വികൃതി പയ്യനല്ല,ധ്രുവ് ജുറേൽ മികച്ചൊരു യൂട്ടിലിറ്റി പ്ലെയർ; ഋഷഭ് പന്തിനെ ഓർമിപ്പിക്കും ടെസ്റ്റ് ഇന്നിങ്‌സ്
അർഹതക്കുള്ള അംഗീകാരമായി ആദ്യ ടെസ്റ്റ് പരമ്പരയിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും തേടിയെത്തി.
റാഞ്ചി: ഋഷഭ് പന്തിന് പരിക്കേറ്റ ശേഷം ഇന്ത്യൻ ടീം നേരിട്ട പ്രധാന പ്രതിസന്ധി ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു. മറ്റു ഫോർമാറ്റുകളിൽ പകരക്കാരെ കണ്ടെത്താമെങ്കിലും റെഡ് ബോൾ ക്രിക്കറ്റിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള പന്ത് ദീർഘ കാലത്തേക്ക് കളിക്കളത്തിൽ നിന്ന് മാറിനിൽക്കുമ്പോൾ പകരം ആര് എന്നത് സെലക്ഷൻ കമ്മിറ്റിയ്ക്ക് മുന്നിലെ വലിയ ചോദ്യ ചിഹ്നമായിരുന്നു. കെ എൽ രാഹുൽ ഒഴികെ അടുത്ത കാലത്ത് നടത്തിയ വിക്കറ്റ് കീപ്പർ പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു. രാഹുലിന് വിക്കറ്റ് കീപ്പറുടെ അധിക ഭാരത്തിൽ നിന്ന് ഒഴിവാക്കാനായി ഇംഗ്ലണ്ട് പര്യടനത്തിൽ കെ.എസ് ഭരതിനെയാണ് പരിഗണിച്ചത്. എന്നാൽ ആദ്യ രണ്ട് ടെസ്റ്റിലും ആന്ധ്രാ പ്രദേശ് താരം തീർത്തും നിറം മങ്ങിയതോടെ ജുറേലിന് നറുക്ക് വീഴുകയായിരുന്നു. നിർണായക മാച്ചിലേക്ക് 23 കാരനെ പരിഗണിക്കുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയും മാനേജ്‌മെന്റും മിനിമം ഗ്യാരണ്ടി മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാൽ ആദ്യ ഇന്നിങ്‌സിൽതന്നെ 46 റൺസെടുത്ത് കളിക്കളത്തിൽ മാക്‌സിമം നൽകി വരവറിയിച്ചു.
റാഞ്ചി ടെസ്റ്റിൽ പക്വതയോടെ കളിക്കുന്ന താരത്തെയാണ് ക്രീസിൽ കണ്ടത്. ആദ്യ ഇന്നിങ്‌സിൽ 90 റൺസുമായി അവസാനം വരെ പോരാടി വീരോചിത ചെറുത്ത് നിൽപ്പ് നടത്തിയ ജുറേലിനെ, മത്സരശേഷം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഇന്ത്യൻ ഡഗൗട്ട് വരവേറ്റത്. വലിയ തിരിച്ചടിയിൽ നിന്നാണ് അരങ്ങേറ്റ പരമ്പരയിലെ സമ്മർദ്ദമൊന്നുമില്ലാതെ യുവതാരം ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. രണ്ടാം ഇന്നിങ്‌സിലും ജുറേൽ ക്രീസിലെത്തിയപ്പോൾ ഇന്ത്യ ബാക്ഫുട്ടിലായിരുന്നു. തുടരെ മൂന്ന് വിക്കറ്റുകൾ വീണ് പരാജയം മുന്നിൽകണ്ട നിമിഷം. ഇംഗ്ലണ്ട് ബൗളർമാരുടെ സമ്മർദ്ദത്തിന് അടിപ്പെടാതെ ശുഭ്മാൻ ഗിലുമായി ചേർന്ന് പുറത്താകാതെ 39 റൺസ്.
ആദ്യ ടെസ്റ്റിൽ ജുറൈലുണ്ടായിരുന്നെങ്കിൽ മത്സര ഫലം മറ്റൊന്നായേനെയെന്നും ആരാധകർ പറയുന്നു. അത്യുജ്ജ്വല ചെറുത്തുനിൽപ്പിലൂടെ ഇന്ത്യയെ വിജയതീരമണയിക്കുന്ന ഋഷഭ് പന്തിന്റെ ഇന്നിങ്‌സ് ഓർമപ്പെടുത്തുന്നത് കൂടിയായി ഈ യുപി താരത്തിന്റെ ബാറ്റിങ് പ്രകടനം. സമ്മർദ്ദത്തിൽ വീണു പോകുന്ന ഭരതല്ല ജുറേലെന്ന് എതിരാളികൾ മനസിലാക്കിയ പരമ്പര കൂടിയാണ് റാഞ്ചി ടെസ്റ്റ്. ഏതു വമ്പൻ ബൗളറാണെങ്കിലും ഓവർ ഡിഫൻസിലേക്ക് പോകാകെ സ്‌കോർ ലൈൻ ചലിപ്പിച്ച് വളരെ പക്വതയോടെയുള്ള ബാറ്റിങ് സമീപനം. പ്രെഷറിൽ ഉണ്ടായിരുന്ന ഗില്ലിനെ ഫ്രീ ആക്കി മിക്ക ഓവറിലും 2-3 റൺസ് വരുന്ന രീതിയിൽ സിമ്പിളായി ചേസ് മുന്നോട്ട് കൊണ്ടുപോയി. ഒടുവിൽ അർഹതക്കുള്ള അംഗീകാരമായി ആദ്യ ടെസ്റ്റ് പരമ്പരയിൽ തന്നെ മാൻഓഫ് ദിമാച്ച് പുരസ്‌കാരവും തേടിയെത്തി.