ഐപിഎല്‍ ഫൈനല്‍ മെയ് 26ന് ചെന്നൈയില്‍; ശേഷിക്കുന്ന മത്സര ഫിക്ചറായി
രണ്ടാം ഘട്ടത്തില്‍ ഗുവാഹത്തി, ധരംശാല എന്നീ സ്റ്റേഡിയങ്ങളിലും പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ നടക്കും.
മുംബൈ: ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്ചര്‍ പുറത്തുവിട്ട് ബിസിസിഐ. പൊതു തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ രണ്ടാം ഘട്ട മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. നേരത്തെ ഏപ്രില്‍ ഏഴു വരെയുള്ള ഫിക്ചര്‍ മാത്രമായിരുന്നു പുറത്തു വിട്ടിരുന്നത്.
IPL 2024 remaining schedule. #IPLonStar pic.twitter.com/qTZMBhh5BU
— Mufaddal Vohra (@mufaddal_vohra) March 25, 2024
ഏപ്രില്‍ എട്ടിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം നടക്കും. മുംബൈ ഇന്ത്യന്‍സ്-ആര്‍സിബി പോരാട്ടം ഏപ്രില്‍ 11ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. മറ്റൊരു ആവേശപോരാട്ടമായ മുംബൈ -ചെന്നൈ സൂപ്പര്‍ കിങ്‌സ് ബലാബലം ഏപ്രില്‍ 14ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറും.
അതേസമയം, രണ്ടാം ഘട്ടത്തില്‍ ഗുവാഹത്തി, ധരംശാല എന്നീ സ്റ്റേഡിയങ്ങളിലും പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ നടക്കും. പഞ്ചാബ് കിംഗിസിന്റെ ഹോം മത്സരങ്ങള്‍ ധരംശാലയിലും രാജസ്ഥാന്‍ റോയല്‍സിന്റെ ഏതാനും മത്സരങ്ങള്‍ ഗുവഹാത്തിയിലും നടക്കും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മെയ് 26ന് ചെന്നൈയിലാണ് ഐപിഎല്‍ ഫൈനല്‍. 21ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യ ക്വാളിഫയര്‍ പോരാട്ടം നടക്കും. 22ന് അഹമ്മദാബാദില്‍ തന്നെയാണ് എലിമിനേറ്റര്‍ പോരാട്ടവും. രണ്ടാ ക്വാളിഫയറിന് 24ന് ചെന്നൈ വേദിയാകും.