വിമര്‍ശകര്‍ക്ക് മറുപടി; റണ്‍വേട്ടക്കാരില്‍ സഞ്ജു മുന്നില്‍
ഓറഞ്ച് ക്യാപ്പ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലും ഇന്ത്യൻ താരങ്ങളാണ്.
സഞ്ജുവിന്റെ വിമർശകർക്ക് ഇനി അൽപ്പം വിശ്രമിക്കാം. സ്ഥിരതയില്ലായ്മ എന്ന പരാതി പറഞ്ഞവർക്ക് മുന്നിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ അർധ സെഞ്ച്വറി നേട്ടവും അതിന് മുകളിലൊരു തിലകക്കുറി പോലെ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പും വച്ച് മറുപടി പറഞ്ഞിരിക്കുകയാണ് രാജസ്ഥാന്റെ നായകൻ സഞ്ജു വിശ്വനാഥ് സാംസൺ.
ഇന്ന് സൺറൈസേഴ്‌സിനെതിരേ നടത്തിയ പ്രകടനമാണ് സഞ്ജുവിന് ഓറഞ്ച് ക്യാപ്പിലേക്കുള്ള വഴിയൊരുക്കിയത്. ഇന്ന് 57 പന്തിൽ നേടിയ 82 റൺസ് പ്രകടനത്തോടെ സഞ്ജു ഈ സീസണിൽ ഇതുവരെ നേടിയത് 433 റൺസാണ്. 10 മത്സരങ്ങളിൽ നിന്നാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്. 119 റൺസാണ് സഞ്ജുവിന്റെ ഈ സീസണിലെ ഉയർന്ന സ്‌കോർ. 141.96 സ്‌ട്രൈക്ക് റേറ്റും 54.12 ശരാശരിയും സഞ്ജുവിനുണ്ട്. 2 അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഈ സീസണിൽ ഇതുവരെ സഞ്ജു നേടി.
ഓറഞ്ച് ക്യാപ്പ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലും ഇന്ത്യൻ താരങ്ങളാണ്. പട്ടികയിൽ സഞ്ജുവിന്റെ തൊട്ടുപിറകിൽ മൂന്ന് റൺസ് അകലെയുള്ള ഡൽഹി ക്യാപ്പിറ്റൽസിന്റെ താരം ശിഖർ ധവാനാണ് (430 റൺസ്). മൂന്നാം സ്ഥാനത്ത് 401 റൺസുമായി പഞ്ചാബിന്റെ നായകൻ കെ.എൽ. രാഹുൽ.
ഇപ്പോൾ നടക്കുന്ന രാജസ്ഥാൻ-ഹൈദരാബാദ് മത്സരത്തിൽ 165 റൺസാണ് ഹൈദരാബാദിന് മുന്നിലുള്ള വിജയലക്ഷ്യം. ഹൈദരബാദ് ബാറ്റിങ് ഏഴ് ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് നേടിയിട്ടുണ്ട്. 18 റൺസ് നേടിയ വൃദ്ധിമാൻ സാഹയുടെ വിക്കറ്റാണ് നഷ്ടമായത്.
രാജസ്ഥാന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ നടത്തിയ പ്രകടനമാണ് മികച്ച ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 57 പന്തിൽ നിന്ന് 3 സിക്സറുകളുടെയും 7 ഫോറിന്റെയും അകമ്പടിയോടെ 82 റൺസെടുത്തു.
സഞ്ജുവിന് പുറമെ ഓപ്പണർ യശ്വസി ജയ്സ്വാൾ, മഹിപാൽ ലോംറോർ എന്നീ രണ്ടു രാജസ്ഥാൻ താരങ്ങൾക്ക് മാത്രമേ രണ്ടക്കം കാണാൻ സാധിച്ചുള്ളൂ. സൺറൈസേഴ്സിന് വേണ്ടി സിദ്ധാർഥ് കൗൾ രണ്ടും സന്ദീപ് ശർമ,റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയൽസ് 11 റൺസിലെത്തി നിൽക്കെ എവിൻ ലൂയിസിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്യാപ്റ്റൻ സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും ചേർന്ന് പുതുക്കെ ടീമിനെ കരകയറ്റുകയായിരുന്നു. എന്നാൽ 67 റൺസിലെത്തി നിൽക്കെ യശ്വസിയും പുറത്തായി.36 റൺസ് നേടിയാണ് യശ്വസി മടങ്ങിയത്. രാജസ്ഥാനിൽ ഡേവിഡ് മില്ലർ, ഷംസി, കാർത്തിക്ക് ത്യാഗി എന്നിവർക്ക് പകരം ക്രിസ് മോറിസ്, എവിൻ ലൂയിസ്, ജയ്‌ദേവ് ഉനദ്കട്ട് എന്നിവർ കളിക്കും. സൺറൈസേഴ്‌സിൽ ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, കേദാർ യാദവ് എന്നിവർക്ക് പകരം അഭിഷേക് ശർമ, പ്രിയം ഗാർഗ്, ജേസൺ റോയ് എന്നിവർ കളിക്കും. ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫിലേക്ക് മുന്നേറാനാകൂ. അവസാന മത്സരത്തിൽ ഇരുടീമുകളും പരാജയപ്പെട്ടിരുന്നു. രാജസ്ഥാൻ ഡൽഹി ക്യാപിറ്റൽസിനോട് തോൽവി വഴങ്ങി.