പരിക്ക് ഭീഷണി: പരിശോധനയ്ക്കായി ജഡേജ ആശുപത്രിയിൽ
ആശുപത്രിയിൽ നിൽക്കുന്ന ചിത്രം ജഡേജ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. രണ്ടാം ദിനത്തിലാണ് ബൗണ്ടറി തടയുന്നതിനിടെ ജഡേജ വീണത്.
ലീഡ്‌സ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പരിശോധനക്ക് വിധേയമാക്കി. പരിക്കിന്റെ സ്വഭാവം വ്യക്തമല്ല. മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷമെ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ. ആശുപത്രിയിൽ നിൽക്കുന്ന ചിത്രം ജഡേജ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. രണ്ടാം ദിനത്തിലാണ് ബൗണ്ടറി തടയുന്നതിനിടെ ജഡേജ വീണത്.
പിന്നാലെ ഗ്രൗണ്ട് വിട്ട ജഡേജ കുറച്ച് സമയങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയത്. അതേസമയം ജഡേജയുടെ പരിക്ക് ഗുരുതരമാണെങ്കിൽ ടീം ഇന്ത്യയെ ബാധിക്കും. പന്ത് കൊണ്ട് തിളങ്ങാനായില്ലെങ്കിലും ജഡേജയുടെ ബാറ്റിങ് മികവ് ഇന്ത്യക്ക് ഗുണമാണ്. സെപ്തംബർ രണ്ടിനാണ് അടുത്ത മത്സരം. പരമ്പരയിൽ ഇപ്പോൾ ഇരു ടീമുകളും ഒരോ ജയവുമായി(1-1) എന്ന നിലയിലാണ്.
മൂന്നാം ടെസ്റ്റിൽ ഇന്നിങ്‌സിനും 76 റൺസിനുമാണ് ഇന്ത്യ കീഴടങ്ങിയത്. അഞ്ചു വിക്കറ്റുമായി ഒലി റോബിൻസനാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിങ്‌സിലെ കൂട്ടത്തകർച്ചയ്ക്കുശേഷം രണ്ടാം ഇന്നിങ്‌സിൽ ചേതേശ്വർ പുജാരയുടെയും രോഹിത് ശർമയുടെയും നായകൻ വിരാട് കോഹ്ലിയുടെയും നേതൃത്വത്തിൽ ഇന്ത്യ ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചനകൾ നൽകിയെങ്കിലും പോരാട്ടം അധികം നീണ്ടുനിന്നില്ല.
രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 215 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ കളി ആരംഭിച്ചത്. വിമർശകരുടെയെല്ലാം വായടപ്പിച്ച മികച്ച ഇന്നിങ്‌സുമായി കളി തുടർന്ന പുജാരയുടെ സെഞ്ച്വറിയാണ് ഇന്ത്യൻ ആരാധകരെല്ലാം ഇന്ന് ആദ്യമായി പ്രതീക്ഷിച്ചത്. എന്നാൽ, പുതിയ പന്തിനു മുന്നിൽ പതറിയ പുജാരയെ ഇന്നത്തെ നാലാം ഓവറിൽ തന്നെ റോബിൻസൻ പിടികൂടി. സെഞ്ച്വറിക്ക് ഒൻപതു റൺസുമാത്രം അകലെ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു പുജാര. പുറത്താകുമ്പോൾ 189 പന്തിൽ 15 ബൗണ്ടറി സഹിതം 91 റൺസ് നേടിയിരുന്നു പുജാര. പുജാരയും കോലിയും പുറത്തായതോടെ ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് വേഗത്തില്‍ അവസാനിച്ചു.