ലോകകപ്പിനും ഐപിഎല്ലിനുമിടയില്‍ ഒരു വലിയ ഇടവേള വേണമായിരുന്നു; പുറത്താകലിനെക്കുറിച്ച് രവി ശാസ്ത്രി
പാകിസ്താനോടും ന്യൂസിലാന്‍റിനോടും പരാജയപ്പെട്ട് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായ ടീം ഇന്ത്യക്ക് പിഴച്ചതെവിടെയെന്ന് ചൂണ്ടിക്കാട്ടുകയാണ് പരിശീലകന്‍ രവി ശാസ്ത്രി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറക്കാനാഗ്രഹിക്കുന്ന ഒരു തുടക്കമായിരിക്കും ഇത്തവണത്തെ ടി20 ലോകകപ്പിന്‍റേത്. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന് പരാജയപ്പെട്ടപ്പോള്‍ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ തോല്‍വിയുടെ രുചിയറിഞ്ഞു. പാകിസ്താനോടും ന്യൂസിലാന്‍റിനോടും പരാജയപ്പെട്ട് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായ ടീം ഇന്ത്യക്ക് പിഴച്ചതെവിടെയെന്ന് ചൂണ്ടിക്കാട്ടുകയാണ് പരിശീലകന്‍ രവി ശാസ്ത്രി.
പരാജയത്തില്‍ ന്യായീകരണങ്ങളൊന്നും നടത്തുന്നില്ലെങ്കിലും ഐപിഎല്ലും ലോകകപ്പും തമ്മില്‍ വലിയ ഇടവേള വേണമായിരുന്നു എന്ന് രവി ശാസ്ത്രി അഭിപ്രായപ്പെടുന്നു. ഐപിഎല്‍ രണ്ടാം ലെഗ് ഒക്ടോബര്‍ 15ന് അവസാനിച്ചപ്പോള്‍ ഒക്ടോബര്‍ 17ന് തന്നെ ലോകകപ്പ് തുടങ്ങുകയായിരുന്നു.
ഒക്ടോബര്‍ 24നാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയതെങ്കിലും അതിന് മുമ്പ് രണ്ട് പരിശീലന മത്സരങ്ങളിലും ടീം കളിച്ചിരുന്നു. ''ഞാൻ മാനസികമായി തകർന്നിരിക്കുന്നു, പക്ഷേ എന്‍റെ പ്രായത്തിൽ ഞാൻ അത് പ്രതീക്ഷിക്കുന്നു. പക്ഷെ, ടീമിലെ കളിക്കാര്‍ ശാരീരികമായും മാനസികമായും തളർന്നിരിക്കുന്നു, ആറുമാസം ഒരു ബയോ ബബിളിലാണ്. ഐപിഎല്ലിനും ലോകകപ്പിനും ഇടയില്‍ ഒരു വലിയ ഇടവേളയുണ്ടായിരുന്നെങ്കില്‍ അത് വളരെ നല്ലതാകുമായിരുന്നു'' ശാസ്ത്രി പറഞ്ഞു.
"വലിയ മത്സരങ്ങള്‍ വരുമ്പോൾ, സമ്മർദം നിങ്ങളെ ബാധിക്കുമ്പോൾ, അതിനെ മറികടക്കാന്‍ സാധിക്കണം. നിര്‍ഭാഗ്യവശാല്‍ അതിന് ടീമിന് സാധിക്കാതെ പോയി. കാരണം, എന്തോ, ആ എക്സ് ഫാക്ടര്‍ അവിടെ കുറവായിരുന്നു." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.