ഐ.പി.എൽ: ഓറഞ്ച് ക്യാപ്പിനായി ഫാഫ് ഡു പ്ലെസിസ്; പർപിൾ ക്യാപ്പണിയാൻ സിറാജ്

2023 ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് കൂട്ടുകെട്ട് ഫാഫ് ഡു പ്ലെസിസും വിരാട് കോഹ്‌ലിയുമാണ്. 504 റൺസാണ് ഇരുവരും ചേർന്ന് നേടിയത്

Update: 2023-04-30 07:31 GMT
Advertising

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസൺ പാതി മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനായുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസിസ് മുമ്പിൽ. എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 60.29 ശരാശരിയിൽ 422 റൺസാണ് താരത്തിന്റെ പേരിലുള്ളത്. ടീമിലെ തന്നെ താരമായ ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്‌ലിയാണ് പട്ടികയിൽ രണ്ടാമത്. 47.57 ശരാശരിയിൽ 333 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയിട്ടുള്ളത്. 41.63 ശരാശരിയിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ശുഭ്മാൻ ഗില്ലും 333 റൺസ് നേടി ഒപ്പമുണ്ട്. 46.00 ശരാശരിയിൽ 322 റൺസടിച്ച ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഡിവോൺ കോൺവേയാണ് തൊട്ടടുത്തുള്ളത്. സി.എസ്.കെയുടെ തന്നെ റുതുരാജ് ഗെയ്ക്ക്‌വാദ് 317 റൺസുമായി പട്ടികയിൽ അടുത്ത സ്ഥാനത്തുണ്ട്. 45.29 ശരാശരിയിലാണ് റൺനേട്ടം.

ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരത്തിനായുള്ള പർപിൾ ക്യാപ്പിനായുള്ള പോരാട്ടത്തിൽ ആർ.സി.ബിയുടെ മുഹമ്മദ് സിറാജാണ് ഒന്നാമതുള്ളത്. എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 14 വിക്കറ്റാണ് താരം നേടിയത്. 7.31എകണോമിയിലാണ് നേട്ടം. ഗുജറാത്തിന്റെ റാഷിദ് ഖാൻ, പഞ്ചാബിന്റെ അർഷദീപ് സിംഗ്, സി.എസ്.കെയുടെ തുഷാർ ദേശ്പാണ്ഡ്യ എന്നിവരും 14 വിക്കറ്റുമായി പർപിൾ ക്യാപ്പിനായി രംഗത്തുണ്ട്. ബൗളിംഗ് എകണോമിയിൽ ഇവർ തമ്മിൽ വ്യത്യാസമുണ്ട്. 13 വിക്കറ്റുമായി ഗുജറാത്തിന്റെ മുഹമ്മദ് ഷമിയും പട്ടികയിലുണ്ട്.

അതേസമയം, 2023 ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് കൂട്ടുകെട്ട് ഫാഫ് ഡു പ്ലെസിസും വിരാട് കോഹ്‌ലിയുമാണ്. 504 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. രാജസ്ഥാന്റെ ബട്‌ലർ യശ്വസി ജയ്‌സ്വാൾ ജോഡിയാണ് രണ്ടാമത്. 370 റൺസാണ് ഇവരുടെ കൂട്ടുകെട്ട് അടിച്ചുകൂട്ടിയിട്ടുള്ളത്. ഫാഫ് - മാക്‌സ്‌വെൽ 368 റൺസ്, മേയേഴ്‌സ് - രാഹുൽ 365 റൺസ്, കോൺവേ - ഗെയ്ക്ക്‌വാദ് 352 റൺസ് എന്നിങ്ങനെയാണ് ഇതര ബാറ്റിംഗ് കൂട്ടുകെട്ടുകൾ. 500 റൺസ് നേടുന്ന ജോഡിയാകാനും ഡുപ്ലെസിസിനും കോഹ്‌ലിക്കുമായി. മറ്റു കൂട്ടുകെട്ടുകൾക്ക് 400 കടക്കാനായിട്ടില്ല.

ഐ.പി.എൽ പോയിൻറ് ടേബിൾ

(മത്സരം, വിജയം, തോൽവി, പോയിൻറ് എന്ന ക്രമത്തിൽ)

  1. ഗുജറാത്ത് ടൈറ്റൻസ് - 8-6-2-12
  2. രാജസ്ഥാൻ റോയൽസ്-8-5-3-10
  3. ലഖ്‌നൗ സൂപ്പർ ജയൻറ്‌സ് -8-5-3-10
  4. ചെന്നൈ സൂപ്പർ കിംഗ്‌സ് -8-5-3-10
  5. റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ -8-4-4-8
  6. പഞ്ചാബ് കിംഗസ് -8-4-4-8
  7. കൊൽക്കത്ത നൈറ്റ് റൈഡേഴ്്‌സ -9-3-6-6
  8. സൺറൈസേഴ്‌സ് ഹൈദരാബാദ് -8-3-5-6
  9. മുംബൈ ഇന്ത്യൻസ് -7-3-4-6
  10. ഡൽഹി ക്യാപിറ്റൽസ് -8-2-6-4

ഇന്ന് രണ്ട് മത്സരങ്ങളാണ് ഐ.പി.എല്ലിലുള്ളത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് ചെന്നൈ സൂപ്പർകിംഗ്സ് ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെയിറങ്ങും. രാത്രി എഴരയ്ക്ക് രോഹിതിന്റെ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും.

ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് (ചെപ്പോക്) പഞ്ചാബിനെതിരെയുള്ള മത്സരം. പഞ്ചാബും കഴിഞ്ഞ മത്സരത്തിൽ തോറ്റിരുന്നു. ലഖ്നൗ സൂപ്പർ ജയൻറ്സിനെതിരെ നടന്ന മത്സരത്തിൽ 56 റൺസിന്റെ കൂറ്റൻ തോൽവിയാണ് സംഘം നേരിട്ടത്. സഞ്ജുവിനും സംഘത്തിനുമെതിരെ സി.എസ്.കെ 32 റൺസിനാണ് തോറ്റത്. ഇന്ന് വിജയിച്ച് തിരിച്ചുവരാനാകും ഇരുടീമുകളുടെയും ശ്രമം. നിലവിൽ പോയിൻറ് പട്ടികയിൽ സി.എസ്.കെ നാലാമതും പഞ്ചാബ് ആറാമതുമാണുള്ളത്. ധോണിയുടെ സംഘത്തിന് പത്തും ധവാനും കൂട്ടർക്കും എട്ടും പോയിൻറാണുള്ളത്. ഇരുടീമുകളും എട്ടു മത്സരങ്ങൾ വീതം കളിച്ചപ്പോൾ സി.എസ്.കെ അഞ്ചും പഞ്ചാബ് നാലും വിജയങ്ങളാണ് നേടിയിട്ടുള്ളത്.

അതേസമയം, മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകമായ വാംഖഡെയിൽ വെച്ചാണ് സഞ്ജുവും സംഘവും നേരിടുന്നത്. വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. പോയിൻറ് പട്ടികയിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ മുംബൈ ഒമ്പതാമതാണ്. ഐ.പി.എല്ലിൽ ഏറെ പ്രൗഡിയുള്ള കണക്കുകൾ പറയാനുള്ള മുംബൈയ്ക്ക് ആറ് പോയിൻറ് മാത്രമാണുള്ളത്. എന്നാൽ സഞ്ജുവിനും സംഘത്തിനും പത്ത് പോയിൻറുണ്ട്. ആർ.ആർ. അഞ്ച് വിജയങ്ങൾ നേടിയപ്പോൾ, മുംബൈ ടീം മൂന്നുവട്ടമാണ് വിജയിച്ചത്.

ഏറ്റവും ഒടുവിൽ ജയ്പൂരിൽ വെച്ച് സി.എസ്.കെയെയാണ് രാജസ്ഥാൻ തോൽപ്പിച്ചത്. അതിന് മുമ്പ് നടന്ന മത്സരത്തിൽ ടീമിനെ ആർ.സി.ബി തോൽപ്പിച്ചത് ഏഴ് റൺസിനായിരുന്നു. എന്നാൽ ഗുജറാത്ത് ടൈറ്റൻസിനോട് 55 റൺസിന്റെ തോൽവി വഴങ്ങിയാണ് മുംബൈ എത്തുന്നത്. അതിന് മുമ്പ് പഞ്ചാബ് കിംഗ്സിനോട് നടന്ന മത്സരത്തിലും ടീം തോറ്റിരുന്നു. 13 റൺസിനായിരുന്നു തോൽവി.

IPL: Faf du Plessis battle for Orange Cap; Siraj fights for the Purple Cap

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News