജീസസ് ആരാലും മാർക്ക് ചെയപ്പെടാതെ നിൽപ്പുണ്ടായിരുന്നു. പന്ത് കൈമാറാനുള്ള നോഹിന്റെ ശ്രമം പാളി. പ്രതിരോധത്തിൽ തട്ടി പന്ത് പുറത്തേക്ക്. അക്ഷരാർത്ഥത്തിൽ അതൊരു സുവർണാവസരമായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങൾ കണ്ടു തന്നെയാണ് രണ്ടാം പകുതിയും ആരംഭിച്ചത്. 50ാം മിനിറ്റിൽ നോഹിന്റെ ഒരിടങ്കാലനടി പോസ്റ്റിന് മുകളിലൂടെ സഞ്ചരിച്ചു. നാല് മിനിറ്റിനുള്ളിൽ കളിയിലെ ആദ്യ ഗോളെത്തി. ലൂണയാണ് ആ ഗോളിലേക്കുള്ള സഞ്ചാരമാരംഭിച്ചത്.. ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച യുറുഗ്വൻ താരം പന്തിനെ ഗോൾമുഖത്തേക്ക് ക്രോസ് ചെയ്യുന്ന. ആ സമയം മൈതാന മധ്യത്ത് നിന്ന് ഓടിയെത്തിയ 17 കാരൻ കോറോ സിങ്ങ് പെനാൽട്ടി ബോക്‌സിന് മുന്നിൽ നിൽപ്പുണ്ടായിരുന്ന ജീസസിന് പന്ത് നീട്ടി. അത് വലയിലേക്ക് തിരിക്കേണ്ട പണിയെ ജീസസിനുണ്ടായിരുന്നുള്ളൂ. ഏറെക്കാലമായി ആരവങ്ങളൊഴിച്ച് കിടന്ന കലൂർ ഗാലറിയിൽ ആവേശം അണപൊട്ടിയൊഴുകി..

70ാം മിനിറ്റിൽ ചെന്നൈ ഗോൾവലയിലേക്ക് നോഹിന്റെ പ്രഹരം. രാഹുൽ കെ.പിയിൽ നിന്നാണ് ആ ഗോളിലേക്കുള്ള പന്തിന്റെ സഞ്ചാരം ആരംഭിച്ചത്. മെതാന മധ്യത്ത് നിന്ന് പന്ത് പിടിച്ചെടുത്ത് പാഞ്ഞ അഡ്രിയാൻ ലൂണ അത് നോഹിന് നീട്ടുന്നു. പതിരോധം പിളര്‍ന്ന് നോഹിന്റെ ഇടങ്കാലനടി പോസ്റ്റിലേക്ക്..

കളി ഇഞ്ചുറി ടൈം പിന്നിട്ടപ്പോഴേക്കും മഞ്ഞപ്പട വിജയമുറപ്പിച്ച് കഴിഞ്ഞിരുന്നു. എന്നാൽ നോഹിന് തീർക്കാൻ മൈതാനത്ത് ഒരു ചടങ്ങ് കൂടി ബാക്കിയുണ്ടായിരുന്നു. 92ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ പന്തുമായി ഒറ്റക്ക് കുതിച്ച ബ്ലാസ്റ്റേഴ്‌സിന്റെ മൊറോക്കൻ ലയൺ ലാൽദിൻലിയാനയെ മറികടന്ന് പെനാൽട്ടി ബോക്‌സിലേക്ക് കടന്നു. ഗോൾ പോസ്റ്റിന് മുന്നിൽ ഇപ്പോൾ കീപ്പർ മാത്രമാണുള്ളത്. ആ സമയം മൈതാന മധ്യത്ത് നിന്ന് പെനാൽട്ടി ബോക്‌സിലേക്ക് രാഹുൽ കെ.പി കുതിച്ചെത്തി. തളികയിലെന്ന വണ്ണം നോഹ് രാഹുലിനാ പന്തിനെ നീട്ടി. രാഹുലിന്റെ വലങ്കാലനടി ഗോൾവലയിലേക്ക് തുളഞ്ഞു കയറി.

ഏറെക്കാലമായി ആരാധകരുടേയും ഫുട്‌ബോൾ പണ്ഡിറ്റുകളുടേയും വിമർശന ശരങ്ങൾ തുടരെ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന രാഹുലിന് ആ ഗോൾ നൽകിയ ആശ്വാസം ചെറുതല്ല. ഗോൾകീപ്പർ സച്ചിൻ സുരേഷടക്കം ചെന്നൈ ഗോൾമുഖത്തേക്ക് ഓടിയെത്തി അയാളെ ആശ്ലേഷിക്കുന്നത് കാണാമായിരുന്നു. ഗോൾവലയിലേക്ക് ഒറ്റക്കടിച്ച് കയറ്റാമായിരുന്നിട്ടും ആ പന്തിനെ തനിക്ക് നീട്ടിയ നോഹിനെ രാഹുൽ ചേർത്ത് നിർത്തി ചുംബിച്ചു. ഒടുവിൽ മഞ്ഞപ്പടയുടെ വിജയം പ്രഖ്യാപനമായി ഫൈനൽ വിസിലെത്തി.

തുടർച്ചയായി ആറ് മത്സരങ്ങളിൽ മഞ്ഞപ്പടക്കായി വലകുലുക്കിയ ജീസസ് ഹിമിനസ് ഗ്രീക്ക് മജീഷ്യൻ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ പെർഫെക്ട് റീപ്ലേസ്‌മെന്റാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഗോളടിച്ച അത്രയും തവണ തന്നെ ജീസസിന്റെ ബൂട്ടിൽ നിന്ന് പാഞ്ഞ പന്തുകൾ നിർഭാഗ്യത്തിന്റെ അകമ്പടിയിൽ ഗോൾ പോസ്റ്റിലിടിച്ച് മടങ്ങിയിട്ടുണ്ട്. വാഴ്ത്തുപാട്ടുകളൊന്നുമില്ലാതെ കലൂരിലെത്തിയ അയാളെക്കുറിച്ചിപ്പോൾ പറയാൻ ആരാധകർക്ക് നൂറ് നാവാണ്.

മികച്ച സേവുകളുമായി തിരിച്ചെത്തിയ സച്ചിൻ സുരേഷ് . പല്ലു കൊഴിഞ്ഞിട്ടില്ലെന്ന് വിളിച്ച് പറഞ്ഞ ലിറ്റിൽ മജീഷ്യൻ അഡ്രിയാൻ ലൂണ. മനോഹരമായ ക്രോസുകൾ തന്റെ കാലിനും വഴങ്ങുമെന്ന് തെളിയിച്ച സന്ദീപ് സിങ്.. തുടർച്ചയായി രണ്ട് കളികളിൽ സ്റ്റാർട്ട് ചെയ്ത് സ്റ്റാറെയുടെ പ്രതീക്ഷകൾ കാത്ത 17 കാരൻ കോറോ സിങ്ങ്.. അതെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് മോഹങ്ങൾ നെയ്ത് കൂട്ടാൻ ഒരുപാട് കാരണങ്ങൾ ഇപ്പോഴും ഈ മൈതാനത്ത് ബാക്കിയുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News