സമ്മര്‍ദങ്ങളില്ലാതെ ക്യാപ്റ്റന്‍; ബാറ്റിങ് വെടിക്കെട്ടിന് പിന്നാലെ വിക്കറ്റ് വേട്ടയിലും റെക്കോര്‍ഡ് നേട്ടം
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ക്യാപ്റ്റൻസിയുടെ സമ്മർദങ്ങളേതുമില്ലാതെ തകർപ്പൻ പ്രകടനം തുടരുകയാണ് ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറ
ബര്‍മിങ്ഹാം: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ക്യാപ്റ്റൻസിയുടെ സമ്മർദങ്ങളേതുമില്ലാതെ തകർപ്പൻ പ്രകടനം തുടരുകയാണ് ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറ. ബോള് കൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും തനിക്ക് വിസ്മയം തീർക്കാനാവുമെന്ന് ബുംറ ലോകത്തോട് വിളിച്ചു പറഞ്ഞത് മൂന്ന് ദിവസംമുമ്പാണ്.
ഇഗ്ലണ്ട് ബോളർ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ 35 റൺസടിച്ച ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ പുതിയൊരു റെക്കോർഡും തന്‍റെ പേരിൽ കുറിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് ബുംറ തന്‍റെ കുപ്പായത്തിൽ തുന്നിച്ചേർത്തത്.
ഇപ്പോളിതാ പന്തു കൊണ്ടും ബുംറ മൈതാനത്ത് നിറഞ്ഞാടുകയാണ്. എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ മൂന്ന് ഇംഗ്ലീഷ് ബാറ്റർമാരെ കൂടാരം കയറ്റിയ ബുംറ ബോളിങ്ങിലും പുതിയൊരു റെക്കോർഡ് തന്റെ പേരിൽ കുറിച്ചു. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബോളറെന്ന റെക്കോർഡാണ് ബുംറ സ്വന്തമാക്കിയത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബുംറ ഇതിനോടകംം 21 വിക്കറ്റുകള്‍ പിഴുതു കഴിഞ്ഞു. ഭുവനേശ്വർ കുമാറിന്‍റെ പേരിലുള്ള റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 2014 ൽ ഇഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിൽ 19 വിക്കറ്റാണ് ഭുവനേശ്വർ നേടിയത്.