ഐ.പി.എല്ലിലെ പ്രകടനം മാത്രമല്ല; രഹാനെയുടെ മടങ്ങിവരവിന് പിന്നിൽ...

മോശം ഫോമിനെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ താരത്തിന്റെ ശക്തമായ തിരിച്ചുവരവ്

Update: 2023-04-25 12:44 GMT
Editor : rishad | By : Web Desk

അജിങ്ക്യ രഹാനെ

Advertising

ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് അജിങ്ക്യ രഹാനെയുടെ മടങ്ങിവരവായിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ താരത്തിന്റെ ശക്തമായ തിരിച്ചുവരവ്. ഇന്ത്യന്‍ ടീമിലേക്കുള്ള വഴി അടഞ്ഞ ഘട്ടത്തിലായിരുന്നു ഐ.പി.എല്ലില്‍ രഹാനെ കത്തിക്കയറിയത്. 

എന്നാല്‍ രഹാനെയെ ബി.സി.സിഐ ടീമില്‍ തിരിച്ചെത്തിച്ചത് ഐപിഎല്ലിലെ പ്രകടനം മാത്രം വിലയിരുത്തിയിട്ടല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യമാണ് രഹാനെയ്ക്ക് തുണയായത്. ആസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ലോകേഷ് രാഹുല്‍ നിറംമങ്ങിയതും കൂട്ടിന് ഐപിഎല്ലിലെ പ്രകടനവും രഹാനെയുടെ മടങ്ങിവരവ് എളുപ്പത്തിലാക്കി. ഐപിഎല്ലില്‍ 199.04 ,സ്ട്രേക്ക് റേറ്റില്‍ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി 209 റണ്‍സാണ് രഹാനെ അടിച്ചുകൂട്ടിയത്. ഇക്കഴിഞ്ഞ രഞ്ജിട്രോഫി ക്രിക്കറ്റില്‍ മുംബൈക്കായി റണ്‍സ് വാരിക്കൂട്ടാനും രഹാനെയ്ക്കായിരുന്നു.

രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 634 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. മധ്യനിരയിലെ വിടവ് നികത്താനാണ് രഹാനെയെ മടക്കിവിളിച്ചതെന്ന് വ്യക്തം. നേരത്തെ ഇവിടെക്ക് പരിഗണിച്ചിരുന്ന രാഹുലും സൂര്യകുമാര്‍ യാദവും അമ്പെ പരാജയമായിരുന്നു. ഇതില്‍ രാഹുല്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് അവസരം തന്നെ നഷ്ടമായി. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ കിവീസിനോടേറ്റ തോല്‍വിയില്‍ നിന്ന് മുക്തമാകണമെങ്കില്‍ ഇക്കുറി ജയിച്ചെ പറ്റൂ. ഐസിസി കിരീടം എന്നത് നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഏറെ നാളായി കാത്തിരിക്കുകയാണ്. 

ജൂൺ ഏഴിനാണ് ഓവലിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ആസ്‌ട്രേലിയയാണ് എതിരാളികൾ. ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ തോൽക്കാത്തതിന്റെ വീര്യം കംഗാരുപ്പടക്കുമുണ്ട്. അതുകൊണ്ട് പോരാട്ടം കനക്കുമെന്നുറപ്പ്. 

ഇന്ത്യന്‍ ടീം ഇങ്ങനെ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ.എൽ രാഹുൽ, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉൻദ്കട്ട് 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News