'സർഫറാസ് ഞങ്ങളുടെ റഡാറിലുണ്ട്': മൗനം അവസാനിപ്പിച്ച് ബി.സി.സി.ഐ
സർഫറാസ് തങ്ങളുടെ റഡാറിലുണ്ടെന്നും ശരിയായ സമയത്ത് തന്നെ താരത്തിന് അവസരം ലഭിക്കുമെന്നും ശരത് പറഞ്ഞു
മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുണ്ടായിട്ടും സർഫറാസ് ഖാനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. താരം തന്നെ ടീമിലേക്ക് എടുക്കാതിരുന്നതിന്റെ നിരാശ പ്രകടമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി ബിസിസിഐ സെലക്ടർ ശ്രീധരന്‍ ശരത് രംഗത്ത് എത്തിയിരിക്കുന്നു. സർഫറാസ് തങ്ങളുടെ റഡാറിലുണ്ടെന്നും ശരിയായ സമയത്ത് തന്നെ താരത്തിന് അവസരം ലഭിക്കുമെന്നും ശരത് പറഞ്ഞു.
സ്‌പോർട്‌സ് സ്റ്റാറിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ടീം തെരഞ്ഞെടുക്കുമ്പോൾ ഘടന പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഞ്ജിട്രോഫി ക്രിക്കറ്റിൽ മുംബൈക്ക് വേണ്ടി അസാധ്യപ്രകടമാണ് സർഫറാസ് നടത്തുന്നത്. 2021-22 സീസണിൽ രഞ്ജി ട്രോഫിയിലെ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു സർഫറാസ് ഖാൻ. ആറ് മത്സരങ്ങളിൽ നിന്ന് 982 റൺസാണ് താരം അടിച്ചുകൂട്ടിയത്. ആസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫിയിലേക്ക് താരത്തെ തെരഞ്ഞെടുക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.
എന്നാൽ ടി20 ക്രിക്കറ്റിലെ രാജാവായ സൂര്യകുമാർ യാദവിനെയാണ് തെരഞ്ഞെടുത്തിരുന്നത്. മിഡിൽ ഓർഡറിലാണ് സർഫറാസ് കളിക്കുന്നത്. മിഡിൽ ഓർഡറിൽ ഇപ്പോൾ തന്നെ ബാറ്റർമാരുടെ ബഹളമാണ്. ചേതേശ്വര്‍ പുജാരയു കോഹ്ലിയുമൊക്കെ ഫോം വീണ്ടെടുത്തുകഴിഞ്ഞു. അതേസമയം സൂര്യകുമാർ യാദവിനെ ടീമിലേക്ക് പരിഗണിച്ചതും പ്രത്യേക കാരണം കൊണ്ടാണെന്ന് ശരത് പറയുന്നു. എതിരാളികളിൽ നിന്ന് മത്സരം തട്ടിയെടുക്കുന്നതിൽ സൂര്യകുമാർ മിടുക്കനാണെന്നും വേഗത്തിൽ സ്‌കോർ ചെയ്യാൻ കഴിയുന്നത് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റാണെന്നും ശരത് പറയുന്നു.
അതേസമയം ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ നാല് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ഇതിൽ രണ്ട് ടെസ്റ്റിനുള്ള ടീമിനെ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളൂ. ശേഷം വരുന്ന ടീമിലേക്ക് സർഫറാസിനെ പരിഗണിക്കാൻ സാധ്യതയുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കണമെങ്കിൽ ഇന്ത്യക്ക് ഈ പരമ്പര ജയിക്കൽ നിർബന്ധമാണ്.