നാലാം ടെസ്റ്റിന് ബുംറ ഉണ്ടാവില്ല: വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്
പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നായി ബുംറ 17 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഫെബ്രുവരി 23 മുതല്‍ റാഞ്ചിയിലാണ് നാലാം ടെസ്റ്റ്. തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിക്കേണ്ടി വരുന്നതിനാലാണ് താരത്തിന് വിശ്രമം നല്‍കാന്‍ ആലോചിക്കുന്നത്. പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നായി ബുംറ 17 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ഈ വര്‍ഷം ജൂണില്‍ യുഎസിലും കാനഡയിലുമായി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കെ താരത്തിന്റെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് വിശ്രമം. മത്സരത്തില്‍ ബുംറയ്ക്കു പുറമേ മൂന്നാം ടെസ്റ്റില്‍ കളിച്ച ഇലവനില്‍ നിന്ന് മധ്യനിര താരം രജത് പാട്ടീദാറിനെയും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. മോശം ഫോമാണ് പാട്ടീദാറിന് തിരിച്ചടിയായത്. ബുംറയ്ക്ക് പകരക്കാരനായി മുകേഷ് കുമാര്‍ ടീമില്‍ ഉള്‍പ്പെട്ടേക്കും.
അതേസമയം, കെ.എല്‍. രാഹുല്‍ നാലാം ടെസ്റ്റിലേക്ക് മടങ്ങിയെത്തിയേക്കും. പരിക്ക് കാരണം രണ്ട്, മൂന്ന് ടെസ്റ്റുകളില്‍ രാഹുല്‍ കളിച്ചിരുന്നില്ല. രാഹുല്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ ടെസ്റ്റിലാണ് ഇന്ത്യ തോറ്റത്. പിന്നീടുള്ള രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ചുകയറി. എന്നാല്‍ പരമ്പരയില്‍ ഇംഗ്ലണ്ടിന് ഇനിയും തിരിച്ചുവരവിന് സാധ്യതയുണ്ടെന്നാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പ്രതികരിക്കുന്നത്. അഞ്ച് മത്സരം കഴിയുമ്പോള്‍ 3-2ന് ഇംഗ്ലണ്ട് വിജയിക്കുമെന്നും സ്റ്റോക്‌സ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഈ മാസം 23ന് റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് നാലാം ടെസ്റ്റ്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ നാലാംദിനംതന്നെ ഇന്ത്യ ജയിച്ചിരുന്നു. 434 റണ്‍സിന്റെ റെക്കോഡ് ജയമാണ് ഇന്ത്യ നേടിയിരുന്നത്.
Summary- Jasprit Bumrah set to be rested for Ranchi Test