'ഇനി പന്ത് കാട്ടിലേക്ക് അടിച്ചാല്‍ അടിച്ചയാള്‍ എടുക്കണം'; ധോണിയുടെ സിക്സറുകളില്‍ കാണാതായ പന്ത് തിരഞ്ഞ് സിഎസ്കെ, വീഡിയോ

ഗ്രൗണ്ടില്‍ അനായാസം കൂറ്റന്‍ സിക്സറുകള്‍ പറത്തുന്ന ധോണിയെ കാണാനാകും

Update: 2021-08-25 05:07 GMT
Editor : Roshin | By : Web Desk
Advertising

2021 ഐ.പി.എല്‍ രണ്ടാം ലെഗ് യു.എ.ഇയില്‍ തുടങ്ങാനിരിക്കവെ, ചെന്നൈ സൂപ്പര്‍ കിങ്സ് നെറ്റ്സില്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമന്മാരായ ചെന്നൈ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. ഇപ്പോള്‍ നായകന്‍ എം.എസ് ധോണി പരിശീലനം നടത്തുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്.

ഗ്രൗണ്ടില്‍ അനായാസം കൂറ്റന്‍ സിക്സറുകള്‍ പറത്തുന്ന ധോണിയെ കാണാനാകും. പരിശീലനത്തിന് ശേഷം താന്‍ പറത്തിയ സിക്സറുകള്‍ക്ക് പിറകെ സഹകളിക്കാര്‍ക്കൊപ്പം കാണാതായ പന്ത് തപ്പിയിറങ്ങുന്ന ധോണിയെയും വീഡിയോയില്‍ കാണാം. വീഡിയോ പോസ്റ്റ് ചെയ്യുന്നതോടൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ സിഎസ്കെ ഇങ്ങനെ കുറിച്ചു 'ഹിറ്റ് ആന്‍റ് സീക്ക്' #വിസില്‍പോട് #യെല്ലോവ്. മഹേന്ദ്രസിങ് ധോണിയേയും ടാഗ് ചെയ്തുകൊണ്ടാണ് ചെന്നൈയുടെ പോസ്റ്റ്.

ബയോ ബബിളിലും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് 2021 ഐപിഎല്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സി.എസ്.കെ കോച്ചിങ് ടീം അംഗം മൈക്ക് ഹസ്സി, ലക്ഷ്മിപതി ബാലാജി എന്നിവര്‍ക്ക് ചെന്നൈ ക്യാമ്പിലും കോവിഡ് പോസിറ്റീവായിരുന്നു. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയുമാണ് സി.എസ്.കെ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിന് തൊട്ട് താഴെ രണ്ടാം സ്ഥാനത്താണ് പോയിന്‍റ് ടേബിളില്‍ ചെന്നൈയുടെ സ്ഥാനം. സെപ്തംബര്‍ 19ന് ചെന്നൈ മുംബൈ മത്സരത്തോടെയാണ് ഐപിഎല്‍ 2021ന്‍റെ രണ്ടാം ലെഗ് ആരംഭിക്കുക.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News