9 പുതുമുഖങ്ങൾ: ഇംഗ്ലണ്ടിന് കോവിഡ് കൊടുത്ത 'പണി'
പാകിസ്താനെതിരെ ഒമ്പത് പുതുമുഖങ്ങളെ ഉൾകൊള്ളിച്ച് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. ബെൻ സ്റ്റോക്കാണ് നായകൻ.
പാകിസ്താനെതിരെ ഒമ്പത് പുതുമുഖങ്ങളെ ഉൾകൊള്ളിച്ച് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. ബെൻ സ്റ്റോക്കാണ് നായകൻ. പരമ്പരക്ക് മുന്നോടിയായി നടത്തിയ ആർടിപിസിആർ ടെസ്റ്റിൽ കളിക്കാരുൾപ്പെടെ ഏഴ് പേർക്ക് പോസിറ്റീവായതിനെ തുടർന്നാണ് പുതുമുഖങ്ങൾക്ക് അവസരമൊരുങ്ങിയത്.
മൂന്ന് കളിക്കാരും നാല് സപ്പോർട്ടിങ് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും സമ്പർക്ക പട്ടികയിൽ വന്നതിനാൽ ടീം ഒന്നടങ്കം ക്വാറന്റൈനിൽ പോകുകയായിരുന്നു. ബെൻ സ്റ്റോക്കിന് പുറമെ ഡേവിഡ് മലാനാണ് കുറച്ചെങ്കിലും അന്താരാഷ്ട്ര പരിചയമുള്ളത്. മറ്റുള്ളവരെല്ലാം പുതുമുഖങ്ങൾ. അതേസമയം പരിചയസമ്പത്തുണ്ടായിട്ടും അലക്‌സ് ഹെയിൽസിനെ ടീമിലേക്ക് പരിഗണിച്ചില്ല.
ഐപിഎല്ലിൽ നിന്ന് തിരിച്ചെത്തിയ ശേഷം ബെൻസ്റ്റോക്ക് ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിച്ചിരുന്നില്ല. അതാണ് സ്റ്റോക്കിന് നായകപദവിയിലെത്തിച്ചത്. ഞായറാഴ്ച മുതലാണ് ടീം അംഗങ്ങൾ ക്വാറന്റൈനിൽ പ്രവേശിച്ചത്. വ്യാഴാഴ്ചയാണ് പാകിസ്താനെതിരായ പരമ്പര ആരംഭിക്കുന്നത്.
മൂന്ന് വീതം ഏകദിനങ്ങളും ടി20കളും അടങ്ങുന്നതാണ് പാകിസ്താനെതിരായ പരമ്പര. ഈ മാസം എട്ടിന് തുടങ്ങി 20ന് മൂന്നാം ടി20യോടെയാണ് പരമ്പര അവസാനിക്കുന്നത്. ശ്രീലങ്കയെ ടി20യിലും ഏകദിനത്തിലും വൈറ്റുവാഷ് ചെയ്ത് മികച്ച ഫോമിലാണ് ഇംഗ്ലണ്ട്. ആ ടീം ഒന്നടങ്കമാണ് ഇപ്പോൾ ക്വാറന്റൈനിൽ പ്രവേശിക്കുന്നത്.