ഐപിഎല്ലിൽ നിലവിട്ട് പെരുമാറിയാൽ പണികിട്ടും; മാറ്റത്തിനൊരുങ്ങി ഗവേണിങ് കൗൺസിൽ
ഉദ്ഘാടന-സമാപന മത്സരങ്ങൾക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻ വേദിയാകുമെന്നാണ് റിപ്പോർട്ട്
ന്യൂഡൽഹി: ഐപിഎല്ലിലെ താരങ്ങളുടെ പെരുമാറ്റചട്ടത്തിൽ അടുത്ത സീസൺ മുതൽ ഐസിസി നിയമങ്ങൾ മാനദണ്ഡമാക്കാൻ ഗവേണിങ് കൗൺസിൽ യോഗത്തിൽ തീരുമാനം. ഇതുവരെ കളിക്കളത്തിലും പുറത്തുമുള്ള പെരുമാറ്റത്തിന് ഐപിഎല്ലിന് പ്രത്യേകമായ പെരുമാറ്റചട്ടമാണ് നിലവിലുണ്ടായിരുന്നതെങ്കിൽ ഇനി മുതൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ അതേ നിയമങ്ങളാകും ഇന്ത്യൻ പ്രീമിയർ ലീഗിലും ബാധകമാകുക. ഞായറാഴ്ച ചേർന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇതോടെ മോശം പെരുമാറ്റത്തിന് താരങ്ങൾക്ക് പിഴ ശിക്ഷക്ക് പുറമെ വിലക്ക് അടക്കമുള്ള കടുത്ത നടപടികൾ നേരിടേണ്ടിവരും.
അതേസമയം, പുതിയ ഐപിഎൽ സീസൺ മാർച്ച് 21ന് ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. ഉദ്ഘാടന-ഫൈനൽ മത്സരങ്ങൾക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻ വേദിയാകും. നേരത്തെ മാർച്ച് 15 മുതൽ ഐപിഎല്ലിന് തുടക്കമാകുമെന്ന് സൂചനുണ്ടായിരുന്നെങ്കിലും ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ കഴിഞ്ഞ് രണ്ടാഴ്ചയുടെ വിശ്രമമെന്ന നിലയിലാണ് ഷെഡ്യൂൾ പുന:ക്രമീകരിച്ചത്. മാർച്ച് ഒൻപതിനാണ് ചാമ്പ്യൻസ് ട്രോഫി ഫൈനൽ.
വനിതാ പ്രീമിയർലീഗ് നാല് നഗരങ്ങളിലായി നടത്താനും യോഗം തീരുമാനിച്ചു. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലീഗ് ലഖ്‌നൗ,മുംബൈ, ബറോഡ, ബെംഗളൂരു എന്നിവിടങ്ങളിലായാണ് നടക്കുക. നേരത്തെ മുംബൈയിലും ബെംഗളൂരുവിലുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.എന്നാൽ ഇത്തവണ പുതുതായി രണ്ട് വേദികൂടി പരിഗണിക്കുകയായിരുന്നു