ശ്രേയസിന്റെ വിക്കറ്റ് പിഴുത് മലയാളി പേസർ; രഞ്ജി ട്രോഫിയിലേക്കുള്ള മടക്കം നിരാശയോടെ
തമിഴ്‌നാടിനായി സായ് കിഷോർ ആറു വിക്കറ്റ് വീഴ്ത്തി
മുംബൈ: രഞ്ജി ട്രോഫി സെമി ഫൈനലിൽ തമിഴ്‌നാടിനെതിരെ മുംബൈ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 353-9 എന്ന സ്‌കോറിലാണ്. 207 റൺസ് ലീഡായി. ഒൻപതാമനായി ക്രീസിലെത്തി സെഞ്ചുറി തികച്ച (109) ഓൾറൗണ്ടർ ഷർദുൽ താക്കൂറിന്റെ മികവിലാണ് മുംബൈ കുതിച്ചത്. തമിഴ്‌നാടിൻറെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 146 റൺസിന് മറുപടിയായി ബാറ്റിങിനിറങ്ങിയ മുംബൈയുടെ തുടക്കം മോശമായിരുന്നു. പൃഥ്വി ഷാ(5),ബൂപെൻ ലാൽവാനി(15),മോഹിത് അവാസ്തി(2), ക്യാപ്റ്റൻ അജിൻക്യ രഹാനെ(19) എന്നിവർ വേഗത്തിൽ പുറത്തായി. എന്നാൽ മുഷീർ ഖാൻ (55) റൺസുമായി ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി.
ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരനായ മുഷീർ, കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയും മികവ് പുലർത്തിയിരുന്നു. ലഞ്ചിന് പിരിയുമ്പോൾ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലായിരുന്നു. എന്നാൽ വാലറ്റം ചെറുത്തുനിൽപ്പ് നടത്തിയതോടെ മികച്ച സ്‌കോറിലേക്ക് മുംബൈയെത്തി. രഞ്ജി ട്രോഫി കളിക്കാതിരിക്കാൻ പരിക്ക് അഭിനയിച്ചതിനെ തുടർന്ന് ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് പുറത്തായ ശ്രേയസ് ആറാം നമ്പറിലാണ് ബാറ്റിങിനിറങ്ങിയത്. എട്ട് പന്തിൽ മൂന്ന് റൺസെടുത്ത ശ്രേയസിനെ മലയാളി പേസർ സന്ദീപ് വാര്യർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.തമിഴ്‌നാടിനായി ക്യാപ്റ്റൻ സായ് കിഷോർ ആറു വിക്കറ്റെടുത്തു.
ഇന്നലെ തമിഴ്‌നാട് ഒന്നാം ഇന്നിംഗ്‌സിൽ 146 റൺസിന് ഓൾ ഔട്ടായിരുന്നു. 44 റൺസെടുത്ത വിജയ് ശങ്കറും 43 റൺസെടുത്ത വാഷിങ്ടൺ സുന്ദറും മാത്രമാണ് പൊരുതിയത്. മുംബൈക്കായി തുഷാർ ദേശ്പാണ്ഡെ നാലു വിക്കറ്റെടുത്തു. വിദർഭക്കെതിരായ സെമിയിൽ മധ്യപ്രദേശ് ആദ്യ ഇന്നിങ്‌സ് 252ൽ അവസാനിച്ചു. ഹിമാൻഷു മന്ത്രിയുടെ സെഞ്ചുറി കരുത്തിലാണ് മധ്യപ്രദേശ് രണ്ടാംദിനം ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. നേരത്തെ വിദർഭയുടെ ആദ്യ ഇന്നിങ്‌സ് 170 റൺസിൽ അവസാനിച്ചിരുന്നു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ വിദർഭ 13-1 എന്ന സ്‌കോറിലാണ്. ലീഡ് സ്വന്തമാക്കാൻ ഇനിയും 69 റൺസ്‌കൂടി വേണം.