ചെന്നൈയോ മുംബൈയോ പ്ലേ ഓഫ് കളിക്കാത്ത രണ്ടാമത്തെ മാത്രം സീസൺ; വൻ വീഴ്ചക്ക് സാക്ഷ്യം വഹിച്ച് ഐപിഎൽ
ആരാധക പിന്തുണയിൽ മുന്നിലുള്ള ചെന്നൈ സൂപ്പർ കിങ്‌സിന്റെയും രണ്ടാമതുള്ള മുംബൈ ഇന്ത്യൻസിന്റെയും മോശം പ്രകടനം ഐപിഎല്ലിന്റെ ടിവി-ഒടിടി കാഴ്ചക്കാരുടെ എണ്ണം കുറക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്.
ട്വന്റി-20 ക്രിക്കറ്റിൽ സ്ഥിരം രാജാക്കൻമാർ ആരുമില്ലെന്ന വാദത്തെ ഉറപ്പിക്കുകയാണ് ഇത്തവണത്തെ ഐപിഎൽ. ഐപിഎല്ലിൽ ഏറ്റവും ആരാധക പിന്തുണയുള്ള സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിന്റയും രോഹിത് ശർമ നയിക്കുന്ന സച്ചിന്റെ ടീമെന്ന പേരുള്ള മുംബൈ ഇന്ത്യൻസിന്റെ വീഴ്ചക്ക് സാക്ഷ്യം വഹിച്ച സീസണാണ് ഇപ്പോൾ കടന്നുപോകുന്നത്.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫ് ( ആദ്യ സീസണുകളിലെ സെമി ഫൈനൽ) കളിച്ച ചിമാണ് ചൈന്നൈ സൂപ്പർ കിങ്‌സ്. നാലു കിരീടങ്ങളും ചെന്നൈ സൂപ്പർ കിങ്‌സ് നേടിയിട്ടുണ്ട്. മുംബൈ അഞ്ച് കിരീടങ്ങളും നേടിയിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ ചെന്നൈയുടെ മഞ്ഞക്കൊടി പാറാത്ത മൂന്ന് സീസണുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. രണ്ട് സീസണുകളിൽ ടീമിന് ലഭിച്ച സസ്‌പെൻഷൻ ഒഴിച്ചുനിർത്തിയാൽ ഇതുവരെ കളിച്ച ഒരു സീസണിൽ ഒഴികെ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. 2020 ലാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ ഇതിന് മുമ്പ് പുറത്തായിട്ടുള്ളത്. അത് ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുകയാണ് ഇപ്പോൾ. മുംബൈ ഇന്ത്യൻസ് ഏഴ് തവണയാണ് പ്ലേ ഓഫ് കണ്ടിട്ടുള്ളത്.
ഈ രണ്ട് ടീമും പ്ലേ ഓഫ് കളിക്കാത്ത രണ്ടാമത്തെ മാത്രം സീസണാണിത്. ഇതിന് മുമ്പ് 2016 ലാണ് ഇത് സംഭവിച്ചത്. ആ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് സസ്‌പെൻഷനിലായിരുന്നു. മുംബൈ ഇന്ത്യൻസ് അഞ്ചാം സ്ഥാനത്തുമായിരുന്നു ഫിനിഷ് ചെയ്തത്.
ആരാധക പിന്തുണയിൽ മുന്നിലുള്ള ചെന്നൈ സൂപ്പർ കിങ്‌സിന്റെയും രണ്ടാമതുള്ള മുംബൈ ഇന്ത്യൻസിന്റെയും മോശം പ്രകടനം ഐപിഎല്ലിന്റെ ടിവി-ഒടിടി കാഴ്ചക്കാരുടെ എണ്ണം കുറക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്.
നിലവിൽ ഓരോ മത്സരം ശേഷിക്കവേ എട്ട് പോയിന്റുമായി ചെന്നൈയും ആറ് പോയിന്റുമായി മുംബൈയും യഥാക്രമം ഒമ്പത്, പത്ത് സ്ഥാനങ്ങളിലാണ്. രണ്ട് ടീമുകളും പ്ലേ ഓഫിൽ നിന്ന് പുറത്തായി.
ഈ സീസണിൽ ഐപിഎല്ലിലേക്ക് വന്ന ഹർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് ടേബിളിൽ മുന്നിൽ.